ബുധനാഴ്‌ച, ഡിസംബർ 21, 2011

പിറവി
തണുത്ത കാറ്റേറ്റ് കായല്‍ കരയിലിരിക്കുമ്പോള്‍ മൈഥിലി ഓര്‍ത്തു ,തനിക്ക്സ്വന്തമെന്നു പറയാന്‍ ഇന്ന് എന്തൊക്കെയ്യോ ഉണ്ട്...അതെല്ലാം ഈ
 കായല്‍ക്കര തനിക്ക് തന്നതല്ലേ?

                                 അന്ന് താന്‍
 ചെറുതായിരുന്നു ഒമ്പതോ പത്തോ
 വയസ്സ് പ്രായം .ഈ കായല്‍
 കരയിലെ കാറ്റിനോട് കുശലം
 പറഞ്ഞിരിക്കുമ്പോള്‍ കിട്ടിയ ഒരു
 സുകൃതം ! അപ്പോള്‍ താനിവിടെ
 വരുമ്പോള്‍ കയ്യില്‍ ഒരുപാടു കടലാസുകളുണ്ടാവും ...അതിലൊക്കെ എന്തൊക്കെയോ
 കുത്തിക്കുറിക്കും ,ആരെയും കാണിക്കാതെ സൂക്ഷിച്ചിരുന്ന അതെല്ലാം
 അമ്മുട്ടമ്മയാണ് കണ്ടുപിടിച്ചത് .”ഇതെന്തോക്ക്യാ കൊച്ചെ ?പാടം പൂത്തു
 വിളഞ്ഞെന്നോ ?,അമ്മ വരാറില്ലെന്നോ?..എന്തായാലും വായിക്കാന്‍ നല്ല
 സുഖമുണ്ട് ...”പിന്നെ എന്നോടൊന്നും ചോദിക്കാതെ അതെല്ലാം ചെറിയച്ഛനെ
 കാണിച്ചു .”മൈഥിലീ......”അതെ ! ചെറിയച്ഛന്‍റെ സ്വരം തന്നെ !അന്ന്
 ഞെട്ടിയതാണോ കരഞ്ഞതാണോ എന്ന് ഓര്‍മയില്ല . മുട്ടുകള്‍ കൂട്ടിയിടിച്ചത്
 ഇപ്പോഴും ഓര്‍ക്കുന്നു .ചെറിയച്ഛനെ അത്രയ്ക്ക് പേടിയായിരുന്നു .മുഖത്ത്
 നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ നിന്നപ്പോള്‍ ,താടിക്കുപിടിച്ചു
 മുഖമുയര്‍ത്തി ,എന്നെ ഇറുകെ കെട്ടിപിടിച്ചു ..”എനിക്ക് ജനിക്കാതെ
 പോയല്ലോ നീയ്യ്‌ ...”അപ്പോഴാണ്‌ ചെറിയച്ഛനെ ഞാന്‍ നോക്കിയത് .ആ
 കണ്ണുകളില്‍ കണ്ണുനീര്‍ വന്നു തിളങ്ങുന്നു.ഞാന്‍ ശരിക്കും
 കരഞ്ഞതപ്പോഴാണ്.”മോള് പൊയ്ക്കോ ...ഇത് എന്‍റെ  കയ്യിലിരിക്കട്ടെ
 !ആവശ്യമുണ്ടാവും “.പിന്നെ തിരിഞ്ഞു നോക്കാതെ ഞാന്‍
 നടന്നു.ചെറിയച്ഛന്‍റെ  ആ വാക്കുകളേക്കാള്‍ വേറെന്ത്  അംഗീകാരമാണ്
 തനിക്ക് ലഭിക്കാനുള്ളത് ?
                              അന്നൊരു ഞായറാഴ്ചയായിരുന്നു .തൊടിയിലെ
 ചവറുകളെല്ലാം അടിച്ചുവാരുമ്പോള്‍ അമ്മുട്ടിയമ്മ വിളിച്ചു “കുട്ടിമാളൂ ....
