ശനിയാഴ്‌ച, ഡിസംബർ 03, 2011

വീണ്ടും ഒരു ഓണക്കാലം-(കഥ)

നാരായണന്‍റെ  പറമ്പ് നിറയെ മുക്കുറ്റിയും,തുമ്പയുംആണ് . ചിരിച്ചു നില്‍ക്കുന്ന കാക്കപൂവുകളുടെ ഭംഗി

 ഒന്ന് കാണേണ്ടതു തന്നെ ആണ് .അന്ന് ഓണത്തിന് നാരായണന്‍ ഉണരുന്നതിനു മുമ്പേ ഞാനും ദേവനും വാസുവും പൂക്കളിറുക്കാന്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു . ദേവന്‍റെ വീട്ടില്‍ പൂക്കളമിടാറില്ല,  അശേഷം ശാന്തതയില്ലാത്ത  അവന്‍റെ അച്ഛനതിഷ്ടമില്ല  .  അവന്‍റെ അച്ഛനൊരു പട്ടാളക്കാരനാണ് ,അതിന്‍റെ യാതൊരു ഗുണങ്ങള്‍

ഒന്നുമില്ലാത്ത ഒരാള്‍ ..അവരുടെ വീട്ടില്‍ എന്നും വഴക്കാണ് .ചായയ്ക്ക്‌ ചൂട് പോര ,കറിക്ക് ഉപ്പു കൂടി ,മഞ്ഞള്‍ കൂടി....എന്നെല്ലാമുള്ള ചില മുട്ട്ന്യായങ്ങളും .അവന്‍റെ അമ്മ ഒരു പാവമാണ്.എത്ര ഉപദ്രവിചാലും സ്വര്‍ഗരാജ്യം തനിക്കു മാത്രം വിധിച്ചതാണെന്നുളള രീതിയില്‍ കൈകൂപ്പി നില്‍ക്കുകയേ ഉള്ളൂ. അവരുടെ മുന്‍ നിരയിലെ  ആറുപല്ലുകള്‍ ഇല്ല .എന്തോ

നിസ്സാരക്കാര്യത്തിനു  അയാള്‍ ഉന്തിയിട്ടതാണത്രെ !അമ്മുമ്മ പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത് .എന്നാലും അവന്‍റെ അമ്മ പറയുന്നത് അത് കാലു തട്ടി വീണതാണെന്ന് 


                                           വാസുവിന്‍റെ വീട്ടിലും കഴിഞ്ഞ എഴുകൊല്ലമായി
പൂക്കളമിടാറില്ല ,വാസുവിന്‍റെ അച്ഛന്‍ മരിച്ചതില പിന്നെയാണത് .ചെറിയചഛനാണ് അവരെ നോക്കുന്നത് ..അതുകൊണ്ട് തന്നെ വാസുവും ഞങ്ങളുടെ ഒപ്പം കൂടും .ദേവന്‍റെ അനിയത്തിയും

ഞങ്ങളുടെ കൂട്ടത്തിലുണ്ടാവും ;സതി !അവളെ ഞങ്ങള്‍ പൂക്കളത്തിന്‍റെ അടുത്തൊന്നും അടുപ്പിക്കാറില്ല ...ചീവിടിന്‍റെ ശബ്ദമുള്ള ആ 'മൂക്കട്ടച്ചാമ്പി ' ഞങ്ങള്‍ക്കൊരു ശല്യമാണ് .പൂക്കളത്തില്‍ അവളുടെ വക നിര്‍ദ്ദേശമുണ്ടാവും "അകത്ത്‌ തുമ്പയിട്ടമതി, മഞ്ഞ ഇപ്പരതാവാം,ചെത്തി ചുറ്റുമിട്ടിലെങ്കില്‍ കാണാന്‍ ഒരു ചന്തവുമിണ്ടാവില്ല ..,അത് ശരിയാവില്ല ,ഞാനത് മായ്ക്കും"ഇങ്ങനെ

പോകുന്നു  അവളുടെ അഭിപ്രായങ്ങള്‍ ....
                                       
                                         തിരുവോണത്തിന്‍റെ അന്ന് വലിയ പൂക്കളമാണ് ഇടാറ്.ഉത്രടത്തിന്‍റെ അന്ന് തൊട്ടേ ദേവന്‍ കൂടുതല്‍ സമയവും ഞങ്ങളുടെ വീട്ടിലാണ് . ഓണത്തിന് കുട്ട നിറയെ പലഹാരങ്ങള്‍

ഉണ്ടാക്കണമെന്നാണ് അമ്മാമയുടെ നിര്‍ദേശം ,പലഹാരങ്ങളുമായിട്ടായിരിക്കും അവന്‍ വരുന്നത് .മുഷിഞ്ഞ ട്രൌസറിന്റെ കീശയില്‍ ശര്‍ക്കരവരട്ടിയോ നെയ്യപ്പത്തിന്റെ ബാക്കിയോ

