ചൊവ്വാഴ്ച, ജനുവരി 10, 2012

കൊച്ചുവള്ളം( കഥ)

                    ഉണ്ണിക്കുട്ടനെന്ന ആ പത്തുവയസ്സുകാരനെ കൊച്ചുണ്ണിയെന്നാണ് എല്ലാവരും വിളിച്ചിരുന്നത്‌ .അവന്‍റെ അമ്മയാണ് അങ്ങനെയാദ്യം വിളിച്ചതെന്ന് ഒരിക്കല്‍ ആരോ അവനോട് പറഞ്ഞിട്ടുണ്ട്.ചില കൂട്ടുകാര്‍ ഇടയ്ക്കിടെ അവനെ കളിയാക്കും.....”നിന്‍റെ പേര് ഒരു കള്ളന്‍റെ പേരാണ് –കായംകുളം കൊച്ചുണ്ണി – “ അവന്‍ പറയും സാരമില്ല എന്‍റെ അമ്മയല്ലേ അങ്ങനെയാദ്യം വിളിച്ചത്, അമ്മ എന്ത് വിളിച്ചാലും എനിക്ക് സന്തോഷമാണ്”
                        ‘കൊച്ചുണ്ണി......കഞ്ഞി ചൂടാറും ,വേഗം വന്നു കഴിക്കു ,മാങ്ങാ ചമ്മന്തിയുണ്ട് ...”
കൊച്ചുണ്ണി ഓടിയെത്തി “അമ്മേ” അവനറിയാതെ കരഞ്ഞുപോയി ,കട്ടിലില്‍ നിന്ന് വീണതാണ്
              “ദൈവമേ എത്ര നല്ല സ്വപ്നം !”
അതെ അതൊരു സ്വപ്നം മാത്രമാണ് ;കൊച്ചുണ്ണിയെന്ന സ്നേഹത്തില്‍ ചാലിച്ച വിളിയും ,ചൂടുള്ള  കഞ്ഞിയും ‘
              ഓ നേരം വെളുത്തിരിക്കുന്നു.....കൊച്ചുണ്ണി വേവലാതിപ്പെട്ടു .ഇന്നലെ രാത്രി ഒന്നും കഴിക്കാഞ്ഞിട്ടാവണം  ഉറക്കത്തില്‍ നിന്നെഴുന്നേറ്റപ്പോള്‍ ഒരു വല്ലായ്മ
              “കടവില്‍ ആരങ്കിലും തന്‍റെ വള്ളത്തിനായ്‌ കാത്തു നില്‍ക്കണേ ..”ആ കൊച്ചു വള്ളക്കാരന്‍ പ്രാര്‍ത്ഥിച്ചു.അകത്തുനിന്നു അമ്മയുടെ പൊട്ടിച്ചിരി ..പിന്നെയൊരു കരച്ചില്‍ ..അവനൊരു ദീര്‍ഘനിശ്വാസമിട്ടു “.ഭ്രാന്തിയുടെ മകന്‍  ! “ കൊച്ചുണ്ണി ധൃതിയില്‍നടന്നു .കടവില്‍ ഒരാളല്ല ...മൂന്നു പേര്‍ !ഇന്നത്തെ കണി മോശമല്ല! അവന്‍ ദൈവത്തിനു നന്ദി പറഞ്ഞു
              “കൊച്ചുണ്ണി നീയെന്താ വൈകീയത്‌ ? “കൂട്ടത്തിലെ വയസായ സ്ത്രീ സുലോചന ചോദിച്ചു. കവിളൊട്ടി പല്ലുന്തിയ മുഖത്ത് യാതൊരു ഭാവ വിത്യാസമില്ലാതെ അവന്‍ വള്ളത്തില്‍ കയറി വല്ലമൂന്നി
             .അവന്‍റെ മനസ്സിലെന്തായിരിക്കും?.
സുലോചന വീണ്ടും ചോദിച്ചു “നീ വല്ലതും കഴിച്ചോ ?”അതിനവന്‍ മറുപടി പറഞ്ഞു
              “ഉം “
              “ എന്താ കഴിച്ചത് ?”
              “ചൂടുള്ള  കഞ്ഞിയും ,മാങ്ങാച്ചമ്മന്തിയും !”