. ,ഇവിടെ വരോ ഒരൂട്ടം കാണിക്കാന”
ആ മുഖത്തെ സന്തോഷം കണ്ടപ്പോലറിയാമായിരുന്നു എന്തോ നല്ല കാര്യം
 നടന്നിട്ടുണ്ട് !കയ്യും കാലും കഴുകി ഉമ്മറപ്പടിയിലേക്ക് കയറുമ്പോഴേ
 കണ്ടു ..എല്ലാവരും പത്രത്തില്‍ എന്തോ സൂക്ഷിച്ചു നോക്കുന്നു .അവര്‍ അത്
 എന്നെ കാണിച്ചു പിറവി എന്നാ തലക്കെട്ടില്‍ ഒരു കവിത .ആ വരികളിലൂടെ
 കണ്ണോടിച്ചു അതെ ഇത് എന്‍റെ  കവിത തന്നെ !പേര് നോക്കി അടിയില്‍ തന്‍റെ
പേര് ....മൈഥിലി ശങ്കര്‍ ,തൈക്കാട്ടുകര മഠം !ഇതെങ്ങനെ സംഭവിച്ചു ?
ചെറിയച്ഛന്‍ പറഞ്ഞു “സന്തോഷയോ എന്‍റെ കുട്ടിക്ക് ഈ ചെറിയച്ഛന് ഇതേ
 കഴിഞ്ഞുള്ളൂ...”എനിക്ക് തുള്ളിചാടണമെന്നോ ചെറിയച്ഛനെ കെട്ടിപിടിച്ചു

 ഉറക്കെ കരയണ മെന്നോ എന്തൊക്കെയോ തോന്നി .അടുക്കളയുടെ വാതില്‍
 ചാരി നിന്ന് അമ്മ കരയുകയായിരുന്നു .അമ്മയുടെ അടുത്ത് ചെന്നപ്പോള്‍
 മുഖം തഴുകി നെറുകയില്‍ മുത്തം നല്‍കിയിട്ട്  പറഞ്ഞു “എല്ലാം കാവിലെ
 ഭഗവതിയുടെ അനുഗ്രഹം ...മാളൂന്‍റച്ഛനേപ്പോലെ വല്യ
 ആളാവണം ....”
ഇടയ്ക്ക് എന്തോ ആലോചിചെന്നപോലെ പറഞ്ഞു
 “വേണ്ട, അത്രയ്ക്കൊന്നും
 വേണ്ട ...അപ്പൊ നീയും നിന്‍റെ അച്ഛനെ പോലെ എന്നെ
 വിട്ടേച്ചു പോവും !” 
 എപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കണമെന്നു വിചാരിക്കും ...പക്ഷെ
അമ്മയോട് ചോദിച്ചാല്‍ കരയുകയേ  ഉള്ളു ,ചെറിയച്ഛനോട് ചോദിക്കാന്‍
 ധൈര്യമില്ല,അമ്മുട്ടിയമ്മയോട് ചോദിച്ചാല്‍ “ന്‍റെ മോളെ ന്തിനാ വല്യ 
 കഥയൊക്കെ അറിയുന്നതു മോള്‍ക്ക്‌ അമ്മുട്ടിയമ്മ പൂതനയുടെയോ
 രാജാവിന്‍റെയോ കഥ പറഞ്ഞു തരാം “എന്ന് പറഞ്ഞു കൈ ഒഴിയും
 പിന്നീടൊന്നും ആരോടും ചോദിക്കാറില്ല .എപ്പോഴൊക്കെയോ
 മാസികകളിലും വാരികകളിലും തന്‍റെ  കവിതകള്‍ അച്ചടിച്ചുവരാന്‍
 തുടങ്ങി ...ഇടയ്ക്ക് ചില മാസികക്കാര്‍ പണമയാക്കാനും തുടങ്ങി..അത്
 ചെറിയച്ഛനെ ഏല്‍പ്പിക്കുമ്പോള്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറയും .അമ്മ
 അത് പരമുനായര്‍ക്കു കൊടുത്തു ബുക്കില്‍ കുറിച്ച് വയ്ക്കും .
