ശനിയാഴ്‌ച, ഡിസംബർ 31, 2011


 എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു നല്ല പുതുവര്‍ഷം നേരുന്നു ..

 
പുതിയ ഒരു വര്‍ഷം പിറക്കുന്നു... .....ഹാപ്പി ന്യൂ ഇയര്‍ ...എന്നാ ആശംസയില്‍ ഈ ദിനവും തുടങ്ങുന്നു ......എല്ലാവരെയും പോലെ കഴിഞ്ഞ വര്‍ഷം ഞാനും കുറെ പ്രതിജ്ഞ എടുത്തു ....ഒന്നും നടപ്പിലായില്ല,.കുറെ ആഗ്രഹിച്ചു അതും കിട്ടിയില്ല... ഇത്തവണയും ഞാന്‍ കാത്തിരിക്കുകയാണ് ,എന്‍റെ ആഗ്രഹങ്ങള്‍ക്ക്, ചിറകുമുളയ്ക്കാന്‍...... നിങ്ങളും അതുപോലെ അല്ലേ ?എനിക്കറിയാം! ആഗ്രഹങ്ങളില്ലാത്തതാര്‍ക്കാണ്?....
                     കഴിഞ്ഞ വര്‍ഷത്തില്‍ നമുക്ക് വേണ്ടപെട്ട ചിലര്‍ നമ്മെ വിട്ടു പിരിഞ്ഞു.... .ആ വേദന നമ്മെ വിട്ടു പോകണമെങ്കില്‍ കുറെ കാലം എടുക്കും.... ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത കുറെ കാര്യങ്ങള്‍ നടന്നു... വേദനിപ്പിക്കുന്നപലതും കണ്ടു, കേട്ടു.....ഇനി വയ്യ.. ഞാനീ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പലവട്ടം മനസ്സില്‍ പറഞ്ഞു.... എന്നിട്ടും അടുത്ത പുതുവര്‍ഷത്തിനായ്‌ പിന്നെയും കാത്തു... എന്നെയും കാത്ത്‌ ഒരു നല്ല നാളെ ഉണ്ട് എന്ന പ്രതീക്ഷ.... അതൊന്നു മാത്രമാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ....ഒളിച്ചോടാന്‍ എളുപ്പമാണ് ..പക്ഷെ ജീവിച്ചു കാണിക്കാനാണ് വിഷമം ..."ഞാന്‍ ജീവിക്കുന്നു ,നന്നായിത്തന്നെ !"  എന്ന് പറയിപ്പിക്കണം ..അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോളൂ..... സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല പുതുവര്‍ഷം പ്രതീക്ഷിച്ചുകൊണ്ട്.......

Modern Times - Charlie Chaplin Eating Machine

വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

കറ്റാര്‍വാഴ

കറ്റാര്‍വാഴ
കറ്റാര്‍വാഴയെക്കുറിച്ച് പലര്‍ക്കും ശരിക്ക് അറിയില്ല എന്നതാണ്‌ സത്യം! മുടി വളരാന്‍ കറ്റാര്‍വാഴയോളം നല്ല ഔഷധം വേറെയില്ല....വെളിച്ചെണ്ണയും കറ്റാര്‍വാഴയുടെ നീരും സമം എടുത്ത് കാച്ചി മുടിയില്‍ തേക്കുകയാണെങ്കില്‍ മുടി നന്നായി വളരും..കാന്‍സര്‍ എന്ന മഹാവ്യാധിക്ക് ഏറ്റവും നല്ല ഔഷധമാണ് കറ്റാര്‍വാഴ...കറ്റാര്‍വാഴയുടെ നീരും,തേനും സമമെടുത്ത് കഴിക്കുകയാണെങ്കില്‍ കാന്‍സറിന് ഏറ്റവും ഉത്തമമായ ഔഷധമാണ്  (എന്‍റെ ബന്ധുവിന് ഇത് പ്രയോജന പെട്ടിട്ടുണ്ട്) ഉദരരോഗങ്ങള്‍ക്കും ഇതേ ഔഷധം പ്രയോഗിക്കാവുന്നതാണ്..(.ഉദരപ്പുണ്ണ്    മുതലായവയ്ക്ക്)...പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന് കറ്റാര്‍വാഴയുടെ നീര് പുരട്ടിയാല്‍ നല്ല ആശ്വാസം ഉണ്ടാകും.മുഖസൗന്ദര്യത്തിനും കറ്റാര്‍വാഴ ഉപയോഗിക്കുന്നുണ്ട്.


തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഒരു പിടിച്ചോറ്

അവരെന്നും സ്നേഹിച്ചിരുന്നത് ബലികാക്കകളെയാണ്.മരിച്ചു പോയവരാണ് ബലികാക്കകളാവുന്നത് എന്നാണ് അമ്മ അവരോട് പറഞ്ഞിട്ടുള്ളത്...ഉച്ചക്ക് അമ്മ ചോറ് ചമ്മന്തിയും കൂട്ടി ഉരുട്ടി കൊടുക്കുമ്പോള്‍ ഒരു പിടി അവര്‍ കയ്യില്‍ വാങ്ങും...അവരുടെ കാക്കകള്‍ക്ക് കൊടുക്കാന്‍.അവര്‍ക്കരികില്‍ വരുന്ന ബലിക്കാക്ക അവരുടെ അച്ഛനാണെന്ന് അവര്‍ വിശ്വാസിച്ചു..
                                അവരുടെ കയ്യില്‍ നിന്നും കൊതിയോടെ ബലികാക്കകള്‍ ചോറ് തട്ടിയെടുക്കുമ്പോള്‍ അവരറിയാതെ പറയും
"ശ്ശോ,ഇത്രയ്ക്ക് കൊതിയോ?,ന്‍റെ  കൈ      നൊന്തല്ലോ?"

ഒരിക്കല്‍ മാധവമാമ്മയുടെ മോളുടെ കല്യാണത്തിന് ഒരു പിടിച്ചോറുമായി ഓടി കാക്കയെ വിളിച്ചപ്പോള്‍ അവരൊക്കെ  ചിരിച്ചതു മാത്രം അവര്‍ക്ക് മനസ്സിലായില്ല.
                                   ഒരു ദിവസം കാക്കയെ നോക്കി "ഞങ്ങളുടെ അച്ഛനും ഇതു പോലെയാണോ.."എന്നു ചോദിച്ചപ്പോള്‍അമ്മയുടെ കണ്ണുനിറഞ്ഞു മുഖം ചുവന്നത് അവരറിഞ്ഞിരിക്കില്ല.കൂട്ടുകാരൊക്കെ  അപ്പംചുട്ടും,കണ്ണുപൊത്തിയും കളിക്കുമ്പോള്‍ അവര്‍ കാക്കകളെ വിളിക്കും   ....."വാ അച്ഛാ ,കണ്ണന്‍റേം,അപ്പൂന്‍റേം അപ്പം തിന്നാന്‍ വാ.."ഒരു നിമിഷം വൈകിയാല്‍ കണ്ണന്‍ കരയും..............".അച്ഛന്  കണ്ണനെ ഇഷ്ടമല്ലേ..."എന്നു ചോദിക്കും
                                 മാഷുടെ കയ്യില്‍ നിന്നും അടി വാങ്ങി കരയുമ്പോള്‍ കണ്ണന്‍ ജനലിലൂടെ ഓലയിലിരിക്കുന്ന കാക്കയെ നോക്കി ചോദിക്കും "അച്ഛന്‍റെ മോനെയല്ലേ തല്ലുന്നത്...ഒരു കൊത്തുകൊടുത്താലെന്താ  ?"
                              പിന്നീടവര്‍ ബലികാക്കകള്‍ക്ക് പിന്നില്‍ നടന്നു കളിക്കുന്നത് പതിവാക്കി...ഒടുവില്‍ പുഴയുടെ ഇക്കരയില്‍ നിന്നും മറുകരയിലേക്ക് കാക്കകള്‍ പറക്കുമ്പോള്‍ പുറകേ പോയ അവരറിഞ്ഞിരിക്കില്ല  ബലികാക്കകള്‍ തങ്ങളെ കൂട്ടികൊണ്ടുപോകുന്നത് അച്ഛന്‍റെ ലോകത്തിലേക്കാണെന്ന്................................
  