                കുഴിഞ്ഞ കണ്ണുകളില്‍ വെള്ളം നിറഞ്ഞു ..അവന്‍ ചിരിക്കാന്‍ ശ്രമിച്ചു .ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്തിന്‍റെ ലക്ഷണങ്ങള്‍ അവന്‍റെ മുഖത്ത്‌ തെളിഞ്ഞു കിടക്കുന്നു ...ചുണ്ടിന്‍റെ കോണില്‍ തുപ്പലിന്‍റെ ഉണങ്ങിയ ചാല്‍ ..കണ്ണില്‍ ഉറക്കം വിട്ടുമാറാത്ത ക്ഷീണം ,അവന്‍ വള്ളം ശക്തിയായി ഊന്നി. വെള്ളവും തനിക്കെതിരെയോ ?കാറ്റത്ത് ബട്ടന്‍സില്ലത്ത അവന്‍റെ ഷര്‍ട്ട്‌ പൊങ്ങിത്താന്നു .എല്ലുന്തിയ ശരീരം മറച്ചുപിടിക്കാന്‍ അവന്‍ ശ്രമിച്ചു .സുലോചന അവന്‍റെ ഒട്ടിയ വയര്‍ നോക്കി പെട്ടന്ന്‍ കണ്ണ് പിന്‍വലിച്ചു.......കരയില്‍ അവന്‍റെ കൂട്ടുകാര്‍ മണ്ണില്‍ തലകുത്തി മറിയുകയും മരത്തിന്‍റെ കൊമ്പില്‍ ഊഞ്ഞാലുകെട്ടുകയും ,മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്യുന്നത് അവര്‍ കണ്ടു.....ദൈവമേ അവര്‍ക്കൊപ്പം കളിക്കേണ്ട ചെറുക്കന്‍...അവനു ആഹാരത്തിനുള്ള വക കൊടുക്കണേ.....എല്ലാവരുടെയും പ്രാര്‍ത്ഥനയാണതു.....
                  വള്ളം കടവിലടുത്തപ്പോള്‍ അവര്‍ പതിനഞ്ചു  രൂപ കൊടുത്തു .അവനത് കണ്ണില്‍ തൊട്ടു ...’കൈനീട്ടമാണേ !’അവന്‍ പറഞ്ഞു ..സുലോചന നോക്കി നിന്നു അവനെയത് ആരും പഠിപ്പിച്ചതല്ല...അല്ലെങ്കില്‍ തന്നെ ഈ മണ്ണിലെ ജീവജാലങ്ങളെല്ലാം നീന്തുന്നതും പറക്കുന്നതും ആരെങ്കിലും പഠിപ്പിച്ചിട്ടാണോ?എല്ലാം സൃഷ്ടികര്‍ത്താവിന്റെ കേളി തന്നെ !അവന്‍ ദിവസം മുപ്പതു രൂപയോളം സമ്പാദിക്കും .അവനും അച്ഛനും അമ്മയും ജീവിക്കാന്‍ അതുമതിയോ ?മതിയായിരിക്കും .....
                 ആ കടവില്‍ അവന്‍ കുറെ നേരം കാത്തു കിടന്നു . ഉച്ചയോടടുത്തപ്പോള്‍ ആളെത്തി .അവന്‍റെ മനസ്സ് നിറയെ അമ്മയായിരുന്നു .അമ്മ ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും ?ഒന്നുകില്‍ ചിരിക്കുകയായിരിക്കും ,അല്ലെങ്കില്‍ കരയുകയായിരിക്കും ...അതുമല്ലെങ്കില്‍................... ?അച്ഛനെ കുറിച്ച് അവനു നല്ല ബോധ്യമുണ്ട് ഏതെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ഇരുന്നു കള്ളുകുടിക്കുകയായിരിക്കും,കള്ളുകുടിച്ചു ബോധം നശിച്ചു ,നശിപ്പിച്ചു കിടക്കുകയായിരിക്കാം ബോധം നശിച്ചാല്‍ പിന്നെ ഒന്നും അറിയേണ്ടതില്ലല്ലോ ?കള്ളു ചെത്തുകാരനായ അവന്‍റെ അച്ഛന്‍ കാല് വേദന വന്നതില്‍ പിന്നെ തെങ്ങുകയറാതെയായി .പിന്നെ ഒരു ജോലിക്കും പോകാതെയായി .പഴയ കള്ളു ചെത്തുകാരനെന്ന പേരില്‍ ശാപ്പുകാരോ മറ്റു കൂട്ടുകാരോ ആരെങ്കിലും കള്ള്  കൊടുക്കും
