വ്യാഴാഴ്‌ച, ജനുവരി 05, 2012

സഹയാത്രിക( കഥ)


                ഒരു നല്ല മഴയത്ത് തീവണ്ടിയില്‍   വെച്ചാണ്‌ ഞാനവളെ കാണുന്നത് .കുറെ നാളുകളായി എണ്ണ കാണാത്ത മുടിയിഴകള്‍ പാറിപ്പറന്നു അവളുടെ മുഖത്തേക്ക് വീഴുന്നത് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിച്ചെങ്കിലും അവളതു ആസ്വദിക്കുന്നതായി തോന്നി .നീണ്ടു വിളറിയ കൈ വിരലുകള്‍ കൊണ്ട് അവളതു ഇടയ്ക്കിടെ മാറ്റുന്നുണ്ടായിരുന്നു.അവളുടേത് ആകര്‍ഷകമായ വസ്ത്രധാരണമായിരുന്നില്ല ,എന്നിട്ടും ഞാനവളെ എങ്ങനെ ശ്രദ്ധിച്ചു ,എന്നല്ലേ ?...എന്‍റെ സഹയാത്രിക അവള്‍ മാത്രമായിരുന്നു ...
                .അവളൊരു പുസ്തകം വായിക്കുകയായിരുന്നു .അവളുടെ പ്രായവും വായിക്കുന്നതിലുള്ള ശ്രദ്ധയും കണ്ടപ്പോള്‍ അവളൊരു വിദ്യാര്‍ത്ഥിനിയായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു ,ഇനി വല്ല പൈങ്കിളി കഥയുമാണോ ?ഞാന്‍ സൂക്ഷിച്ചു നോക്കി .അല്ല! അതൊരു നോവലായിരുന്നു
                 ഇവളെന്താ ഇങ്ങനെ ? ഞാനോറ്റയ്ക്ക് എത്രനേരമായി ഇവളെ മാത്രം നോക്കി , ഇവളെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നു? ഇവള്ക്കൊന്നു മുഖമുയര്ത്തിയാലെന്താ ?ആ  മുഖമൊന്നു കാണാമായിരുന്നു
          ഓ ഭാഗ്യം !അവള്‍ പുസ്തകം അടയ്ക്കുന്നുണ്ട് .ഇപ്പോള്‍ അവളെന്നെ ശ്രദ്ധിക്കും .ചിലപ്പോള്‍ മനപ്പൂര്‍വ്വം നോക്കാത്തതാണെങ്കിലോ?ഞാന്‍ നോട്ടം പിന്‍വലിച്ചു പുറത്തേക്ക് നോക്കിയിരുന്നു .നല്ല മഴ ...കാറ്റടിച്ചു മഴത്തുള്ളികള്‍ അകത്തേക്ക് തെറിക്കുന്നു .എന്തൊരു തണുപ്പ് !അവളൊന്നു വര്‍ത്തമാനം പറഞ്ഞിരുന്നെങ്കില്‍ അത് തോന്നുമായിരുന്നില്ല .
                 പെട്ടന്നാണത് സംഭവിച്ചത്‌ !അവളതാ നിലത്തേക്ക് വീണിരിക്കുന്നു.എന്ത് പറ്റിയോ ആവോ ?എടുക്കണമോ ?ഞാനൊരു നിമിഷം ചിന്തിച്ചു .എടുത്താല്‍ കേറിപ്പിടിച്ചെന്നാവും -സ്ത്രീ പീഡനം-പോലീസ് –വനിതാകമ്മീഷന്‍ -കോടതി –ശിക്ഷ .....എടുത്തില്ലെങ്കില്‍ മനുഷ്യത്വമില്ലാത്തവന്‍, ദയാദാക്ഷിണ്യമില്ലാത്തവന്‍ ......വരുന്നിടത്ത് വെച്ച് കാണാം –എന്നാ ഭാവത്തില്‍ അവളെ എടുത്തു സീറ്റില്‍ കിടത്തി ,മുഖത്ത് വെള്ളം തളിച്ചു .അവള്‍ പതുക്കെ കണ്ണ് തുറന്നു എന്നെ നോക്കി ,ചിരിച്ചു  ‘വെള്ള ‘മെന്നു അവ്യക്തമായി പറഞ്ഞു .വഴിയില്‍ നിന്ന് വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ നിന്ന് കുറച്ചു വെള്ളം കൊടുത്തു
.”എനിക്ക് വിശക്കുന്നു “അവള്‍  പറഞ്ഞു .