*****************************************************
2002 ലെ അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു
=============================================================================================                    

വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ഫോറിന്‍ കുടനാലാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനിടയിലാണ്ഞാനവളെ കാണുന്നത് .മുട്ടോളമെത്തുന്ന മഞ്ഞ ഉടുപ്പാണ്‌ അവളിട്ടിരുന്നത് ...അതിന്‍റെ അരികുകളില്‍ വലിയ മഞ്ഞ പൂക്കള്‍ തുന്നിപിടിപ്പിച്ചിരുന്നു .അവളൊരു
 മാലാഖയെ പോലിരുന്നു .കൂട്ടുകാര്‍ക്കിടയില്‍ അവളൊരു വര്‍ണതുമ്പിയെ പോലെ ഓടിനടക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിനിന്നു.അന്ന് ഒരു ബുനാഴ്ചയായിരുന്നു .ആഴ്ചയിലൊരിക്കല് യൂണിഫോമല്ലാതെ മറ്റേതെങ്കിലും ഡ്രസ്സ്‌ഇടാം ..അതിനാല്‍ എല്ലാവരും നല്ല നല്ല ഉടുപ്പുകള്‍ ധരിച്ചിരുന്നു ..എന്‍റെ എല്ലാ ബുധനാഴ്ചയിലേയും വസ്ത്രമായിരുന്ന നീല ഷര്‍ട്ട്‌ ബട്ടന്‍സുകളില്ലാത്തതിനാല്‍പിന്നുകള്‍ കൊണ്ട് ഉറപ്പിച്ചത് അവള്‍ കാണാതിരിക്കാനായ് ഞാന്‍ ഒരു പുസ്തകം കൊണ്ട്


മറച്ചു .ഞാന്‍ എന്തിനാണങ്ങനെ ചെയ്തത് ?അറിയില്ല !അവളുടെ മുന്നില്‍ താന്‍കൊച്ചാവരുത്എന്ന് തോന്നിയിട്ടാവണം...... ..ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ചപ്പോഴാണ്മറ്റൊരു അത്ഭുതം ഞാന്‍കണ്ടത് .അവളുടെ കയ്യില്‍ ഇളം നീല നിറത്തില്‍ ലേസുകള്‍ ഉള്ള ഫോറിന്‍ കുട !


                                             അവളോട്‌ എനിക്ക് അസൂയ തോന്നി ...ദൈവം എല്ലാവര്ക്കും ഓരോരോ ഭാഗ്യങ്ങള്‍ കൊടുക്കും ..ഇവള്‍ക്ക് എല്ലാം കൊടുത്തിരിക്കുന്നു .ഭംഗി ,നല്ല ഉടുപ്പുകള്‍ ,ഫോറിന്‍ കുട ....ഞാന്‍ എന്‍റെ നരച്ച      ശീലക്കുടയിലേക്ക് നോക്കി ,വെറുതെ കൊതിച്ചു ..ഒരിക്കല്‍ തനിക്കും .....ഇല്ല തനിക്ക് ആരു  തരാനാണ് ഫോറിന്‍ കുട ?അവളുമായി ചങ്ങാത്തത്തിലാവണം
 ...ആ കുടയില്‍ ഒരു ദിവസമെങ്കിലും വെയിലും മഴയും  കൊളളാതെ നടക്കണം

 .ഇങ്ങനെ ചിന്തകള്‍ നീളുമ്പോള്‍ അവള്‍ ആ ക്ലാസില്‍ വെച്ച്പുറത്തേക്കിറങ്ങി .ഇത് തന്നെ തക്കം !ഒന്നും ആലോചിച്ചില്ല ..വേഗം ചെന്ന് ആ കുട  എടുത്തു .ഒന്ന്
തൊട്ടാല്‍ മതി !..തൊട്ടുനോക്കി   നല്ല മിനുസം !,            മണത്തുനോക്കി ,നല്ല
   പൌഡറിന്‍റെ വാസന....തൊട്ടുപുറകെ ഒരു കരച്ചില്‍ ...അതെ !അതവള്‍ തന്നെ !
അവള്‍ വലിയ വായില്‍   കരയുന്നു ..ഞാന്‍ ആ കുട അവിടെ വെച്ചു ..കുട്ടികള്‍
ചുറ്റും കൂടി ,ടീച്ചര്‍മാര്‍        വന്നു .....”എന്താ .....എന്താ പറ്റീത്? എന്താ പറ്റീത്

മിനോറി ?” മിനോറി നല്ല പേര്


“ഈ ചെറുക്കന്‍ .....ഈ ചെറുക്കന്‍ “അവള്‍ വീണ്ടും കരഞ്ഞു ഞാന്‍ പേടിച്ചു

 .”ഇവന്‍ നിന്നെ     എന്ത് ചെയ്തു ?


“ഈ ചെറുക്കന്‍ എന്‍റെ കുട കട്ടെടുക്കാന്‍ നോക്കി “


ഉണ്ട കണ്ണുള്ള ലില്ലി ടീച്ചറുടെ ആ നോട്ടത്തില്‍ ഞാന്‍ ഉരുകിപോയി ..


.”മുട്ടയില്‍ നിന്നുവിരിഞ്ഞില്ലല്ലോ ?അതിനുമുമ്പ് മോഷണം തുടങ്ങിയോ ?”പുറകില്‍ ഒളിപ്പിച്ച വലിയ ചൂരല്‍ ടീച്ചര്‍ ആഞ്ഞു വീശി ...തുടയില്‍ ചൂരല്‍ വേദനയോടെ വീഴുമ്പോഴും താന്‍ മോഷ്ടിച്ചതല്ല ...ഒന്ന്തൊ ട്ടു നോക്കുക മാത്രമാണ് ചെയ്തതെന്ന് പറയാന്‍ എന്‍റെ നാവുകള്‍ പൊന്തിയില്ല ..മറ്റു