                     ഇന്ന് ഒന്നും വെച്ചിട്ടില്ല ! റേഷന്‍ വാങ്ങിക്കാന്‍ പോകണം ,എന്നിട്ട് വേണം ..അവന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു അവന്‍ കണ്ണ് തുടച്ചു .വെള്ളം എടുക്കണം ,പുര തൂക്കണം ,മുറ്റം വൃത്തിയാക്കണം ..ഞാനൊരു ഭാഗ്യം കെട്ടവനാണോ?.....ആലോചിക്കുമ്പോഴേക്കും വള്ളം കരക്കെത്തി അവന്‍ അവരെ ഇറക്കി കാശും വാങ്ങി നേരെ വീട്ടിലേക്ക്  ...നടക്കുകയായിരുന്നില്ല ,ഓടുകയാണ് പതിവ് അതവിടെ എല്ലാവര്ക്കും അറിയാം അവന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ അവനെ നോക്കി ചിരിച്ചു
                  .”കൊച്ചുണ്ണി... 
               “ ഓ....”  അവന്‍ വിളി കേട്ടു.ആ അമ്മ അവനെ കെട്ടിപിടിച്ചു കരഞ്ഞു ..എന്‍റെ അമ്മ ഭ്രാന്തി തന്നെയാണോ ?ആ ചിന്ത മുഴുവനാക്കാന്‍ സമയം എടുത്തില്ല അമ്മയുടെ പിടുത്തം മുറുകി അവന്‍ അമ്മയെ തള്ളിമാറ്റി  അമ്മ ഉറക്കെ ചിരിച്ചു കൊച്ചുണ്ണി കരഞ്ഞില്ല പക്ഷെ ആ കുഞ്ഞു മനസ്സ് വിങ്ങി ....എന്‍റെ അമ്മ !!!
                     പെട്ടന്നാണവന്‍ ഓര്‍ത്തത് ‘അയ്യോ അരി ?’അവന്‍ അയല്‍പക്കത്തേക്ക് ഓടി ..ചിന്നമ്മുവിന്‍റെ  വീട്ടിലേക്ക്
                “ചിന്നാമ്മേ ഒരു ഗ്ലാസ്‌ അരി തരോ ?ചിന്നമ്മു അവനെ കുറച്ചു നേരം നോക്കി നിന്ന് മുമ്പും ഇതുപോലെ അവന്‍ വന്നിട്ടുണ്ട് .അവന്‍ പോക്കറ്റില്‍ നിന്നും കാശെടുത്തു കാണിച്ചു കൊടുത്തു “ദാ എന്‍റെ കൈയില്‍ കാശുണ്ട് ,റേഷന്‍കട വൈകീട്ടേ തുറക്കുകയുള്ളു ..അരി വാങ്ങുമ്പോള്‍ തിരിച്ചു തരാം “ചിന്നമ്മു അകത്തേക്ക് പോയി ,അവന്‍ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു
               അവര്‍ അരിയെടുത്ത് കൊടുത്തു കൂടെ ഒരു നെയ്യപ്പവും ‘ദാ ഇത് കഴിച്ചോ ‘അവന്‍ വേണ്ടെന്ന് പറഞ്ഞില്ല അവന്‍ അതുമായ്‌ വീട്ടിലേക്കു ഓടി അകത്തുകയറി അമ്മയ്ക്കരികില്‍ നിന്നു  .നെയ്യപ്പത്ത്തില്‍ നിന്നും ഒരു കഷ്ണം പൊട്ടിച്ചു അമ്മയുടെ വായിലിട്ടു കൊടുത്തു ,ബാക്കി കഷ്ണവും  പിടിച്ചു അവന്‍ അമ്മയെ നോക്കി നിന്ന് അവരത് വായിലിട്ടു ചവച്ചു അവന്‍ സന്തോഷിച്ചു ...പിന്നെയൊരു തുപ്പലാണ് അവന്റെ മുഖത്ത് നെയ്യപ്പത്തിന്റെ കഷ്ണങ്ങള്‍ ....അവനതു തുടച്ചു കളഞ്ഞു .കയ്യിലുള്ളത് അവന്‍ കഴിച്ചു
                  അടുക്കളയില്‍ ചെന്ന് അടുപ്പില്‍ നിന്ന്, ചാരമെടുത്തു കളഞ്ഞു ,ചാരമെന്നു പറയാന്‍ ഒന്നും തന്നെയില്ല .അടുപ്പിനരികില്‍ കിടന്നിരുന്ന പൂച്ച അനക്കം കേട്ട് അസ്വാരസ്യത്തോടെ മൂരി നിവര്‍ത്തി പുറത്തേക്ക് പോയി .അവന്‍ കലത്തില്‍ വെള്ളമെടുത്തു അടുപ്പില്‍  വെച്ച് ,ഇടയ്ക്ക് അഴികള്‍ക്കിടയിലൂടെ പുറത്തേക് നോക്കി ...അച്ഛന്‍ വരുന്നു അവന്‍ പേടിച്ചു അരി വെന്തിട്ടില്ല .