                   എനിക്ക് സന്തോഷമായി .ഇത്രയും നേരം അവളെന്നെ നോക്കുന്നില്ല എന്ന ചിന്തയായിരുന്നു ,ഇപ്പോളിത അവളെന്നോട് സംസാരിക്കുന്നു .മറ്റൊന്നും ആലോചിച്ചില്ല ,എന്‍റെ കയ്യിലെ ചൂടുള്ള കാപ്പിയും ചപ്പാത്തിയും കറിയും കൊടുത്തു .അവളതു ആര്‍ത്തിയോടെ തിന്നു  . തിന്നുന്നത് കണ്ടാല്‍ കുറെ നാളുകളായ്‌ ഇവള്‍ ഇതൊന്നും കണ്ടിട്ടേയില്ല എന്ന് തോന്നും
               “ഇന്നലെ രാത്രി മുതല്‍ ഒന്നും കഴിച്ചിട്ടെയില്ല!” അവള്‍ പറഞ്ഞു .ഞാന്‍ ഞെട്ടിയില്ല .അവള്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് മാത്രമല്ല രണ്ടു ദിവസമായ്‌ കുളിച്ചിട്ടുമില്ല എന്ന് എനിക്ക് തോന്നി .എനിക്ക് ആകാംക്ഷ തോന്നി .അത് മനസിലാക്കിയിട്ടോ എന്തോ അവള്‍ പറഞ്ഞു
                  “ഞാനങ്ങനെയാണ് എന്തെങ്കിലും പുസ്തകം കിട്ടിയാല്‍ വായിച്ചു തീരുന്നതുവരെ മറ്റൊന്നും ആലോചിക്കാറില്ല “ഞാനൊന്നും മറുപടി പറഞ്ഞില്ല .അവളുടെ കയില്‍ ഇനിയുമൊരു പുസ്തകമുണ്ടാവല്ലേ എന്ന് ഞാന്‍  ആത്മാര്‍ഥമായി  ആഗ്രഹിച്ചു ...അവള്‍ തുടര്‍ന്നു
             “.എല്ലാ പുസ്തകങ്ങളുമല്ല  കേട്ടോ ? നല്ലത് ....നല്ലത് മാത്രം !,ഇയാളുടെ കയ്യിലുണ്ടോ ഏതെങ്കിലും നല്ല പുസ്തകങ്ങള്‍ ?” 
              ഷേക്സ്പിയറിന്റെ ഒരു നാടകം എന്‍റെ കയ്യിലുണ്ടായിരുന്നെങ്കിലും ഇല്ല-എന്ന് ഞാന്‍ കള്ളം പറഞ്ഞു. അവള്‍ക്കു വായനയിലാണ് താല്പര്യമെങ്കില്‍ ,എനിക്ക് വര്‍ത്തമാനം പറയുന്നതിലാണ് താല്‍പര്യം,പ്രത്യേകിച്ച്  പെണ്‍കുട്ടികളുമായി സംസാരിക്കുന്നതില്‍ ! ഞാനവളെ നോക്കി .അവളിപ്പോള്‍ എന്തോ ചിന്തിച്ചിരിക്കുകയാണ്,പെട്ടെന്ന് സോഡാ കുപ്പി നിലത്തുവീണ് പൊട്ടിയ പോലെ അവള്‍ ചിരിച്ചു .ഞാന്‍ പെട്ടന്ന് വല്ലാതായി
                  “എന്താ ...?” ഞാന്‍ ചോദിച്ചു
                  “ങ്ങും ഹും ..ഞാന്‍ തകഴിയുടെ നോവലിലെ രസകരമായ്‌ ഒരു സംഭവം ആലോചിച്ചു ചിരിച്ചതാണ് ...”
എനിക്ക് പെട്ടന്നവളോട് ദേഷ്യം തോന്നി .എനിക്ക് എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നിയിരുന്നു ..എല്ലാം മറന്നു പോയി .ഒരു കൗമാരക്കാരിയായ അവളുടെ കയ്യില്‍ വളയോ വാച്ചോ ഒന്നും കാണാനില്ല
                “ എന്താ വളയൊന്നും ഇടാത്തത് ?ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ കൈ നിറയെ പലതരത്തിലുള്ള വളകളിടാറുണ്ട്”
ഒരു പരിചയവുമില്ലാത്ത അവളോട്‌ ഇങ്ങനെയൊക്കെ ചോദിക്കാന്‍ എനിക്ക് ഒരു ധൈര്യക്കുറവും തോന്നിയില്ല .മാത്രമല്ല,അവളോട്‌ വല്ലാത്തൊരു അടുപ്പം തോന്നുകയും ചെയ്തു .
               “ഒക്കെയൊരു യോഗാ ..അവള്‍ക്കത് വിധിചിട്ടുണ്ടാവില്ല ..”
              ഞാന്‍ ഞെട്ടി “ആര്‍ക്ക്?”