കുട്ടികളുടെ മുന്നില്‍     കള്ളനായതിന്‍റെ     വിഷമം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു ,അതിനേക്കാള്‍        ചങ്ങാതിയാവാന്‍         കൊതിച്ചു ഒടുവില്‍  ശത്രുവാകേണ്ടിവന്നതിലുള്ള       ദുഃഖമായിരുന്നു എന്നെ       തളര്‍ത്തിയത് .എങ്കിലും അവളോട്‌ എനിക്ക് യാതൊരു ദേഷ്യവും തോന്നിയില്ല ..ആ ദേശത്ത് അങ്ങനെയൊരു കുട അവള്‍ക്കു മാത്രമേ ഉണ്ടായിരുന്നൊള്ളു ...അത് തൊടുന്നത് പോലും     തെറ്റാണ് !മഴയത്തും വെയിലത്തും ആ കുടയും ചൂടി അവള്‍ വരും ..എന്‍റെ തെറ്റിദ്ധരിക്കപ്പെട്ട ‘മോഷണശ്രമം ‘-കാരണം അവള്‍ ആ കുട താഴെ വെക്കാതെയായി ,പുറത്ത് കളിയ്ക്കാന്‍ പോവുമ്പോള്‍ ആ കുടയും പിടിച്ചു അവള്‍ നടക്കും .ആ തെറ്റിദ്ധാരണ മൂലം ഞാനും പുറത്ത്‌
ഇറങ്ങാതെയായി..എങ്കിലും ഒരിക്കലെങ്കിലും ആ കുട ചൂടണമെന്ന മോഹം വളര്‍ന്നു     വലുതായി കൊണ്ടിരുന്നു .അവള്‍ പോകുന്നിടത്തൊക്കെ എന്‍റെ കണ്ണുകളും പറന്നു .  
                                       രണ്ടു ആഴ്ചയ്ക്ക്‌ ശേഷം അവള്‍ വന്നപ്പോള്‍      താഴെ തോട്ടുരുമ്മുന്ന വലിയ നീല ഉടുപ്പ് അവള്‍ ധരിച്ചിരിക്കുന്നു ,അവളുടെ കൂടെ അവളുടെ അച്ഛനും ഉണ്ടായിരുന്നു .ഞാന്‍അമ്പരന്നു !കുട മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞു എന്നെ തല്ലാന്‍വന്നതായിരിക്കുമോ ?..അയാള്‍ എന്തോ ടീച്ചറോട്‌ പറഞ്ഞു തിരിച്ചുപോയി :ഒരുവലിയ പൊതിയും കൊടുത്തു .ടീച്ചര്‍ പറഞ്ഞു


"കുട്ടികളെ ഇന്ന് മിനോറിയുടെ ബര്‍ത്ത് ഡേ ആണ്."


ഓ ഭാഗ്യം !അപ്പോള്‍ മോഷണമല്ല കാര്യം ! ..എല്ലാവരും എഴുന്നേറ്റു നിന്ന് അവള്‍ക്കു ഹാപ്പി ബര്‍ത്ത്ഡേ പാടി ...മിനോറി ഓരോരുത്തര്‍ക്കായ്‌ മിഠായികൊടുത്തു ..അവള്‍ എനിക്കരികിലെത്തി മിഠായ് തന്നു ഞാന്‍ അവളെ അടിമുടിനോക്കി ..അവള്‍ അരികില്‍ വന്നപ്പോള്‍ നല്ല വാസന ,ഫോറിന്‍ കുട മണത്തപ്പോള്‍ കിട്ടിയ പൌഡറിന്‍റെ അതെ വാസന !..ഞാന്‍ അവളോട്‌ പറഞ്ഞു ..”കുട്ടീടെ കുട ഞാന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതല്ല ,തൊട്ടുനോക്കിയതാണ് ,ഞാന്‍ ഇങ്ങനെയൊരു കുട കണ്ടിട്ടില്ല ,അതുകൊണ്ട് ...."


                                                     .അവള്‍ ഒന്നും പറയാതെ മറ്റുള്ളവര്‍ക്ക് മിഠായ് മറ്റുള്ളവര്‍ക്ക് കൊടുത്തു .അവളുടെ ചങ്ങാതിയാവാന്‍ എനിക്ക്കഴിയില്ലേ ?ആ കുടയില്‍ വെയിലുകൊള്ളാതെ നടക്കാന്‍ എനിക്ക് പറ്റില്ലേ ?അവര്‍ തന്ന മിഠായ്‌ ആ പ്രദേശത്തോന്നും കിട്ടാത്ത തരത്തിലുള്ളതായിരുന്നു .അതുകൊണ്ട് തന്നെ അതിന്‍റെ തിളങ്ങുന്ന കടലാസ്ഞാന്‍ എന്‍റെ അലമാരയില്‍ സൂക്ഷിച്ചുവെച്ചു ..പിന്നെ രണ്ട് ദിവസം അവള്‍ വന്നില്ല .പിന്നെയും അവള്‍ വരാതെയായപ്പോള്‍ ആരോടൊക്കയോ അന്വേഷിച്ചു ഞാന്‍ അവളുടെ വീടിന്‍റെഅരികിലെത്തി ..നല്ല തൂവെള്ള നിറമുള്ള ഇരുനിലക്കെട്ടിടം! ...കാറും ചെറിയ സൈക്കിളും മുറ്റത്ത്‌കിടക്കുന്നു ,എന്‍റെ വീട്ടിലെപശു കിടാവിന്റെ അത്രയുമുള്ള ഒരു നായ അവരുടെ വീടിന്‍റെ തെക്കേ വശത്തുള്ളമതിലിനരികില്‍സുഖനിദ്രയില്‍!കൂര്‍ത്ത മുനയുള്ള ഗേറ്റിനരികെ ഞാന്‍ നിന്നു,അഴികള്‍ക്കിടയിലൂടെഒളിഞ്ഞുനോക്കി .ഉറക്കം നടിച്ചു കിടന്ന നായ വലിയ കുരയോട് കൂടി ഓടിവന്നു .ഞാന്‍ പേടിച്ചു രണ്ടടി പുറകോട്ടു വെച്ചു.ഒച്ച കേട്ട് അവളുടെ അച്ഛന്‍ ഇറങ്ങി വന്നു .പുറകെ മിനോറിയും

 ..മിനോറിയുടെ ഒരു കൈ കെട്ടിവച്ചിരിക്കുന്നു .....അവളെ ആ അവസ്ഥയില്‍


കണ്ടപ്പോള്‍      എനിക്ക് വിഷമം തോന്നി .അവളുടെ അച്ഛന്‍ ചോദിച്ചു


“ആരാ അത് ..”


“ഞാന്‍..ഞാന്‍ ....”


മിനോറി പറഞ്ഞു “പപ്പാ ഇത് എന്‍റെ ക്ലാസ്സിലെ കുട്ടിയാ “


“ആഹ ! എന്താ അവിടെ നിന്നത്?ഇങ്ങു കേറി വാ “


എന്‍റെ കണ്ണുകള്‍ അവിടെത്തെ നായയെ നോക്കി ..അത് മനസിലാക്കി അയാള്‍ വിളിച്ചു    “..ബ്രൂട്ടോ ..ഗോ ..ഊം ..” അത് വേഗം ഓടി കൂട്ടില്‍ കയറി .അവരത്

അടച്ചു .നായക്ക് ഇത്ര നല്ലപേരോ ?