               “.ഉണ്ണി......”
 ..             .അച്ഛനങ്ങനെയാണ് കൊച്ചുണ്ണിയെ വിളിക്കുക..
              “.ചോറെടുക്ക് ...”
                                                                                 അവന്‍ പരുങ്ങി
                “എന്താടാ നിനക്ക് ചെവി കേള്‍ക്കില്ലേ ?അതോ നീയും നിന്‍റെ  അമ്മയെ പോലെ ...പറഞ്ഞത് മുഴുവനാക്കാന്‍ അവന്‍ സമ്മതിച്ചില്ല അവന്‍ പറഞ്ഞു
             ‘വെള്ളം വെച്ചിട്ടെയുള്ളൂ ..അരി വെന്തിട്ടില്ല ..അരി തീര്‍ന്നുപോയി...’അയാള്‍ കരഞ്ഞു”
               ദൈവമേ എനിക്ക് ഇത്തിരി ചോറ് തരാന്‍ ആരുമില്ലേ ?അവന്‍ ഓര്‍ത്തു ഞാനല്ലേ അങ്ങനെ പറയേണ്ടത്?  വെള്ളം തിളച്ചു അവന്‍ അരിയിട്ടു ചോറ് വേവാന്‍ അധിക സമയമെടുത്ത്ത്തായി തോന്നി ,വിശപ്പുകൊണ്ടാവണം  .കുറച്ചു നെല്ലിക്ക ഉപ്പിലിട്ടതുണ്ട്  ,ഉണക്ക മീനുണ്ട് ചിന്നമ്മു കൊടുത്തതാണ് അവന്‍ അത് വറത്തു . ഉണക്കമീനിന്‍റെ വാസന വന്നപ്പോള്‍  അവന്‍റെ അച്ഛന്‍ ചോദിച്ചു “ഇന്ന് കാര്യായട്ടാണല്ലോ ?” ചോറ് വിളമ്പാനെടുത്തപ്പോള്‍ മുറ്റത്ത് നിന്ന് അവന്‍റെ കൂട്ടുകാരന്‍ വിളിച്ചു
               “‘കൊച്ചുണ്ണി ..കടവത്ത് ആളു കാത്തു നില്‍ക്കുന്നു “ ‘അവന്‍  അച്ഛന് ചോറ് കൊടുത്തു പുറത്തേക്ക് ഓടി അവന്‍റെ കത്തുന്ന വയറിനകത്ത് നിന്ന് വിശപ്പിന്‍റെ ശബ്ദം വരുന്നത് കാര്യമാക്കാതെ അവന്‍ വല്ലമൂന്നി ..മനസ്സ് നിറയെ ഉണക്കമീനും കൂട്ടി അമ്മയ്ക്ക് ചോറ് കൊടുക്കുന്ന കാര്യമാണ് .അമ്മയ്ക്കത്  വലിയ ഇഷ്ട്ടമാണ്
             ആളെയിറക്കി. അവന്‍ വീണ്ടും വീട്ടിലേക്കു ചെന്നു . അച്ഛന്‍ ചോറ് തിന്ന പാത്രം അവിടെ തന്നെ ഇരിപ്പുണ്ട് പാത്രത്തിന്‍റെ അരികില്‍ ഉറുമ്പുകള്‍ തിരയുന്നു . അവന്‍ അടുക്കളയില്‍ ചെന്ന് പാത്രമെടുത്ത് ചോറ് വിളമ്പാനെടുത്തു...പുറകില്‍ പൂച്ചയുടെ കരച്ചില്‍ അതിന്‍റെ വായില്‍ ഉണക്കമീനിന്‍റെ കഷ്ണം ! വിറകെടുത്ത് അതിനെ തല്ലി  “നാശം പിടിച്ച സാധനം !”കലമെടുത്തു നോക്കി ഇല്ല, ഒറ്റ വറ്റ്  പോലുമില്ല ! ദൈവമേ അമ്മയ്ക്കിനി എന്ത് കൊടുക്കും ?തേയ്ക്കാത്ത ചുമരില്‍ മുഖമമര്‍ത്തി അവന്‍ കരഞ്ഞു .അവന്‍ അമ്മയുടെ അടുത്തേക്ക് ചെന്ന് .അവന്‍ ചോദിച്ചു
           “അമ്മയ്ക്ക് വിശക്കുന്നുണ്ടോ?”
           ഇല്ല ...മോന് വിശക്കുന്നുണ്ടോ ?