              “വാസന്തിയുടെ കാര്യമല്ലേ ചോദിച്ചത്‌ ?”
എന്‍റെ ക്ഷമയറ്റു . എന്‍റെ കൈയിലൊരു ചുറ്റിക ഉണ്ടായിരുന്നെങ്കില്‍ അവളുടെ തലക്കിട്ടൊന്നു കൊടുത്തേനെ !എനിക്കിത് വരെ ഒരു പെണ്ണിനോടും ഇത്രയ്ക്ക് ദേഷ്യം തോന്നിയിട്ടില്ല ,എന്‍റെ വീടിനടുത്തൊരു വല്യമ്മയുണ്ട്..പാറുവെന്നാണ് പേര് .അവര്‍ക്ക് കഞ്ഞി ഭയങ്കര ഇഷ്ടമാണ്.ബുദ്ധിക്ക് വൈകല്യമുള്ള അവരെ ആരെങ്കിലും ‘കഞ്ഞിപ്പാറു ‘വെന്നു വിളിച്ചാല്‍ പാറു വല്യമ്മ അവരെയും അവരുടെ അമ്മയെയും അച്ഛനെയു തെറി വിളിക്കും .ചിലപ്പോള്‍ വഴിയെ പോവുമ്പോള്‍ നമ്മളെ ഉപദ്രവിക്കുകയും ചെയ്യും .അവരോടു പോലും എനിക്ക് ഇത്രയ്ക്ക് ദേഷ്യം തോന്നിയിട്ടില്ല . എന്തും വരട്ടെ ! വിരസതയൊഴിവാക്കാന്‍ ഞാന്‍ വീണ്ടും ചോദിച്ചു
                  “കുട്ടീടെ പേരെന്താ “
                  “കാളി “
                  “കാളീന്നോ? “ഇക്കാലത്ത്‌ ഇങ്ങനെയും ഒരു പേരോ ?
ഞാന്‍ ചിരിച്ചു .ചിരിയടക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ ചാടിയെഴുന്നേറ്റു.
                   “നിര്‍ത്ത്‌ ..എന്‍റെ ഓമനയാണവള്‍..അവളെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല !”അവളുടെ മുഖം ചുവന്നു .
                  “കുട്ടീ ,ഞാന്‍ നിന്‍റെ പേരാണ് ചോദിച്ചത് ?”
                  “എന്‍റെ പേര് ....പേര് ..?”
ഇനിയുമേതെങ്കിലും കഥാപാത്രത്തിന്‍റെ പേര് പറയുമെന്ന് വിചാരിച്ച് ഞാന്‍ വീണ്ടും ചോദിച്ചു
                 “കുട്ടീ ,നിന്‍റെ പേര് ....?”
പറഞ്ഞു തീരും മുമ്പേ അവള്‍ പറഞ്ഞു
                  “അതേ,അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് “
എനിക്ക് ദേഷ്യം വന്നു   ഹൊ! ഇതെന്തൊരു ജീവി ?ഇതിനെയെങ്ങനെ ഇതിന്‍റെ വീട്ടുകാര്‍ സഹിക്കുന്നു ,ഇന്നത്തെ എന്‍റെ കണി ആരാണാവോ ?
പെട്ടന്നവള്‍ പറഞ്ഞു “അപര്‍ണ”
നല്ല പേര് ...അപര്‍ണ .അവളെന്‍റെ പേര് ചോദിക്കുമെന്ന് ഞാന്‍ വെറുതെ ആശിച്ചു .അതുണ്ടായില്ല .എങ്കിലും ഞാന്‍ പറഞ്ഞു
                 “എന്‍റെ പേര് ഗോവിന്ദന്‍ ..നിലമ്പൂരാണ് വീട് ..”
അവള്‍ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ എന്‍റെ കൈ കടന്നു പിടിച്ചു ,കരഞ്ഞുകൊണ്ട് ചോദിച്ചു
                “പറയൂ ...എവിടെയായിരുന്നു ഇത് വരെ ?എന്തിനാ എന്‍റെ കുട്ടിമാളൂനെ ഇങ്ങനെ വേദനിപ്പിച്ചത് ?”
                “ങേ ?ഞാനോ ഞാനാരെയും വേദനിപ്പിച്ചിട്ടില്ല .ഏതു കുട്ടിമാളു ...?എനിക്കവരെ അറിയില്ല !കുട്ടിക്ക് ആളു തെറ്റി !”
അവള്‍ ഉറക്കെ കരഞ്ഞു .ആരെങ്കിലും കേള്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു .
                “ങേ ?പട്ടണത്തില്‍ പോയി ജോലി തരപ്പെട്ടാല്‍ മാളൂനെ കൊണ്ടുപോകാന്‍ വരുമെന്ന് പറഞ്ഞിട്ട് എല്ലാം മറന്നോ ?....ഇല്ല ..കുട്ടിമാളുന്‍റെ ഗോവിന്ദേട്ടനെ ഞാന്‍ വിടില്ല !എനിക്ക് വയ്യ എന്‍റെ കുട്ടിമാളുവിന്‍റെ കണ്ണീരു കാണാന്‍ “
അവള്‍ പിന്നേയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു .ദൈവമേ ..ആരെങ്കിലും കണ്ടാല്‍ എന്‍റെ മാനം പോയത് തന്നെ !അവളെന്‍റെ കാലില്‍ പിടിചാണിപ്പോള്‍ കരയുന്നത് .ഞാനെന്‍റെ കാര്‍ന്നവന്മാരെ വിളിച്ചു പ്രാര്‍ത്ഥിച്ചു .എന്‍റെ സ്റ്റേഷനെത്തിയിട്ടില്ല,എങ്കിലും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്നു ഞാന്‍ നിശ്ചയിച്ചു .ഒരു ഭ്രാന്തിയുടെ കൂടെ ആണല്ലോ ഭഗവാനേ എനിക്ക് യാത്ര ചെയ്യേണ്ടതെന്ന് ഓര്‍ത്ത്‌ സങ്കടം വന്നു .സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബര്‍ത്തില്‍ നിന്നും ഞാനെന്‍റെ ബാഗെടുത്തു.അവള്‍ ചിരിച്ചു .
             “അപ്പോള്‍ സ്ഥലം മറന്നിട്ടില്ലല്ലേ?എന്നെ പറ്റിക്കുകയായിരുന്നു”
ഞാന്‍ ശരിക്കും ഞെട്ടിയതപ്പോഴാണ്.അവളും ബാഗെടുത്ത് എന്‍റെയൊപ്പം സ്റ്റേഷനിലിറങ്ങി.
              “വാ ഇവിടെ വെച്ചാണ് സോമാസുന്ദര്‍ കുട്ടിമാളൂന്‍റെ കഥ എഴുതിയത് ..ഇതാണവളുടെ നാട് ....!”
പേര് പറയാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ആത്മാര്‍ത്ഥമായി ശപിച്ചു .സോമസുന്ദരിനെപ്പോഴാണാവോ ഇങ്ങനെ ഒരു കുട്ടിമാളുവിന്‍റെ കഥയെഴുതാന്‍ തോന്നിയത് ?അല്ല ,അയാളെ പറഞ്ഞിട്ടെന്തിനാ? ഇതെല്ലാം വായിച്ചു സത്യമെന്നു വിചാരിക്കുന്ന ഈ ഭ്രാന്തിപെണ്ണിനെ പറഞ്ഞാല്‍ മതിയല്ലോ ? സോമസുന്ദറിന്‍റെ കഥയിലെ കുട്ടിമാളുന്‍റെ ഗോവിന്ദനായി എന്നെ ചിത്രീകരിച്ച ഇവള്‍ -അപര്‍ണ –ഏതു കഥയിലെ ഭ്രാന്തിയായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല
                 നീണ്ട ചെങ്കല്‍ പാതയിലൂടെ അവളെന്നെ വലിച്ചുകൊണ്ട് “കുട്ടിമാളൂന്റെ ഗോവിന്ദന്‍ വന്നേ...എന്നുറക്കെ പറഞ്ഞുകൊണ്ടിരുന്നു .പാതക്കിരുവശവും ആളുകള്‍ ചിലര്‍ അമ്പരക്കുന്നതും,ചിലര്‍ ചിരിക്കാന്‍ പാട് പെടുന്നതും കൈവിലങ്ങിട്ട കുറ്റവാളിയെ പോലെ നിസ്സഹായതയോടെ ഞാന്‍ കണ്ടു.അപര്‍ണ വായിച്ച കഥയിലെ കഥാപാത്രങ്ങളാണെതെന്നു എനിക്ക് തോന്നി ....
           ..തീവണ്ടി കൂവികരഞ്ഞു കൊണ്ട് പാഞ്ഞു ...ദൂരമറിയാത്ത ചെങ്കല്‍ പാതയിലൂടെ ഗോവിന്ദന്‍റെ കൈ പിടിച്ചു അപര്‍ണ ഓടിക്കൊണ്ടിരുന്നു .അവളില്‍ നിന്നും രക്ഷ നേടാനുള്ള ഉപായം ആലോചിച്ചു ഗോവിന്ദന്‍റെ മനസ്സും ! .

