തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഒരു പിടിച്ചോറ്

അവരെന്നും സ്നേഹിച്ചിരുന്നത് ബലികാക്കകളെയാണ്.മരിച്ചു പോയവരാണ് ബലികാക്കകളാവുന്നത് എന്നാണ് അമ്മ അവരോട് പറഞ്ഞിട്ടുള്ളത്...ഉച്ചക്ക് അമ്മ ചോറ് ചമ്മന്തിയും കൂട്ടി ഉരുട്ടി കൊടുക്കുമ്പോള്‍ ഒരു പിടി അവര്‍ കയ്യില്‍ വാങ്ങും...അവരുടെ കാക്കകള്‍ക്ക് കൊടുക്കാന്‍.അവര്‍ക്കരികില്‍ വരുന്ന ബലിക്കാക്ക അവരുടെ അച്ഛനാണെന്ന് അവര്‍ വിശ്വാസിച്ചു..
                                അവരുടെ കയ്യില്‍ നിന്നും കൊതിയോടെ ബലികാക്കകള്‍ ചോറ് തട്ടിയെടുക്കുമ്പോള്‍ അവരറിയാതെ പറയും
"ശ്ശോ,ഇത്രയ്ക്ക് കൊതിയോ?,ന്‍റെ  കൈ      നൊന്തല്ലോ?"

ഒരിക്കല്‍ മാധവമാമ്മയുടെ മോളുടെ കല്യാണത്തിന് ഒരു പിടിച്ചോറുമായി ഓടി കാക്കയെ വിളിച്ചപ്പോള്‍ അവരൊക്കെ  ചിരിച്ചതു മാത്രം അവര്‍ക്ക് മനസ്സിലായില്ല.
                                   ഒരു ദിവസം കാക്കയെ നോക്കി "ഞങ്ങളുടെ അച്ഛനും ഇതു പോലെയാണോ.."എന്നു ചോദിച്ചപ്പോള്‍അമ്മയുടെ കണ്ണുനിറഞ്ഞു മുഖം ചുവന്നത് അവരറിഞ്ഞിരിക്കില്ല.കൂട്ടുകാരൊക്കെ  അപ്പംചുട്ടും,കണ്ണുപൊത്തിയും കളിക്കുമ്പോള്‍ അവര്‍ കാക്കകളെ വിളിക്കും   ....."വാ അച്ഛാ ,കണ്ണന്‍റേം,അപ്പൂന്‍റേം അപ്പം തിന്നാന്‍ വാ.."ഒരു നിമിഷം വൈകിയാല്‍ കണ്ണന്‍ കരയും..............".അച്ഛന്  കണ്ണനെ ഇഷ്ടമല്ലേ..."എന്നു ചോദിക്കും
                                 മാഷുടെ കയ്യില്‍ നിന്നും അടി വാങ്ങി കരയുമ്പോള്‍ കണ്ണന്‍ ജനലിലൂടെ ഓലയിലിരിക്കുന്ന കാക്കയെ നോക്കി ചോദിക്കും "അച്ഛന്‍റെ മോനെയല്ലേ തല്ലുന്നത്...ഒരു കൊത്തുകൊടുത്താലെന്താ  ?"
                              പിന്നീടവര്‍ ബലികാക്കകള്‍ക്ക് പിന്നില്‍ നടന്നു കളിക്കുന്നത് പതിവാക്കി...ഒടുവില്‍ പുഴയുടെ ഇക്കരയില്‍ നിന്നും മറുകരയിലേക്ക് കാക്കകള്‍ പറക്കുമ്പോള്‍ പുറകേ പോയ അവരറിഞ്ഞിരിക്കില്ല  ബലികാക്കകള്‍ തങ്ങളെ കൂട്ടികൊണ്ടുപോകുന്നത് അച്ഛന്‍റെ ലോകത്തിലേക്കാണെന്ന്................................
  
*****************************************************
2002 ലെ അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു
=============================================================================================                    

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?