          അവന്‍ തേങ്ങി..”അമ്മയ്ക്ക് വിശക്കുന്നില്ലെങ്കില്‍ കൊച്ചുണ്ണിക്കും വിശക്കുന്നില്ല!”അമ്മ അവന്‍റെ കണ്ണുകള്‍ തുടച്ചു
           “ഇല്ല....... അമ്മയ്ക്കറിയാം എന്‍റെ മോന് വിശക്കുന്നുണ്ട് ..”
           അവന്‍റെ കണ്ണുകള്‍ പിന്നെയും നിറഞ്ഞു ....എന്‍റെ  അമ്മയ്ക്ക് ഭ്രാന്താണെന്ന് ആരാണ് പറഞ്ഞത്...അമ്മയ്ക്ക് കൊച്ചുണ്ണിയെ അറിയാം , കൊച്ചുണ്ണിയുടെ വിശപ്പറിയാം..അമ്മ എന്തോ പരത്തുകയാണ് ..കീറിയ പായുടെ അടിയില്‍ നിന്ന് എന്തോ എടുത്തു
              “കൊച്ചുണ്ണി  വാ തുറക്കു “അവന്‍ വാ തുറന്നു ..എത്ര കൊതിച്ചി രിക്കുന്നു അമ്മയിങ്ങനെ പറയാന്‍ ,ഒരു ഉരുള എങ്കിലും വായിലിട്ടു തരാന്‍ ...കയ്യില്‍  ഒതിക്കിപിടിച്ച സാധനം അമ്മ കൊച്ചുണ്ണിയുടെ വായിലിട്ടു ..ജീവനുള്ള ഒരു പാറ്റ..കൊച്ചുണ്ണി ഒരു തുപ്പലോടെ ചാടിയെഴുന്നേറ്റു
             “അമ്മേ...”
             അമ്മ കൈ കൊട്ടിചിരിച്ചു അവന്‍ വീണ്ടും ചിന്നമ്മുവിന്‍റെ അടുത്തേക്ക് നടന്നു
              “ചിന്നാമ്മേ ..ഇവിടെ ചോറ് ഇരിപ്പുണ്ടോ ??അരി എന്‍റെ  കയ്യില്‍  നിന്നും താഴെ വീണു .”ചിന്നാമ്മയ്ക്ക് കാര്യം മനസിലായി അവര്‍ പാത്രം നിറയെ ചോറെടുത്ത് കൊടുത്തു
             “ദാ കൊണ്ടുപോയി കഴിക്കു...”
              വിശപ്പിനേക്കാള്‍  ആ യാചന അവനെ വേദനിപ്പിച്ചു ചോറുമായ്‌ നടന്നകലുന്ന അവനെ നോക്കി ചിന്നമ്മ  നെടുവീര്‍പ്പിട്ടു .ആ ചോറ് അവന്‍ അമ്മയ്ക്ക് കൊടുത്തു ബാക്കിവന്ന രണ്ടുരുള അവന്‍റെ കുഞ്ഞു വയറിനു മതിയായില്ല; എങ്കിലും അവന്‍റെ  മനസ് നിറഞ്ഞു അമ്മ ഉണ്ടല്ലോ അതുമതി !ഇനി ഉറങ്ങണം കടവത്ത് വൈകീട്ടേ ആളെത്തുകയൊള്ളൂ... നിറയാത്ത വയറുമായ്‌ അവന്‍ കിടന്നുറങ്ങി ..നല്ല ഉറക്കം ..ഉറക്കത്തില്‍ അവനൊരു സ്വപ്നം കണ്ടു ..നല്ല തൂശനില വെട്ടി മുന്നില്‍ വെച്ചിരിക്കുന്നു ,കസവുസാരിഉടുത്തു ,ചന്ദന കുറി തൊട്ടു ,അമ്മ നല്ല തൂവെള്ള ചോറ് വിളമ്പുന്നു ..പല തരത്തിലുള്ള കറികള്‍ ..സുന്ദരമായ സ്വപ്നം .
           .പുറത്ത് ആരൊക്കെയോ വിളിക്കുന്നു അവന്‍ ചാടിയെഴുന്നേറ്റു സ്വപ്നത്തിലെങ്കിലും ഞാനിത്തിരി സന്തോഷിച്ചോട്ടെ ! അവന്‍ മുറുമുറുത്തു  ആരാ ? കണ്ടാല്‍  വലിയ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന ചിലര്‍, കൂട്ടത്തില്‍ അയല്‍ക്കാരനായ ഗോവിന്ദേട്ടനും