“വാ കേറി വാ ..എന്താ പേര് “


ശി ...ശിവന്‍


ങാ നല്ല പേര് ..ആട്ടെ എന്താ വന്നത് ?....മോളെ അമ്മയോട് കുടിക്കാന്‍ എന്തെങ്കിലും എടുക്കാന്‍ പറയ്‌


ഞാന്‍....ഞാന്‍ മിനോറിയെ കാണാന്‍......... ക്ലാസില്‍ വരാതെയായപ്പോള്‍........ അപ്പോഴേക്കും അമ്മയെ വിളിക്കാന്‍ പോയ മിനോറി തിരിച്ചെത്തി


ആഹാ മിനോറിയെ കാണാന്‍ വന്നതാണോ ?നിങ്ങള്‍ നല്ല കൂട്ടുകാരാണോ?


ഞാന്‍ മിണ്ടിയില്ല


അവള്‍ പറഞ്ഞു “അതെ !”


ഞാന്‍ അമ്പരന്നു ..അവള്‍ അത് പറഞ്ഞിരിക്കുന്നു ..


മിനോരിക്ക് എന്താ പറ്റീത് ?


വീണതാ!!!


ഞാന്‍ അവളുടെ കയ്യുകളിലേക്ക് നോക്കി .ഫോറിന്‍ കുട പിടിക്കുന്ന കൈ ! എനിക്ക് സങ്കടം വന്നു .എന്‍റെ കണ്ണുകള്‍ നിറഞ്ഞു .മിനോറി പറഞ്ഞു .”വിഷമിക്കണ്ടാട്ടോ ,എനിക്ക് ഒന്നുമില്ല .ഞാന്‍ നാളെവരും !


ഞാന്‍ തിരിച്ചു നടന്നു .അവള്‍ പുറകെ ഓടിവന്നു .


.”ദാമഴ പെയ്യുന്നുണ്ട് ,നനയണ്ട ഈ കുട പിടിച്ചോ ...”


എനിക്ക് തുള്ളിച്ചാടണമെന്നു തോന്നി .ഒരു നിമിഷം ഒന്ന് ചൂടാന്‍ തോന്നിയ കുട! എങ്കിലും ഞാന്‍   പറഞ്ഞു     “വേണ്ട എന്‍റെ കയ്യില്‍ കുടയുണ്ട് .” ഓ സാരമില്ല ,അത് കീറിയതല്ലേ ,ഇത് പിടിചോളു “താന്‍ സ്വര്‍ഗ്ഗത്തിലാണോയെന്നു ഒരു നിമിഷം    ചിന്തിച്ചു .ആ കുടയും പിടിച്ചു രാജാവിനെ പോലെ തെരുവിലൂടെ നടക്കുമ്പോള്‍ പലരുംനോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു .എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ശിവനെ പൊതിരെ തല്ലി.കുട മോഷ്ടിച്ചു എന്ന
കാരണത്താല്‍ തന്നെ !


“മോനെ എത്ര പട്ടിണി കിടന്നാലും മറ്റൊരാളുടെ സാധനം നമുക്ക് വേണ്ട !”


“ഇല്ല അച്ഛാ ഞാന്‍ കട്ടതല്ല !..മിനോറി തന്നതാണ് ..എന്‍റെ കുട കീറിയതിനാല്‍...മിനോറി തന്നതാണ്..”


അത് വിശ്വസിക്കാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല


“നീ ഇപ്പൊ തന്നെ ഇത് കൊണ്ട് കൊടുക്കണം “


“നാളെ കൊടുക്കാം ..ഞാന്‍ ഇതൊന്നു ശരിക്ക് കണ്ടോട്ടെ ...”


“വേണ്ട ..ഇപ്പോള്‍ തന്നെ കൊടുക്കണം “


അവന്‍ വീട്ടില്‍ നിന്നും വഴിനീളെ നടന്നു കരഞ്ഞു ..ഒന്ന് കണ്ടു കൊതി തീര്‍ന്നില്ല മിനോറിയുടെ കയ്യില്‍ കുട തിരിച്ചേല്‍പ്പിച്ചപ്പോള്‍ അവള്‍ ചോദിച്ചു


“ നാളെ തന്നാല്‍ മതിയായിരുന്നു ..!”


വേണ്ട ഇത് മോഹിച്ചിട്ടു രണ്ടാം തവണയാണ് എനിക്ക് തല്ലു കിട്ടുന്നത് ..അതും മോഷ്ടിച്ച് എന്ന് പറഞ്ഞ്..ഇനി ഇനിക്കിത് വേണ്ട !കിട്ടാത്തത് ആഗ്രഹിക്കരുത് ..എനിക്കിത് വേണ്ട ..”


ഞാന്‍ തിരിച്ചോടി


പിറ്റേന്ന് ശിവാ ....എന്നുള്ള വിളികെട്ടാണ് ശിവന്‍ ഉണര്‍ന്നത്‌ .വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മിനോരിയും അച്ഛനും


“ദാ ഇത് പുതിയ കുടയാണ് ..ഇത് ശിവനുള്ളതാണ്”


“വേണ്ട ഇനിക്കീ പഴയ കുട മതി !”


അവളുടെ അച്ഛന്‍ പറഞ്ഞു


“എന്‍റെ മോള്‍ ഇത് വരെ എന്നോട് ഒന്നുംആവശ്യപ്പെട്ടിട്ടില്ല ..അതിനുള്ള അവസരം ഞാനുണ്ടാക്കിയിട്ടില്ല ,അവള്‍ ചോദി ക്കുന്നതിനുമുമ്പേ ഞാനത് അവള്‍ക്ക് വാങ്ങി കൊടുക്കും .ഇന്നലെ അവളൊരു കാര്യം പറഞ്ഞ് പെട്ടിയിലിരിക്കുന്ന അവളുടെ ഒരു പുതിയ ഫോറിന്‍ കുട അവളുടെ കൂട്ടുകാരന് കൊടുക്കണമെന്ന് അതാണ്‌ ഞാന്‍ തന്നെ നേരി ട്ട് വന്നത് ,മോനിത് വാങ്ങു ..”