കാണും ;കുറച്ചു കയിലും....അത് നക്കി നക്കിയാണ് വരുന്നത് ..എന്നിട്ട് ഇടയ്ക്കിടയ്ക്ക് അഭിപ്രായം പറയും ...."ശര്‍ക്കര ഇത്തിരി കൂടിപ്പോയി ,സാരല്യ രുചിക്കൊരു കുറവുമില്ല !"വലിയ ആളുകളെ പോലെയുള്ള അവന്റെ പറച്ചില് കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും .എന്നാല്‍ വാസുവിന് ഇതൊക്കെ കാണുമ്പോള്‍ കൊതി വരും ദേവന്റെ നാറിയ ട്രൌസറിന്റെ കാര്യമോര്‍ക്കുമ്പോള്‍ അവനെന്നെ നിസഹായത്തോടെ നോക്കും .അത് മറക്കനെന്നവണ്ണം പറയും "ഓ..ഞങ്ങളുടെ ശര്ക്കരവരട്ടിക്കു എല്ലാം പാകമ!"


                                       മുത്തശ്ശി ഉണ്ടായിരുന്നത്ര കാലം മുത്തശ്ശിയുടെ ആജ്ഞയിലാണ് കാര്യങ്ങള്‍ ,പിന്നെ അമ്മ കാര്യങ്ങള്‍ നടത്താറാ യപ്പോള്‍ വിഭവങ്ങള്‍ ഒന്നൊന്നായി കുറഞ്ഞു .ഉണ്ണിയപ്പമുണ്ടെങ്കില്‍ നെയ്യപ്പമില്ല ,കായ വരുത്താല്‍ ചേന എടുക്കാറില്ല ,പായസം പ്രഥമന്‍ തന്നെ !പഴ പ്രഥമന്‍ ഇല്ലെങ്കില്‍ എന്ത് സദ്യഎന്നാണ് മുത്തശ്ശി ചോദിക്കാറ്.ദേവന് പഴപ്രഥമന്‍ വലിയ ഇഷ്ട്ടമാണ് .ഒരിക്കല്‍ ഓണത്തിന് വീട്ടില്‍ നിന്ന് പായസം

കഴിക്കണമെന്ന് അവനൊരു ആഗ്രഹം .

വലിയ അഭിമാനീയായ അവനതു അമ്മയോട്

പറയാന്‍ ഒരു മടി .ഞാനാണെങ്കില്‍

കൂട്ടുക്കാര്‍ക്ക്‌ വേണ്ടി ഒന്നും

ചോദിക്കാറില്ല .എന്നാലും ഉറ്റ

സ്നേഹിതനായ എനിക്ക് അത് സാധ്യമാക്കി

കൊടുക്കുകയും വേണം .ഞാനൊരു സൂത്രം പറഞ്ഞു ,"തിരുവോണത്തിന്‍റെ അന്ന് ഊണ്

കഴിഞ്ഞു  നീ എന്‍റെ വീട്ടില്‍ വരണം ,അപ്പോള്‍ ഞാന്‍ അമ്മയോട് പറയും 'അമ്മെ...നമ്മുടെ

പായസം ദേവന് കൊടുക്ക്‌ അമ്മയുടെ കൈപ്പുണ്യം അവനൊന്നു അറിയട്ടെ '"പൊങ്ങച്ച

ക്കാരിയായ അമ്മയ്ക്കതു ഇഷ്ട്ടമവും .അമ്മ വിചാരിക്കും അമ്മയുടെ പായസം വളരെ

നന്നായതുകൊണ്ട് കൂട്ടുകാര്‍ക്കിടയില്‍ വലിയ ആളാവാന്‍ ചെയ്ത പണിയാണതെന്നു ,അപ്പോള്‍

നിനക്ക് പായസം ഒരു ചമ്മലുമില്ലാതെ കുടിക്കുകയും ചെയ്യാം ...ആ സൂത്രം അവനും

ബോധിച്ചു .