          “കൊച്ചുണ്ണി ഇതാരൊക്കെയാണെന്നു മനസ്സിലായോ ?’അയാള്‍   ചോദിച്ചു?മറുപടി കാക്കാതെ അയാള്‍ പറഞ്ഞു “ഇവര്‍ നിന്നെ കൂട്ടികൊണ്ടുപോകാന്‍  വന്നതാണ് നിനക്ക് പഠിക്കണ്ടേ ?നല്ല ഭക്ഷണം  കഴിക്കണ്ടേ ?അതെല്ലാം ഇനി ഇവര്‍ നോക്കികൊള്ളും “
          “ഞാനെവിടേക്കുമില്ല....” അവന്‍ പറഞ്ഞു
          കൂട്ടത്തിലൊരാള്‍ പറഞ്ഞു “ബാലവേല ശിക്ഷാര്ഹമാണ് അത് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ,നീ വല്ലമൂനുന്നത് ശിക്ഷാര്‍ഹമാണ്   അത് ചെയ്യാന്‍ പാടില്ല ഇനി നിന്‍റെ വള്ളത്തേല്‍  ആരും കയറില്ല അവര്‍ക്കും ശിക്ഷ്‌ കിട്ടും
          “എന്ത് ശിക്ഷ്‌ ? എനിക്കും എന്‍റെ  അമ്മയ്ക്കും അരി വാങ്ങുന്നതിനാണ് ഞാന്‍ വള്ളമൂന്നുനത് അതിനെന്തിനാണ് ശിക്ഷ്‌ ?എനിക്ക് പഠിക്കേണ്ട ! എന്‍റെ  അമ്മയെ നിങ്ങളാരെങ്കിലും നോക്കുമോ ?”
           അവന്‍റെ കൊച്ചു വായില്‍ നിന്ന് അത്രയും വരുമെന്ന് ആരും കരുതിയില്ല
            “ മോനെ നീ സമ്പാദിക്കുന്നത് കൊണ്ടാണ് അച്ഛന്‍ അതിനു ശ്രമിക്കാത്തത് ,നിനക്കൊരു നല്ല ഭാവി വേണ്ടേ ? നീ പഠിച്ചാല്‍ നിനക്കൊരു നല്ല ജോലി  കിട്ടും ,അപ്പോള്‍ നിനക്ക് നിന്‍റെ  അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കാം “
               “അതുവരെ എന്‍റെ  അച്ഛനും അമ്മയും ജീവിചിരിക്കുമെന്നു നിങ്ങള്‍ക്കുറപ്പുണ്ടോ ? ഞാനെങ്ങോട്ടുമില്ല ! എനിക്ക് പഠിക്കേം  വേണ്ട  ,ഞാനെന്‍റെ  അമ്മയുടെ അടുത്ത് നിന്നോളാം  ...
               മറ്റൊരാള്‍ പറഞ്ഞു ‘ചെറുക്കനോട് തര്‍ക്കിച്ചിട്ടു കാര്യമില്ല ,പിടിച്ചു കൊണ്ട് പോകാം അവര്‍ അവനെ ബലമായി പിടിച്ചു കൊണ്ടുപോയി അവന്‍ വലിയ വായില്‍ കരഞ്ഞു ..”എനിക്ക് പഠിക്കേണ്ട...എനിക്ക് പഠിക്കേണ്ട ...എന്നെ വിടാന്‍ പറ ..എനിക്ക് പഠിക്കേണ്ട...’അകത്തു നിന്ന് കൊച്ചുണ്ണിയുടെ അമ്മ പാടി “അകലെ അകലെ...’
                അകലെത്തിയിട്ടും കൊച്ചുണ്ണിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. കൊച്ചുണ്ണിയുടെ വള്ളം ഒരു ശോകഗാനം പോലെ ഓളങ്ങളില്‍ തട്ടി മെല്ലെ ചലിച്ചു
രണ്ടാഴ്ച്ച്ചയായിട്ടും കൊച്ചുണ്ണി കരച്ചില്‍ നിര്‍ത്തിയില്ല നിര്‍ബന്ധിച്ചാല്‍   ഒന്നോ രണ്ടോ  പിടി കഴിചെങ്കിലായി. 
               അവിടെത്തെ ഒരു സഹവാസി ചോദിച്ചു ‘കൊച്ചുണ്ണിയെന്താ  ഒന്നും കഴിക്കാത്തത് ? ഇവിടെ കണ്ടോ ..ഇവിടെ ഉള്ളവരെല്ലാം ബന്ധുക്കളും അച്ഛനും അമ്മയും ഉള്ളവരാണ്.....അവര്‍ക്കൊന്നും പഠിക്കാനും ഭക്ഷണം  കഴിക്കാനും ഇല്ലാതിരുന്നത്തുകൊണ്ടാണ് ഇവിടെ കൊണ്ട് വന്നു പഠിപ്പിക്കുന്നത്‌ അതുപോലെ കൊച്ചുണ്ണിക്കും  പഠിക്കേണ്ടേ?