അവരത് എന്നെ ഏല്‍പ്പിച്ചു തിരിച്ചുപോയിപിറ്റേന്ന് കുടയും ചൂടി ക്ലാസിലേക്ക് പോകുമ്പോള്‍ താന്‍ പറക്കുകയാണെന്നുതോന്നി ..കുട്ടികള്‍ ചുറ്റും കൂടി ..ഒച്ചവെച്ചപ്പോള്‍ ഞാന്‍ ഒരു രാജാവിനെ പോലെ നടന്നു ..മിനോരിയെ കാണണം ...നന്ദിപറയണം ...ഇന്നലെ ഒന്നും പറയാന്‍ കഴിഞ്ഞില്ല ..ക്ലാസിലെത്തിയപ്പോള്‍ മിനോറിയെ അന്വേഷിച്ചു ..അപ്പോഴാണ് അറിഞ്ഞത് മിനോറി അകലെ ഇംഗ്ലീഷ് മീഡിയം    സ്കൂളിലേക്ക് ചേര്‍ന്ന് ..മനസ്സില്‍ സങ്കടം ഒരു കടലായി ഇളകുന്നു .......ഫോറിന്‍ കുട കെട്ടിപിടിച്ചു കുറെ കരഞ്ഞു ..ഞാന്‍
ഫോറിന്‍ കുടയെയാണോ ,അത് ചൂടി വരുന്ന മിനോറിയെന്ന മാലാഖയെയാണോ സ്നേഹിച്ചത് .....?
വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ഈ മാര്‍ച്ചും ഇങ്ങനെ പോയി
         ഞാനിപ്പോള്‍ നിന്നെക്കുറിച്ചല്ല പറയാന്‍ തുടങ്ങുന്നത്,എന്നെക്കുറിച്ചുമല്ല;നമുക്കിടയിലുള്ള അകലങ്ങളില്‍ സഞ്ചരിച്ചവര്‍-അവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.
    അന്ന് എനിക്കും നിനക്കുമിടയില്‍ ആരുമുണ്ടായിരുന്നില്ല  ..............ചൂടേറിയ നെടുവീര്‍പ്പുകളല്ലാതെ!അന്ന് നമുക്കതൊരു ആശ്വസമായിരുന്നു .പിന്നീട് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ആ നെടുവീര്‍പ്പുകള്‍ കേള്‍ക്കാന്‍ കഴിയാത്തത്ര ദൂരത്തേക്കു ഞാനും നീയും അകന്നുകഴിഞ്ഞിരുന്നു .നമുക്കിടയിലൂടെ നീണ്ട നിഴലുകള്‍ പോയിക്കൊണ്ടിരുന്നു .ആ നിഴലുകള്‍ക്ക് രൂപവും ഭാവവും വെച്ചപ്പോള്‍ അവരെ ഞാനും നീയും സുഹൃത്തുക്കളെന്നു വിളിച്ചു .
                          ഡിസംബര്‍ മാസത്തിലെ തണുത്ത ദിനങ്ങളില്‍ അവര്‍ എപ്പോഴക്കെയോ    സൌഹൃദ സന്ദേശങ്ങള്‍ കൈമാറി .അവയിലൊന്നും നമ്മുടെ (അങ്ങനെ പറയാമോ ആവോ ?)നെടുവീര്‍പ്പുകളുടെ ആത്മാര്‍ത്ഥത പോലുമുണ്ടായിരുന്നില്ല.വിളറിയ കടലാസുകള്‍ക്കും ,കവറുകള്‍ക്കും നടുവില്‍ അര്‍ത്ഥമില്ലാത്ത കുറേ വരികള്‍ ...എനിക്കും ,നിനക്കും അതുള്‍കൊള്ളാന്‍ കഴിയാതവയായിരുന്നു .പിന്നീട് നമ്മുക്കിടയില്‍ ഒരുപാട് അകലം വന്നു .അതില്‍ ഒരുപാട് സുഹൃത്തുക്കള്‍ ,അധ്യാപകര്‍ ......പക്ഷെ ,എന്‍റേതെന്നോ നിന്‍റേതെന്നോ പറയാന്‍ മാത്രം ഉറച്ചതൊന്നുമുണ്ടായിരുന്നില്ല ..മുറിഞ്ഞു മുറിഞ്ഞു നീ പറഞ്ഞ വാക്കുകളില്‍ നിന്ന് നീ എന്നെയും ,ഞാന്‍ നിന്നേയും തിരഞ്ഞു ..എന്നിട്ടും നിനക്കെന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല
                                          വര്‍ഷങ്ങള്‍ കഴിയവേ എനിക്കും നിനക്കുമിടയില്‍ ആരുമില്ലാതെയായി .എന്നിട്ടും എന്‍റെ നെടുവീര്‍പ്പുകളും നിന്‍റെ ആര്‍പ്പു വിളികളും നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല .പഴുത്ത ഇലകള്‍ പറന്നു പറന്നു താഴെയെത്തുന്നത്ര സാവധാനത്തില്‍ നമ്മുടെ ആര്‍പ്പുവിളികളും നെടുവീര്‍പ്പുകളും കുഴഞ്ഞപ്പോള്‍ (തളര്‍ന്നപ്പോള്‍ )നീ എന്നില്‍ നിന്നും എത്രയോ അകലെയായി.................
തലക്കെട്ട് ചേര്‍ക്കുക
                                          മാര്‍ച്ചിന്‍റെഅവസാന ദിനവും കൊഴിയുമ്പോള്‍ നീയെന്നോട് പറഞ്ഞു "എവിടെയോ പോയി മറയുന്ന ഈ നിമിഷമാണ് നീ എന്നെയും ഞാന്‍ നിന്നെയുംകുറിച്ചോര്‍ത്തു ദുഃഖിക്കുന്നതെന്നു ..."എന്നിട്ടും നീ എന്‍റേയും ഞാന്‍ നിേന്‍റയും മുഖം തേടിയലയുകയാണ് ...എത്ര തുടച്ചിട്ടും തെളിയാത്ത ചിത്രം പോലെ നമ്മുടെ ആത്മാര്‍ത്ഥ സ്നേഹം മങ്ങുമോ ?ഇപ്പോള്‍ നീ തിരിച്ചു നടക്കുകയാണ് ഞാനും...!
                                                  -----------------------------------------------------------
ഒരു ചെറിയ കാര്യം കൂടി ...
2003  ഏപ്രില്‍ 23 ഇല്‍ ഇത് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു

ബുധനാഴ്‌ച, ഡിസംബർ 21, 2011

പിറവി
തണുത്ത കാറ്റേറ്റ് കായല്‍ കരയിലിരിക്കുമ്പോള്‍ മൈഥിലി ഓര്‍ത്തു ,തനിക്ക്സ്വന്തമെന്നു പറയാന്‍ ഇന്ന് എന്തൊക്കെയ്യോ ഉണ്ട്...അതെല്ലാം ഈ
 കായല്‍ക്കര തനിക്ക് തന്നതല്ലേ?