                                      എനിക്ക് ഇരുപത്തൊന്നു വയസ്സായി ...കൊല്ലം തോറും
 നടക്കാറുള്ള ഞങ്ങളുടെ കാവിലെ
 ഉല്‍സവത്തിന് ഒരു
 ചടങ്ങുണ്ട് .ഇരുപതു
 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍
 നെയ്യ്‌ വിളക്ക് കത്തിച്ചു ദേവിയുടെ നടയില്‍
 തൊഴുതു വലം  വയ്ക്കും ,നല്ല
 കല്യാണം വരാനാത്രേ അത് !ഉത്സവം
 കഴിഞ്ഞു
 പിന്നത്തെ ആഴ്ച ഒരു കൂട്ടരു
 വന്നിരുന്നു .ഒരു മദ്ധ്യ വയസ്കയും 
 അവരുടെ
 മകനാണെന്ന് തോന്നുന്നു ഒരു പൊക്കമുള്ള ചെറു പ്പകാരനും !

അവരാരെന്നോ എന്തിനാണ് വന്നതെന്നോ എനിക്കറിയില്ലായിരുന്നു .അവര്‍
അയാളുടെ സ്വഭാവത്തെ കുറിച്ചും,അവരുടെ ഇല്ലത്തെ കുറിച്ചും
 പറഞ്ഞുകൊണ്ടേയിരുന്നു .....ഒരു വീട്ടില്‍ കയറിവന്നു
 അനാവശ്യമായിട്ടിങ്ങനെ പൊങ്ങച്ചം പറയുന്നതെന്തിനാനെന്നു ഞാന്‍
 ആലോചിക്കാതിരുന്നില്ല.
അമ്മുട്ടിയമ്മ അടുക്കളയില്‍ ഭയങ്കര തിരക്കിലായിരുന്നു .ഇതുവരെ
 തുറക്കാതിരുന്ന മച്ചിലെ മുരുക്ക് പെട്ടിയില്‍ നിന്ന് കുറെ നല്ല
 പാത്രങ്ങളും ,ഗ്ലാസുകളും ഒക്കെയെടുത്ത് .ആ പാത്രത്തില്‍ തൊടിയില്‍
 കായ്ച്ച എത്തവാഴപ്പഴവും ,അമ്മയുണ്ടാക്കിയ ചക്കയടയും ,അവല്‍ 
  വിളയിച്ചതും വെച്ചു  .ചക്കയടയുടെ വാടിയ വാഴയില അതില്‍ നിന്നെടുത്ത്
 മാറ്റി. .മാറ്റിയ വാഴയില എടുത്തു വാസനിച്ചു നോക്കി ...ഓ എന്തൊരു
 മണം !മൂക്കിലേക്ക് തുളച്ചു കയറിയ മണം എന്നെ വല്ലതെയാക്കി .ഒരെണ്ണം
 അമ്മുട്ടിയംമയ്ട് ചോദിച്ചാലോ? വേണ്ട ! അവര്‍ പോയി കഴിഞ്ഞാല്‍
 തിന്നാമല്ലോ ?
ആ സാധനങ്ങളോക്കെ ഞാനാണ് കൊണ്ട് വയ്ക്കാന്‍
 പോകുന്നതെന്നറിഞ്ഞപ്പോള്‍ ഉള്ളാലെ ചിരിച്ചു .അവരെനിക്ക് ഇത്തിരി
 തരാതിരിക്കില്ല ....കാലാകാലങ്ങളായുള്ള ചടങ്ങാണത് ...വീട്ടിലെ ചെറിയ
 കുട്ടികള്‍ക്ക് വിരുന്നുകാര്‍ അവരുടെ പങ്കില്‍ നിന്നും ഒരു നുള്ള് മധുരം
 കൊടുക്കുകയെന്നുള്ളത് .താന്‍ അത്ര ചെറുതല്ല , എങ്കിലും പ്രതീക്ഷയ്ക്ക്
 വകയുണ്ട് .