            “ എനിക്ക് പഠിക്കേണ്ട ..പഠിക്കാതെ തന്നെ എനിക്കെല്ലാമറിയാം ..വള്ളമൂനാനറിയാം  ,ചോറുണ്ടാക്കനറിയാം കറിയുണ്ടാക്കനറിയാം  എനിക്കെന്‍റെ വീട്ടില്‍പോയാല്‍ മതി
            “കൊച്ചുണ്ണിയുടെ വീട്ടില്‍ പോയാല്‍ അവിടെ മോനെ നോക്കാന്‍ ആരാ  ഉള്ളത്? അമ്മയ്ക്ക് സുഖമില്ല...അച്ഛന്‍ കള്ളു കുടിച്ചു നടക്കുന്നു, നല്ല ജോലിയൊക്കെ കിട്ടണമെങ്കില്‍ പഠിക്കണം
          “എന്‍റെ  അമ്മയ്ക്ക് ഓര്‍മ്മയില്ലായിരിക്കാം ..ഭ്രാന്തായിരിക്കാം,പക്ഷെ എന്‍റെ അമ്മയ്ക്ക് കൊച്ചുണ്ണിയെ അറിയാം അമ്മയുടെ മനസ്സ് നിറയെ കൊച്ചുണ്ണി യുണ്ട് ,ഞാന്‍ കൊടുത്താലേ അമ്മ കഴിക്കൂ ഞാനില്ലെങ്കില്‍ അമ്മ....തൊണ്ടയിടറി  കൊച്ചുണ്ണി നിര്‍ത്തി
അവര്‍ മറ്റുള്ളവരോട് പറഞ്ഞു അവനെ അവന്‍റെ  വീട്ടിലേക്കു വിട്ടേക്കു ..അവനു അവിടെയാണിഷ്ട്ടം ,അവന്‍റെ  മനസ്സ് മാറില്ല !
                  അവര്‍ അവനെ അവന്‍റെ  വീട്ടില്‍ കൊണ്ട് ചെന്നാക്കി  പുതിയ പുസ്തകങ്ങളും ഉടുപ്പും കൊടുത്തു. നാളെ മുതല്‍ ക്ലാസ്സില്‍ പോണം അമ്മയ്ടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കികൊള്ളാം  അമ്മയ്ക്ക് മരുന്നും മറ്റും നല്‍കാന്‍ ആളെത്തും
             കൊച്ചുണ്ണി സന്തോഷത്തോടെ വീട്ടിലേക്കു ഓടിക്കയറി കീറിയ പായയില്‍ എഴുന്നെറ്റ് നിന്ന് അവന്‍റെ  അമ്മ അഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കുകയാണ്
              കൊച്ചുണ്ണി വിളിച്ചു “അമ്മേ  ...അമ്മെയെന്താ നോക്കുന്നത് ചോദ്യം ശ്രദ്ധിക്കാതെ അമ്മ  പറഞ്ഞു
              “കൊച്ചുണ്ണി ഇതുവരെ വന്നില്ല ..കൊച്ചുണ്ണി ഞെട്ടി
              “അമ്മെ ഇത് ഞാനാ കൊച്ചുണ്ണി” അമ്മ വീണ്ടും പറഞ്ഞു “കൊച്ചുണ്ണി വന്നില്ല ...കൊച്ചുണ്ണി വന്നില്ല “...കൊച്ചുണ്ണി പൊട്ടിക്കരഞ്ഞു “കൊച്ചുണ്ണിയെ നിങ്ങള്‍ പഠിപ്പിച്ചില്ലേ ..എല്ലാം പഠിപ്പിച്ചില്ലേ എന്‍റെ അമ്മയില്‍ നിന്നെന്നെ മാറ്റി ...എല്ലാം പഠിപ്പിചില്ലേ ?
              കൂടെ നിന്നവര്‍ എന്ത് പറയണമെന്നറിയാതെ നിന്ന് അവനെ ആശ്വസിപ്പിക്കാന്‍ അവര്‍ക്ക് വാക്കുകളുണ്ടായില്ല. അഴികള്‍ക്കിടയിലൂടെ നോക്കി കൊച്ചുണ്ണിയെ അന്വേഷിക്കുന്ന അമ്മയുടെ കാലില്‍ കെട്ടിപിടിച്ചു കൊച്ചുണ്ണി കരഞ്ഞുകൊണ്ടിരുന്നു ....
==============================================================