                                 അന്ന് താന്‍
 ചെറുതായിരുന്നു ഒമ്പതോ പത്തോ
 വയസ്സ് പ്രായം .ഈ കായല്‍
 കരയിലെ കാറ്റിനോട് കുശലം
 പറഞ്ഞിരിക്കുമ്പോള്‍ കിട്ടിയ ഒരു
 സുകൃതം ! അപ്പോള്‍ താനിവിടെ
 വരുമ്പോള്‍ കയ്യില്‍ ഒരുപാടു കടലാസുകളുണ്ടാവും ...അതിലൊക്കെ എന്തൊക്കെയോ
 കുത്തിക്കുറിക്കും ,ആരെയും കാണിക്കാതെ സൂക്ഷിച്ചിരുന്ന അതെല്ലാം
 അമ്മുട്ടമ്മയാണ് കണ്ടുപിടിച്ചത് .”ഇതെന്തോക്ക്യാ കൊച്ചെ ?പാടം പൂത്തു
 വിളഞ്ഞെന്നോ ?,അമ്മ വരാറില്ലെന്നോ?..എന്തായാലും വായിക്കാന്‍ നല്ല
 സുഖമുണ്ട് ...”പിന്നെ എന്നോടൊന്നും ചോദിക്കാതെ അതെല്ലാം ചെറിയച്ഛനെ
 കാണിച്ചു .”മൈഥിലീ......”അതെ ! ചെറിയച്ഛന്‍റെ സ്വരം തന്നെ !അന്ന്
 ഞെട്ടിയതാണോ കരഞ്ഞതാണോ എന്ന് ഓര്‍മയില്ല . മുട്ടുകള്‍ കൂട്ടിയിടിച്ചത്
 ഇപ്പോഴും ഓര്‍ക്കുന്നു .ചെറിയച്ഛനെ അത്രയ്ക്ക് പേടിയായിരുന്നു .മുഖത്ത്
 നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ നിന്നപ്പോള്‍ ,താടിക്കുപിടിച്ചു
 മുഖമുയര്‍ത്തി ,എന്നെ ഇറുകെ കെട്ടിപിടിച്ചു ..”എനിക്ക് ജനിക്കാതെ
 പോയല്ലോ നീയ്യ്‌ ...”അപ്പോഴാണ്‌ ചെറിയച്ഛനെ ഞാന്‍ നോക്കിയത് .ആ
 കണ്ണുകളില്‍ കണ്ണുനീര്‍ വന്നു തിളങ്ങുന്നു.ഞാന്‍ ശരിക്കും
 കരഞ്ഞതപ്പോഴാണ്.”മോള് പൊയ്ക്കോ ...ഇത് എന്‍റെ  കയ്യിലിരിക്കട്ടെ
 !ആവശ്യമുണ്ടാവും “.പിന്നെ തിരിഞ്ഞു നോക്കാതെ ഞാന്‍
 നടന്നു.ചെറിയച്ഛന്‍റെ  ആ വാക്കുകളേക്കാള്‍ വേറെന്ത്  അംഗീകാരമാണ്
 തനിക്ക് ലഭിക്കാനുള്ളത് ?
                              അന്നൊരു ഞായറാഴ്ചയായിരുന്നു .തൊടിയിലെ
 ചവറുകളെല്ലാം അടിച്ചുവാരുമ്പോള്‍ അമ്മുട്ടിയമ്മ വിളിച്ചു “കുട്ടിമാളൂ ....
. ,ഇവിടെ വരോ ഒരൂട്ടം കാണിക്കാന”
ആ മുഖത്തെ സന്തോഷം കണ്ടപ്പോലറിയാമായിരുന്നു എന്തോ നല്ല കാര്യം
 നടന്നിട്ടുണ്ട് !കയ്യും കാലും കഴുകി ഉമ്മറപ്പടിയിലേക്ക് കയറുമ്പോഴേ
 കണ്ടു ..എല്ലാവരും പത്രത്തില്‍ എന്തോ സൂക്ഷിച്ചു നോക്കുന്നു .അവര്‍ അത്
 എന്നെ കാണിച്ചു പിറവി എന്നാ തലക്കെട്ടില്‍ ഒരു കവിത .ആ വരികളിലൂടെ
 കണ്ണോടിച്ചു അതെ ഇത് എന്‍റെ  കവിത തന്നെ !പേര് നോക്കി അടിയില്‍ തന്‍റെ
പേര് ....മൈഥിലി ശങ്കര്‍ ,തൈക്കാട്ടുകര മഠം !ഇതെങ്ങനെ സംഭവിച്ചു ?
ചെറിയച്ഛന്‍ പറഞ്ഞു “സന്തോഷയോ എന്‍റെ കുട്ടിക്ക് ഈ ചെറിയച്ഛന് ഇതേ
 കഴിഞ്ഞുള്ളൂ...”എനിക്ക് തുള്ളിചാടണമെന്നോ ചെറിയച്ഛനെ കെട്ടിപിടിച്ചു

 ഉറക്കെ കരയണ മെന്നോ എന്തൊക്കെയോ തോന്നി .അടുക്കളയുടെ വാതില്‍
 ചാരി നിന്ന് അമ്മ കരയുകയായിരുന്നു .അമ്മയുടെ അടുത്ത് ചെന്നപ്പോള്‍
 മുഖം തഴുകി നെറുകയില്‍ മുത്തം നല്‍കിയിട്ട്  പറഞ്ഞു “എല്ലാം കാവിലെ
 ഭഗവതിയുടെ അനുഗ്രഹം ...മാളൂന്‍റച്ഛനേപ്പോലെ വല്യ
 ആളാവണം ....”
ഇടയ്ക്ക് എന്തോ ആലോചിചെന്നപോലെ പറഞ്ഞു
 “വേണ്ട, അത്രയ്ക്കൊന്നും
 വേണ്ട ...അപ്പൊ നീയും നിന്‍റെ അച്ഛനെ പോലെ എന്നെ
 വിട്ടേച്ചു പോവും !” 
 എപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കണമെന്നു വിചാരിക്കും ...പക്ഷെ
അമ്മയോട് ചോദിച്ചാല്‍ കരയുകയേ  ഉള്ളു ,ചെറിയച്ഛനോട് ചോദിക്കാന്‍
 ധൈര്യമില്ല,അമ്മുട്ടിയമ്മയോട് ചോദിച്ചാല്‍ “ന്‍റെ മോളെ ന്തിനാ വല്യ 
 കഥയൊക്കെ അറിയുന്നതു മോള്‍ക്ക്‌ അമ്മുട്ടിയമ്മ പൂതനയുടെയോ
 രാജാവിന്‍റെയോ കഥ പറഞ്ഞു തരാം “എന്ന് പറഞ്ഞു കൈ ഒഴിയും
 പിന്നീടൊന്നും ആരോടും ചോദിക്കാറില്ല .എപ്പോഴൊക്കെയോ
 മാസികകളിലും വാരികകളിലും തന്‍റെ  കവിതകള്‍ അച്ചടിച്ചുവരാന്‍
 തുടങ്ങി ...ഇടയ്ക്ക് ചില മാസികക്കാര്‍ പണമയാക്കാനും തുടങ്ങി..അത്
 ചെറിയച്ഛനെ ഏല്‍പ്പിക്കുമ്പോള്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറയും .അമ്മ
 അത് പരമുനായര്‍ക്കു കൊടുത്തു ബുക്കില്‍ കുറിച്ച് വയ്ക്കും .
                                      എനിക്ക് ഇരുപത്തൊന്നു വയസ്സായി ...കൊല്ലം തോറും
 നടക്കാറുള്ള ഞങ്ങളുടെ കാവിലെ
 ഉല്‍സവത്തിന് ഒരു
 ചടങ്ങുണ്ട് .ഇരുപതു
 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍
 നെയ്യ്‌ വിളക്ക് കത്തിച്ചു ദേവിയുടെ നടയില്‍
 തൊഴുതു വലം  വയ്ക്കും ,നല്ല
 കല്യാണം വരാനാത്രേ അത് !ഉത്സവം
 കഴിഞ്ഞു
 പിന്നത്തെ ആഴ്ച ഒരു കൂട്ടരു
 വന്നിരുന്നു .ഒരു മദ്ധ്യ വയസ്കയും 
 അവരുടെ
 മകനാണെന്ന് തോന്നുന്നു ഒരു പൊക്കമുള്ള ചെറു പ്പകാരനും !

