തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ആ കുഞ്ഞ് വീണ്ടും കരയുന്നു

ആ കുഞ്ഞു വീണ്ടും കരയുന്നു
അമ്മയുടെ അമ്മിഞ്ഞ പാലിനായ്,
ഈണത്തിലുള്ള താരാട്ടുപ്പാട്ടിനായ്‌ ..

ആ കുഞ്ഞു വീണ്ടും കരയുന്നു
കിലുങ്ങുന്ന കളിപ്പാട്ടത്തിനായ്‌ ,
ചെണ്ടകൊട്ടുന്നൊരു കളിക്കുരങ്ങിനായ്‌

ആ കുഞ്ഞു വീണ്ടും കരയുന്നു
നിറമുള്ള കുഞ്ഞുടുപ്പിനായ്‌ ,
ചേലൊത്ത കുഞ്ഞിക്കുടയ്ക്കുവേണ്ടി..

ആ കുഞ്ഞു വീണ്ടും കരയുന്നു
കിട്ടാതെ പോയ മാര്‍ക്കിനുവേണ്ടി
തല്ലിയ ടീച്ചറെ ശപിച്ചുകൊണ്ട് ....

ആ കുഞ്ഞു വീണ്ടും കരയുന്നു
സ്നേഹം തരാതെ പോയ പെണ്‍സുഹൃത്തിനായ്‌
മറുപടിയില്ലാത്ത കത്തിനെ ചൊല്ലി

ആ കുഞ്ഞു വീണ്ടും കരയുന്നു  
ഫലമില്ലാതെ പോയ അപേക്ഷക്കായി ..
ഇനിയും കിട്ടാത്ത ജോലിക്കുവേണ്ടി ..

ആ കുഞ്ഞു വീണ്ടും കരയുന്നു
ജാതകം ചേരാത്ത പെണ്ണിനെ ചൊല്ലി
അഴകാര്‍ന്ന വടിവൊത്ത പെണ്ണിനുവേണ്ടി

ആ കുഞ്ഞു വീണ്ടും കരയുന്നു
പരിഭവം തീരാത്ത ഭാര്യയെ ചൊല്ലി
നെറികെട്ട കുട്ടിയുടെ വികൃതിയെ ചൊല്ലി

ആ കുഞ്ഞു വീണ്ടും കരയുന്നു
ഇനിയും കരയേണ്ട ദിവസത്തെ ചൊല്ലി
ഒഴിഞ്ഞ കീശയുടെ കാര്യമോര്‍ത്ത്
ഇനിയെന്നും പാലിനായ് കരയുന്ന കുഞ്ഞായിരിക്കാന്‍
ആ കുഞ്ഞു വീണ്ടും കരയുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?