                                           പറഞ്ഞ പോലെ ദേവന്‍ വന്നു .ഇനി എന്‍റെ ഊഴമാണ് .ഞാന്‍ അമ്മയോട്

വിചാരിച്ചപോലെ പറഞ്ഞു .എന്ത് കൊണ്ടോ അമ്മയെന്നെ തുറിച്ചു നോക്കിയാണ് അടുക്കളയില്‍ നിന്ന് പായസം കൊണ്ടുവന്നത് .വായില്‍ വെള്ളമൂറൂന്നത് ആരും കാണാതിരിക്കാനോ ,നാണം കൊണ്ടോ തല താഴ്ത്തിയിരുന്ന ദേവന്‍ അമ്മയുടെ അപ്പോഴത്തെ ഭാവം കാണാതിരുന്നത് എന്‍റെ ഭാഗ്യം കൊണ്ടാവണം .അമ്മ ദേവന്‍റെ നേരെ പായസം നീട്ടി -ഇതൊക്കെ എത്ര കുടിച്ചു മടുത്തിരിക്കുന്നു എന്ന ഭാവത്തില്‍ അവന്‍ വേണ്ടയെന്നു പറഞ്ഞു .അവന്‍റെ നാണം കൊണ്ടാണതെന്ന് എനിക്ക് മനസിലായെങ്കിലും അമ്മയ്ക്കതറിയില്ലല്ലോ ?തിരിച്ചു പോകാനോരുങ്ങവേ അമ്മ ഒന്നുകൂടി പായസം നീട്ടി .അവന്‍ പിന്നെയും വേണ്ടയെന്നു തന്നെ തലയാട്ടി .കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കി പായസം

വാങ്ങിക്കോള്ളാന്‍ ആംഗ്യം കാണിച്ചത് നാണം കൊണ്ട് തലതാഴ്ത്തിയിരുന്ന അവന്‍

കണ്ടില്ല . വൈകീട്ട് വരുന്ന അച്ഛന്റെ കൂട്ടുകാരന് വേണ്ടി മാറ്റി വെച്ച പായസമാണതെന്ന് പിന്നീട്

ഞാനറിഞ്ഞു .അമ്മ പായസ ഗ്ലാസ്സുമായി അടുക്കളയിലേക്കു തിരിച്ചു പോവുമ്പോള്‍ നിഷ്കളങ്കനായ അവന്‍റെ കണ്ണിലെ ഭാവം എനിക്ക് വര്‍ണിക്കാന്‍ അറിയുന്നതിലും അപ്പുറമാണ് .അമ്മ അവനെ നിര്‍ബന്ധിച്ചു കുടിപ്പിക്കുമെന്ന് അവനും ,അവനു വേണ്ടാന്ന് അമ്മയും കരുതി .അങ്ങനെ രണ്ടു പേരുടെയും ഭാഗത്ത്‌ കുറ്റമില്ലാതെ ആ കേസ് തള്ളിപ്പോയി .
                                        
ആടിതിമിര്‍ത്തു നടന്നിരുന്ന

ഞങ്ങള്‍ക്ക് ഓണമെന്നാല്‍
പൂക്കളവും പായസവും

അമ്മയുടെ വീട്ടിലേക്കുള്ള

യാത്രയുമായിരുന്നു .

അവധികളൊന്നുമില്ലാതെ

എന്നും ഒരേ ജോലിയുമായി

അടുക്കളയില്‍ കഴിയുന്ന അമ്മമാരുടെ

ലോകം ഞങ്ങള്‍ക്കെന്നുമൊരു

അത്ഭുതമായിരുന്നു .

****************************************************************
                                             ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് വിരലുകള്‍ മാറി മാറി കുത്തുന്ന

അനിലിന്റെ കണ്ണുകളിലേക്കു ഞാന്‍ അത്ഭുതത്തോടെ നോക്കി .കുട്ടിക്കാലത്തെ ഓണക്കാലത്ത്

ഞങ്ങള്‍ക്കുണ്ടാകുന്ന ഉത്സാഹവും സന്തോഷമൊന്നും ആ കണ്ണുകളില്‍കാണുന്നില്ല .ലോകം എത്ര മാറിയിരിക്കുന്നു ;ആളുകളും !അവനു മൂന്നു ദിവസമേ അവധിയോള്ളു.ട്യൂഷനും

കമ്പ്യൂട്ടരുമോക്കെയായി അവന്‍ വളരെ 'ബിസി' യാണ്  .

                                        " ഓണമല്ലേ നീ ഇന്നെങ്കിലും ഒന്ന് അമ്പലത്തില്‍ പോടാ " ഞാന്‍

ശാസിച്ചു ."അച്ഛനെന്താ പറഞ്ഞാല്‍ മനസ്സിലാവില്ലേ ,ഇനി ഇപ്പോള്‍ തന്നെ ബാബു വരും

സി.ഡി.കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട് .മൂന്നു ദിവസം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ

തീരും ,അച്ഛന്‍ അടുക്കളയില്‍ ചെല്ല് ,അമ്മ അന്വേഷിക്കുന്നതുകെട്ടു "വാസന്തി അടുക്കളയില്‍

പാചകത്തിലാണ് ഒന്ന് എത്തി നോക്കിയില്ലെന്നു വേണ്ട ,ചെന്നാല്‍ പരാതിയുടെ കെട്ടഴിക്കും ."ഞാനോരാളുണ്ട് ഇങ്ങനെ ഓടിനടക്കാന്‍ ,എനിക്ക് നാല് കാലൊന്നുമില്ല ,അച്ഛനും