അവരാരെന്നോ എന്തിനാണ് വന്നതെന്നോ എനിക്കറിയില്ലായിരുന്നു .അവര്‍
അയാളുടെ സ്വഭാവത്തെ കുറിച്ചും,അവരുടെ ഇല്ലത്തെ കുറിച്ചും
 പറഞ്ഞുകൊണ്ടേയിരുന്നു .....ഒരു വീട്ടില്‍ കയറിവന്നു
 അനാവശ്യമായിട്ടിങ്ങനെ പൊങ്ങച്ചം പറയുന്നതെന്തിനാനെന്നു ഞാന്‍
 ആലോചിക്കാതിരുന്നില്ല.
അമ്മുട്ടിയമ്മ അടുക്കളയില്‍ ഭയങ്കര തിരക്കിലായിരുന്നു .ഇതുവരെ
 തുറക്കാതിരുന്ന മച്ചിലെ മുരുക്ക് പെട്ടിയില്‍ നിന്ന് കുറെ നല്ല
 പാത്രങ്ങളും ,ഗ്ലാസുകളും ഒക്കെയെടുത്ത് .ആ പാത്രത്തില്‍ തൊടിയില്‍
 കായ്ച്ച എത്തവാഴപ്പഴവും ,അമ്മയുണ്ടാക്കിയ ചക്കയടയും ,അവല്‍ 
  വിളയിച്ചതും വെച്ചു  .ചക്കയടയുടെ വാടിയ വാഴയില അതില്‍ നിന്നെടുത്ത്
 മാറ്റി. .മാറ്റിയ വാഴയില എടുത്തു വാസനിച്ചു നോക്കി ...ഓ എന്തൊരു
 മണം !മൂക്കിലേക്ക് തുളച്ചു കയറിയ മണം എന്നെ വല്ലതെയാക്കി .ഒരെണ്ണം
 അമ്മുട്ടിയംമയ്ട് ചോദിച്ചാലോ? വേണ്ട ! അവര്‍ പോയി കഴിഞ്ഞാല്‍
 തിന്നാമല്ലോ ?
ആ സാധനങ്ങളോക്കെ ഞാനാണ് കൊണ്ട് വയ്ക്കാന്‍
 പോകുന്നതെന്നറിഞ്ഞപ്പോള്‍ ഉള്ളാലെ ചിരിച്ചു .അവരെനിക്ക് ഇത്തിരി
 തരാതിരിക്കില്ല ....കാലാകാലങ്ങളായുള്ള ചടങ്ങാണത് ...വീട്ടിലെ ചെറിയ
 കുട്ടികള്‍ക്ക് വിരുന്നുകാര്‍ അവരുടെ പങ്കില്‍ നിന്നും ഒരു നുള്ള് മധുരം
 കൊടുക്കുകയെന്നുള്ളത് .താന്‍ അത്ര ചെറുതല്ല , എങ്കിലും പ്രതീക്ഷയ്ക്ക്
 വകയുണ്ട് .
എന്തുകൊണ്ടായാലും  ഇതൊരു സുഖമുള്ള ഏര്‍പാട് തന്നെ ആണ് !
  മറ്റുള്ളവരുടെ വീട്ടില്‍ വിരുന്നു പോകുക ,അവരോടു കുറെ പൊങ്ങച്ചം
 പറയുക ,എന്നിട്ട് അവര് തരുന്ന നല്ല നല്ല പലഹാരങ്ങള്‍ തിന്നുക ...ഓ
 ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു .ആ മദ്ധ്യ വയസ്ക എന്‍റെ
 കൈ പിടിച്ചു എന്നെ ചേര്‍ത്ത് നിര്‍ത്തി എന്നിട്ട് ചോദിച്ചു “മൈഥിലീന്ന പേര്
 ല്യേ...,കവിതയൊക്കെ എഴുത്തും അല്ലെ ?”....ഞാന്‍ ശരിക്കും അമ്പരന്നു
!മാത്രമല്ല സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ചെയ്തു.തന്‍റെ
 കവിതയൊക്കെ വായിച്ചു അഭിനന്ദിക്കാന്‍ എത്തിയവരാണെന്നു
 തെറ്റിദ്ധരിച്ചു .അവര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാതിലില്‍ ചാരിനിന്നു
 ഞാന്‍ ചിരിച്ചു .അവര്‍ പോയി കഴിഞ്ഞാല്‍ ചക്കയട കഴിക്കുന്ന
 കാര്യമായിരുന്നു എന്‍റെ മനസ്സില്‍ .പിന്നീടാണറിഞ്ഞത് അവര്‍ പെണ്ണ്
 കാണാന്‍ വന്നതാണെന്ന്
                          +++++++++++++++++++++ +++++   +++++++++++++++++
                                                           പുതിയ അന്തരീക്ഷവും പട്ടണവും എന്നെ
 മടുപ്പിചെങ്കിലും വീട്ടുകാര്‍ സ്നേഹമുള്ളവരണെന്ന  ഒറ്റ  കാരണം 
 കൊണ്ടാണ്   ഞാനിന്നിവിടെ ജീവിച്ചിരിക്കുന്നത് . നന്ത്യാര്‍വട്ടവും
   കായലുമില്ലാത്ത  സ്ഥലം , നാലുകെട്ടും തുളസിത്തറയുമില്ലാത്ത
 വീട് ...ഇതൊക്കെ ഞാനെങ്ങനെയാ സഹിക്കുന്നത് ?  ഇവിടെ കരിപിടിച്ച 
 അടുക്കള യില്ല!,കല്ലുകള്‍ കൂട്ടിവെച്ച അടുപ്പുമില്ല...പകരം കിച്ചനും
 ഗ്യാസുമാണ ത്രേ ..ഇനിക്കതിന്‍റെ  അടുത്ത്തുപോനത്തെ
 പെട്യാണ്..തിളക്കമുള്ള പ്രതലവും കരിപിടിക്കാത്ത തീയുമുണ്ടതിന് ...വീട്ടില്‍
 തിരിച്ചു പോയാലോ ?  എന്ന് ആലോചിക്കാതിരുന്നില്ല .ചേട്ടന്‍റെ
 അഭിപ്രായത്തില്‍ നല്ല കവിതകള്‍ മുളക്കാന്‍ പറ്റിയ
 അന്തരീക്ഷമാണിവിടെയെന്നു ..എന്റെ ആദ്യത്തെ കവിത അച്ചടിച്ച്‌ വന്നത്
 ചേട്ടന്‍റെ പത്രത്തിലായിരുന്നു .അപ്പോള്‍ എന്‍റെ  കവിതയെ പറ്റി ഒരല്‍പം
 ധാരണയൊക്കെ കിട്ടിയുട്ടുണ്ടാവും .ഈ നെടുനീളന്‍ ഫ്ലാറ്റുകള്‍ക്കിടയില്‍
 എന്‍റെ  കവിതകള്‍ വീര്‍പ്പുമുട്ടി ചത്തുപോകും,പിന്നെങ്ങനെയാ അത്
 വലുതാവുക?അതെല്ലാം  നാട്ടിന്‍ പുറത്താണ്  വലുതാവുക............... എന്ന്
 പറഞ്ഞപ്പോള്‍ ചേട്ടന്‍ ചോദിക്കുകായ “പണം വളരുന്നതും കൊഴുക്കുന്നതും
 പട്ടണത്തിലല്ലേ അതിലും വലുതല്ലല്ലോ കവിതയെന്ന് ?”
ഒരിക്കല്‍  ഫ്ലാറ്റിലെ കണ്ണാടിക്കൂട്ടിനുള്ളിലിരുന്നു
 പുറത്തെ കാഴ്ചകള്‍ കാണുമ്പോള്‍ അടുത്ത മുറിയില്‍
 നിന്ന് ഒരു കുട്ടിയുടെ കരച്ചിലും,അതിനെ ഉറക്കാനായ്‌
 അമ്മയുടെ താരാട്ടും കേട്ടപ്പോള്‍.. .ഞാനെന്‍റെ അമ്മയെ
 ഓര്‍ത്തു..... നാടിനെ ഓര്‍ത്തു .ആ താരാട്ടിനൊരു
 താളമുണ്ട് ,എന്‍റെ  ഗ്രാമത്തിലെ കായലിലെ ഓളങ്ങളുടെ
 താളം ,കാറ്റില്‍ താളം പിടിച്ചു അരയാലിലകള്‍
 ചാഞ്ചാടുന്ന താളം, എന്‍റെ  തൊടിയിലെ ഞാവല്‍പ്പഴം
 തിന്നു തിമിര്‍ക്കുന്ന കുരു വി ക്കൂട്ടങ്ങളുടെ കൊക്കുകള്‍ 
 കൂട്ടിമുട്ടുന്ന താളം .കുറച്ചു കടലാസുകലെടുത്തു
 എഴുതിത്തുടങ്ങി ..കടാലാസുനിറയെ ഞാനെന്‍റെ
 കായലും ഗ്രാമവും വര്‍ണിച്ചു .നിറങ്ങള്‍ മാത്രമുള്ള എന്‍റെ  ഗ്രാമത്തില്‍
 ഞാനോറ്റയ്ക്ക് നടക്കുന്നതുംന്കളിക്കുന്നതും എന്തൊക്കെയോ ഞാനെഴുതി
 അതെല്ലാം ചേട്ടനെ എല്‍പ്പിച്ചു ‘ഗ്രാമഭംഗി ‘എന്ന തലകെട്ടില്‍ വന്ന ആ 
കവിത എന്‍റെ ജീവിതത്തെ പാടെ തിരുത്തി .....ആ കവിതയാണ്  എനിക്ക് ഇത്രഅഗീകാരം തന്നത്. അ പ്പോള്‍ ഞാന്‍ പറഞ്ഞത് ശ രിയല്ലേ ? എന്‍റെ   ഗ്രാമമല്ലേ  എന്‍റെ കവിതയെ വലുതാക്കിയത് ? ഇപ്പോള്‍ ചേട്ടന്‍
ചിരിക്കുകയാണ്  ആത്മാവില്‍ നിന്നുറിവരുന്ന  ചിരി. മനസ്സില്‍ തട്ടിയ
 ചിരി.....