എന്തുകൊണ്ടായാലും  ഇതൊരു സുഖമുള്ള ഏര്‍പാട് തന്നെ ആണ് !
  മറ്റുള്ളവരുടെ വീട്ടില്‍ വിരുന്നു പോകുക ,അവരോടു കുറെ പൊങ്ങച്ചം
 പറയുക ,എന്നിട്ട് അവര് തരുന്ന നല്ല നല്ല പലഹാരങ്ങള്‍ തിന്നുക ...ഓ
 ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു .ആ മദ്ധ്യ വയസ്ക എന്‍റെ
 കൈ പിടിച്ചു എന്നെ ചേര്‍ത്ത് നിര്‍ത്തി എന്നിട്ട് ചോദിച്ചു “മൈഥിലീന്ന പേര്
 ല്യേ...,കവിതയൊക്കെ എഴുത്തും അല്ലെ ?”....ഞാന്‍ ശരിക്കും അമ്പരന്നു
!മാത്രമല്ല സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ചെയ്തു.തന്‍റെ
 കവിതയൊക്കെ വായിച്ചു അഭിനന്ദിക്കാന്‍ എത്തിയവരാണെന്നു
 തെറ്റിദ്ധരിച്ചു .അവര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാതിലില്‍ ചാരിനിന്നു
 ഞാന്‍ ചിരിച്ചു .അവര്‍ പോയി കഴിഞ്ഞാല്‍ ചക്കയട കഴിക്കുന്ന
 കാര്യമായിരുന്നു എന്‍റെ മനസ്സില്‍ .പിന്നീടാണറിഞ്ഞത് അവര്‍ പെണ്ണ്
 കാണാന്‍ വന്നതാണെന്ന്
                          +++++++++++++++++++++ +++++   +++++++++++++++++
                                                           പുതിയ അന്തരീക്ഷവും പട്ടണവും എന്നെ
 മടുപ്പിചെങ്കിലും വീട്ടുകാര്‍ സ്നേഹമുള്ളവരണെന്ന  ഒറ്റ  കാരണം 
 കൊണ്ടാണ്   ഞാനിന്നിവിടെ ജീവിച്ചിരിക്കുന്നത് . നന്ത്യാര്‍വട്ടവും
   കായലുമില്ലാത്ത  സ്ഥലം , നാലുകെട്ടും തുളസിത്തറയുമില്ലാത്ത
 വീട് ...ഇതൊക്കെ ഞാനെങ്ങനെയാ സഹിക്കുന്നത് ?  ഇവിടെ കരിപിടിച്ച 
 അടുക്കള യില്ല!,കല്ലുകള്‍ കൂട്ടിവെച്ച അടുപ്പുമില്ല...പകരം കിച്ചനും
 ഗ്യാസുമാണ ത്രേ ..ഇനിക്കതിന്‍റെ  അടുത്ത്തുപോനത്തെ
 പെട്യാണ്..തിളക്കമുള്ള പ്രതലവും കരിപിടിക്കാത്ത തീയുമുണ്ടതിന് ...വീട്ടില്‍
 തിരിച്ചു പോയാലോ ?  എന്ന് ആലോചിക്കാതിരുന്നില്ല .ചേട്ടന്‍റെ
 അഭിപ്രായത്തില്‍ നല്ല കവിതകള്‍ മുളക്കാന്‍ പറ്റിയ
 അന്തരീക്ഷമാണിവിടെയെന്നു ..എന്റെ ആദ്യത്തെ കവിത അച്ചടിച്ച്‌ വന്നത്
 ചേട്ടന്‍റെ പത്രത്തിലായിരുന്നു .അപ്പോള്‍ എന്‍റെ  കവിതയെ പറ്റി ഒരല്‍പം
 ധാരണയൊക്കെ കിട്ടിയുട്ടുണ്ടാവും .ഈ നെടുനീളന്‍ ഫ്ലാറ്റുകള്‍ക്കിടയില്‍
 എന്‍റെ  കവിതകള്‍ വീര്‍പ്പുമുട്ടി ചത്തുപോകും,പിന്നെങ്ങനെയാ അത്
 വലുതാവുക?അതെല്ലാം  നാട്ടിന്‍ പുറത്താണ്  വലുതാവുക............... എന്ന്
 പറഞ്ഞപ്പോള്‍ ചേട്ടന്‍ ചോദിക്കുകായ “പണം വളരുന്നതും കൊഴുക്കുന്നതും
 പട്ടണത്തിലല്ലേ അതിലും വലുതല്ലല്ലോ കവിതയെന്ന് ?”