8 അഭിപ്രായങ്ങൾ:

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഇങ്ങനെയും ചില കഥാപാത്രങ്ങള്‍

സഹായാത്രികക്ക് സ്നേഹാശംസകള്‍

hafsa പറഞ്ഞു...

KADHA NJAAN VAAYICHU..NANNAYITUND..INIYUMEZHUTHANAM..

HussainNellikkal പറഞ്ഞു...

നല്ലയൊരു വായനാനുഭവം തന്നു. എവിടെയോ കണ്ടു മറന്ന കഥാപാത്രങ്ങള്‍ - അഭിനന്ദനങ്ങള്‍ ,തുടരുക .......

Arif Zain പറഞ്ഞു...

ഹ ഹ വായിച്ചു രസിച്ചു. വെറുതെ ഓരോ ഏടാകൂടങ്ങള്‍ വലിച്ചു വായിലിടുന്നത് ശ്രദ്ധിച്ചു വേണം.

BELIEVE IT OR NOT പറഞ്ഞു...

എവിടെവേച്ചോ എപ്പോഴോ നാമറിഞ്ഞും അറിയാതെയും നമ്മെ കടന്നുപോയ ഒരുപിടി മുഖങ്ങള്‍ ,, ഇനിയുമെത്ര ഇതേപോലെ കടന്നുപോവാനിരിക്കുന്നു .. നന്നായി .ആശംസകള്‍

വിരല്‍തുമ്പ്‌ പറഞ്ഞു...

നന്നായെഴുതിയ അനുഭവം.. അല്പം രസിചെങ്കിലും
ഇത്തിരി വേദനയും തന്നു .. ആശംസകള്‍ ...

കുപ്പിവള പറഞ്ഞു...

നന്ദി.....റശീദ്,ഹഫ്സ,ഹുസൈന്‍,ആരിഫ്,ബിലീവ് ഇറ്റ് ഓര്‍ നോട്ട്,വിരല്‍തുമ്പ്...ഇനിയും വരിക..അഭിപ്രായങ്ങള്‍ പറയുക

മണ്ടൂസന്‍ പറഞ്ഞു...

ഹ ഹ ഹ നല്ല കഥ. ആരിഫിക്ക പറഞ്ഞ പോലെ വെറുതെ ഓരോ ഏടാകൂടങ്ങൾ വലിച്ച് മേലിക്കിടുന്നത് സൂക്ഷിച്ച് വേണം. ഹ ഹ ഹ . സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം. ആശംസകൾ.

കുറച്ച് പാട്ട് കേട്ടാലോ ?