                                       ----------------------------------------------------


ഒരു ചെറിയ കാര്യം: 2003 ഏപ്രില്‍ ഈകഥആകാശവാണിയില്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു..ഒരു തുക പ്രതിഫലവും കിട്ടി....എന്‍റെ കഥയ്ക്കുള്ള ആദ്യ അംഗീകാരം......


തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ഒരു തീവണ്ടിയാത്രയില്‍

തീവണ്ടി സ്റ്റേഷന്‍ വിട്ടു
പ്രണയം ,ജീവിതം പിന്നെയെന്ത്?
അവന്‍ ഇന്ദുവിനോട് ചോദിച്ചു
തീവണ്ടി അപ്പോഴും പാഞ്ഞുകൊണ്ടിരുന്നു
ഇന്ദുവിനത് വ്യക്തമായിരുന്നു ;പാളം പോലെ!
നിശ്ചയിച്ചുകഴിഞ്ഞു!
എന്താണ് നിശ്ചയിച്ചത്‌?
പ്രണയമോ ജീവിതമോ ?
രണ്ടും
അപ്പോള്‍ ഞാന്‍ ?
നീ വെറും സഹപ്രവര്‍ത്തകന്‍ മാത്രം !
എന്‍റെ പ്രണയം നീ കണ്ടില്ലേ ?
ഞാന്‍ കണ്ടു ഒരേയൊരു പ്രണയം
അതു ഞാന്‍ നിശ്ചയിച്ച്‌ കഴിഞ്ഞു
ഇനിയെന്ത്‌ ?
നിനക്കെന്നോട് പ്രണയമില്ലേ?
ഇന്ദുവിന്‍റെ കയ്യില്‍ ഒരു നാരങ്ങ ബാക്കി
ഇതാര്‍ക്കാണ് ഇന്ദു ?
ഇതെനിക്ക് അച്ഛന്‍ സമ്മാനിച്ചതാണ് ..
എന്‍റെ പ്രണയത്തിന്‍റെ ഓര്‍മയ്ക്കായി
നീയെനിക്കത് തരുമോ ?
നിന്നോടെനിക്ക് പ്രണയമില്ല!
അടിവരയിട്ടവള്‍  പറഞ്ഞു
ഇനിയെന്ത്‌ ?
സ്റ്റേഷനുകള്‍ പലതും കഴിഞ്ഞു
തീവണ്ടി കരഞ്ഞു കൊണ്ട് പാഞ്ഞു ...
സുഭാഷിന്‍റെ മനസ്സും
ഇവളിനി ജീവിക്കണ്ട !
എന്‍റെ പ്രണയം നിരസിച്ചു ..
ഇവളിനി ജീവിക്കണ്ട...
ഇന്ദു നീ പുഴയും ആകാശവും
മുട്ടിനില്‍ക്കുന്നത് കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കില്‍ ?
നിനക്കതു ഞാന്‍ കാണിച്ചുതരാം
പ്രണയത്തിന്‍റെ കല്‍ക്കരി ദഹിച്ചു
വിഷപ്പുക തുപ്പുമ്പോള്‍
സുഭാഷ്‌ ഇന്ദുവിനത് കാണിച്ചു കൊടുത്തു
സുഭാഷ്‌ ആകാശം കണ്ടു
ഇന്ദു പുഴമാത്രം കണ്ടു ...

സ്വാതന്ത്ര്യദിനം

അര്‍ദ്ധരാത്രിയില്‍ നേടി
അര്‍ദ്ധരാത്രിയില്‍ അവസാനിക്കുന്നയാഘോഷം
ആശംസയില്‍ തുടങ്ങുന്ന
ഒരു സ്വാതന്ത്ര്യദിനം കൂടി ....
പതാക ഉയര്‍ത്തല്‍ ,
മധുരവിതരണം ,
ദേശഭക്തിഗാനം ....
പുഷ്പാര്‍ച്ചനയില്‍ ഒതുങ്ങുന്നു
നേടിത്തന്നവരുടെ സ്മൃതികള്‍ ...
ഗുരു പറഞ്ഞു “ഇതാണ് ഗാന്ധി ,
അര്‍ദ്ധനഗ്നനായ ഫക്കീര്‍”
അച്ഛനും പറഞ്ഞു “ഇതാണ് ഗാന്ധി ,
ഇതാണ് പതാക ,ഇന്ന് സ്വാതന്ത്ര്യദിനം !”
“എവിടെയാണച്ഛാ ഈ സ്വാതന്ത്ര്യം
എനിക്കിന്നു തന്നെ അത് കാണണം “
ദേശഭക്തിഗാനം ഉച്ചഭാഷിനിയില്‍ ...
അച്ഛനൊരു പൗരനായ്‌ നിന്നനില്‍പ്പില്‍ !

കുറച്ച് പാട്ട് കേട്ടാലോ ?