ഒരിക്കല്‍  ഫ്ലാറ്റിലെ കണ്ണാടിക്കൂട്ടിനുള്ളിലിരുന്നു
 പുറത്തെ കാഴ്ചകള്‍ കാണുമ്പോള്‍ അടുത്ത മുറിയില്‍
 നിന്ന് ഒരു കുട്ടിയുടെ കരച്ചിലും,അതിനെ ഉറക്കാനായ്‌
 അമ്മയുടെ താരാട്ടും കേട്ടപ്പോള്‍.. .ഞാനെന്‍റെ അമ്മയെ
 ഓര്‍ത്തു..... നാടിനെ ഓര്‍ത്തു .ആ താരാട്ടിനൊരു
 താളമുണ്ട് ,എന്‍റെ  ഗ്രാമത്തിലെ കായലിലെ ഓളങ്ങളുടെ
 താളം ,കാറ്റില്‍ താളം പിടിച്ചു അരയാലിലകള്‍
 ചാഞ്ചാടുന്ന താളം, എന്‍റെ  തൊടിയിലെ ഞാവല്‍പ്പഴം
 തിന്നു തിമിര്‍ക്കുന്ന കുരു വി ക്കൂട്ടങ്ങളുടെ കൊക്കുകള്‍ 
 കൂട്ടിമുട്ടുന്ന താളം .കുറച്ചു കടലാസുകലെടുത്തു
 എഴുതിത്തുടങ്ങി ..കടാലാസുനിറയെ ഞാനെന്‍റെ
 കായലും ഗ്രാമവും വര്‍ണിച്ചു .നിറങ്ങള്‍ മാത്രമുള്ള എന്‍റെ  ഗ്രാമത്തില്‍
 ഞാനോറ്റയ്ക്ക് നടക്കുന്നതുംന്കളിക്കുന്നതും എന്തൊക്കെയോ ഞാനെഴുതി
 അതെല്ലാം ചേട്ടനെ എല്‍പ്പിച്ചു ‘ഗ്രാമഭംഗി ‘എന്ന തലകെട്ടില്‍ വന്ന ആ 
കവിത എന്‍റെ ജീവിതത്തെ പാടെ തിരുത്തി .....ആ കവിതയാണ്  എനിക്ക് ഇത്രഅഗീകാരം തന്നത്. അ പ്പോള്‍ ഞാന്‍ പറഞ്ഞത് ശ രിയല്ലേ ? എന്‍റെ   ഗ്രാമമല്ലേ  എന്‍റെ കവിതയെ വലുതാക്കിയത് ? ഇപ്പോള്‍ ചേട്ടന്‍
ചിരിക്കുകയാണ്  ആത്മാവില്‍ നിന്നുറിവരുന്ന  ചിരി. മനസ്സില്‍ തട്ടിയ
 ചിരി.....

                                       ----------------------------------------------------


ഒരു ചെറിയ കാര്യം: 2003 ഏപ്രില്‍ ഈകഥആകാശവാണിയില്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു..ഒരു തുക പ്രതിഫലവും കിട്ടി....എന്‍റെ കഥയ്ക്കുള്ള ആദ്യ അംഗീകാരം......


കുറച്ച് പാട്ട് കേട്ടാലോ ?