10 അഭിപ്രായങ്ങൾ:

jailaf പറഞ്ഞു...

വിശപ്പിന്റെ വിളി മനസ്സിൽ തട്ടി. അഭിനന്ദനങ്ങൾ..

കുപ്പിവള പറഞ്ഞു...

നന്ദി ഇത് പൂര്‍ണമായുംഎന്‍റെ ഭാവനാസൃഷ്ടിയല്ല .....വിശ്വാസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ വന്ന സംഭവമാണ്.....ഇങ്ങനെ എത്രയോ സംഭവങ്ങള്‍ നമ്മള്‍ അറിയാതെ പോകുന്നു....ആ കുട്ടിയുടെ മുഖം എന്‍റെ മനസ്സില്‍ നിന്ന് പോകുന്നതേയില്ല ....

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

ഒരു നൊമ്പരമായി ഉണ്ണികുട്ടന്‍ അത് ശേരി ഇത് യഥാര്‍ഥമാണല്ലേ :(

നാമൂസ് പറഞ്ഞു...

ഒരു കൊച്ചു കുട്ടിയിലൂടെ വികസിക്കുന്ന ഒരു കഥ.
അച്ഛന്റെ ദുര്‍:നടപ്പും അമ്മയുടെ രോഗവും... സ്വാഭാവിക പട്ടിണിയും ദിരിതവും അങ്ങനെയുള്ള പതിവ് രീതികളിലൂടെ പോകുന്ന കഥ.
ആ കുഞ്ഞു മനസ്സിന്റെ സ്നേഹം പറയാനാണ് ശ്രമിച്ചതെന്ന് തോന്നുന്നു.
പിന്നെ, തുടക്കത്തില്‍ സാരമായ ഒരു പ്രശ്നമുണ്ട്. സുലോചന പണം കൊടുത്തതിനു ശേഷം വായിക്കാനാകുന്നത് എല്ലാവരുടെയും പ്രാര്‍ത്ഥന കൊച്ചുണ്ണിക്ക് സഹായമാവണേ എനാണ്.
അതിനു തൊട്ടു താഴെയുള്ള ഖണ്ഡികയില്‍ കൊച്ചുണ്ണിയെ {വിഷമതകളെ] ആര് അന്വേഷിക്കാന്‍ എനും കാണുന്നു. ഇത് രണ്ടും ഒരേ കാര്യത്തില്‍ ഒരേ ഇടത്ത് വായിക്കാനാകുമ്പോള്‍ എന്തോ തെറ്റ് പറ്റിയിട്ടുണ്ട്. ഒന്നൂടെ വായിച്ചു നോക്കി ആവശ്യമായ് എഡിറ്റിംഗ് നടത്തിയാല്‍ നന്നാകും എന്നൊരു അഭിപ്രായവുമുണ്ട്.
വീണ്ടും കാണാം. ഭാവുകങ്ങള്‍.!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

മനസ്സില്‍ തട്ടി ........... ആശംസകള്‍

മഹറൂഫ് പാട്ടില്ലത്ത് പറഞ്ഞു...

വളരെ മനോഹരമായി എഴുതി .........നല്ല ഫീലുണ്ടാക്കുന്നു.............. ആശംസകള്‍ നന്നായിടുണ്ട്

Mohiyudheen MP പറഞ്ഞു...

കൊച്ചുണ്ണിയുടേയും അമ്മയുടെയും കഥ വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു. വായിച്ച്‌ തീര്‍ന്നപ്പോള്‍ മനസ്സിലൊരു നീറ്റലുണ്‌ടായി എന്നുള്ളത്‌ സത്യം. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും. വിമര്‍ശിക്കാവുന്ന ഘടകങ്ങളൊന്നും പ്രഥമ ദൃഷ്ട്യാ കണ്‌ടില്ല. ആശംസകള്‍ !

umesh pilicode പറഞ്ഞു...

മുന്‍പ്‌ മലയാളം പുസ്തകത്തില്‍ പഠിച്ച ദൈവത്തിന്റെ കുപ്പായം എന്ന കഥ ഓര്‍മ്മ വന്നു

കുമാരന്‍ | kumaaran പറഞ്ഞു...

good post.

മണ്ടൂസന്‍ പറഞ്ഞു...

കൊച്ചുണ്ണി വിളിച്ചു “അമ്മേ ...അമ്മെയെന്താ നോക്കുന്നത് ചോദ്യം ശ്രദ്ധിക്കാതെ അമ്മ പറഞ്ഞു
“കൊച്ചുണ്ണി ഇതുവരെ വന്നില്ല ..കൊച്ചുണ്ണി ഞെട്ടി
“അമ്മെ ഇത് ഞാനാ കൊച്ചുണ്ണി” അമ്മ വീണ്ടും പറഞ്ഞു “കൊച്ചുണ്ണി വന്നില്ല ...കൊച്ചുണ്ണി വന്നില്ല “...കൊച്ചുണ്ണി പൊട്ടിക്കരഞ്ഞു “കൊച്ചുണ്ണിയെ നിങ്ങള്‍ പഠിപ്പിച്ചില്ലേ ..എല്ലാം പഠിപ്പിച്ചില്ലേ എന്‍റെ അമ്മയില്‍ നിന്നെന്നെ മാറ്റി ...എല്ലാം പഠിപ്പിചില്ലേ ?

ഇത് വായിച്ചവസാനിപ്പിച്ചത് വളരെ ഞെട്ടലോടെയായിരുന്നു എന്ന് പറയുക തന്നെ വേണം. വളരെ കയ്യടക്കത്തോടെ പറഞ്ഞു പോയി. അവസാനം ഒരത്ഭുതം കലർന്ന ഞെട്ടലും ബാക്കിയാകുന്നു. നമ്മളറിയാത്ത എത്ര ജീവിതങ്ങൾ ഇങ്ങിനേയുണ്ടാകും അല്ലേ ? നന്നായിട്ടുണ്ട്. ആശംസകൾ.

കുറച്ച് പാട്ട് കേട്ടാലോ ?