മോനുമിങ്ങനെ വെറുതെയിരുന്നു ടി .വി .കണ്ടാല്‍ പോരെ   നേരത്തിനു ഭക്ഷണം മേശപ്പുറത്തു എത്തുമല്ലോ ?"..........അങ്ങനെ അങ്ങനെ .അടുക്കളയിലേക്കു കയറിയപ്പോള്‍ വാസന്തി തിരക്കിലാണ് .അവള്‍ മുഖമുയര്‍ത്തുന്നില്ല ."ഇത്തവണഎന്താ നാട്ടില്‍ പോകാതിരുന്നത് ?"കറിക്ക് കടുക് താളിക്കുന്നത്തിനിടയില്‍ വാസന്തി ചോദിച്ചു .'ഓ ദൈവമേ താനത് മറന്നിരിക്കുന്നു നാടും, നാട്ടുവഴിയും ,പൂവും ,പൂക്കളവും ,'മോന്‍' എന്ന് മാത്രം ഉച്ചരിക്കാനറിയാവുന്ന അമ്മയെയും മറക്കാന്‍ മാത്രം വളര്‍ന്നോ താന്‍ ?അമ്മ തന്നെ കാത്തിരിക്കുന്നുണ്ടാവും ,കൊട്ടറംബിലെ പായസനിവേധ്യവുമായി പടിക്കല്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടാവും .മക്കളെല്ലാം ജോലിത്തിരക്ക് പറഞ്ഞു അകലേക്ക്‌ അകലേക്ക്‌

പോയപ്പോള്‍ ,അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്ക് കൊളുത്തണമെന്ന് പറഞ്ഞു അമ്മ അവിടെ

തന്നെ നിന്ന് ,കൂട്ടിനു അമ്മയുടെ 'കണ്ണും ,കാതുമായ '(അമ്മ അങ്ങനെയാണ് പറയാറ് )

അമ്മുവേടത്തിയും .പണ്ട് അമ്മാമയുക്ക് സഹായമായി നിന്നിരുന്ന ഇക്കംമയുടെ മകളാണ്

അമ്മുവേടത്തി .ഇക്കാംയുടെ യഥാര്‍ഥ പേര് ഇപ്പൊഴു എനിക്കറിഞ്ഞുകൂടാ .ഇനി

വൈകികൂടാ ,വേഗം തന്നെ പോകണം അനിലിനെ വിളിക്കണം ,വരുമോ ആവോ ?കഴിഞ്ഞ

തവണ അമ്മ ചോദിച്ചതാണ് "അനി, ഞാനിന്നു അമ്മാമ്മയെ കാണാന്‍ പോകുന്നുണ്ട് ,നീ വരുന്നോ ?"

"ഇല്ല ഞാനിവിടെ ഇരുന്നോളാം  "വേഗത്തില്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്നതിനിടെ വാസന്തി ഒരു പൊതി കൊണ്ട് വന്നു "ഇത് അമ്മയ്ക്ക് കൊടുക്കണം .കുറച്ചു നെയ്യപ്പമാണ് "വാസന്തിക്കു അമ്മയെന്ന് വെച്ചാല്‍ ജീവനാണ് ,അമ്മയ്ക്കും അതുപ്പോലെ തന്നെ !


************************************************************************************
                                        വഴിയരികില്‍ കടകളെല്ലാം നന്നായി അലങ്കരിച്ചിരിക്കുന്നു ,ഇന്ന്

ഓണമാണ് .....അങ്ങനെ എത്ര ഓണങ്ങള്‍ !'സാര്‍ ഇതെങ്കിലും എടുക്കു സാര്‍ ..ഇതിനു അമ്പതു

രൂപയെ ഉള്ളു സാര്‍' ,'ഇതാ പത്ത് രൂപയെ ഉള്ളു സാര്‍; ,ഉണ്ണിയപ്പത്തിന്റെ പൊതി പിടിച്ചു

കൊണ്ട് ഒരുത്തന്‍ .നല്ല ഒരു കടയില്‍ നിന്ന് അമ്മയ്ക്ക് ഒരു മുണ്ടും നേര്യതും വാങ്ങി ,കടയില്‍

നിന്ന് ഇറങ്ങുമ്പോള്‍ വല്ലാത്തൊരു തൃപ്തി ;മുടങ്ങാത്തതാണിത് .പാലക്കാട്ടെക്കുള്ള ബസ്‌

കയറിയപ്പോള്‍ തന്നെ ഉറങ്ങിപ്പോയി ,പിന്നെ എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ഇറങ്ങാനുള്ള സ്ഥലമെത്തി .അവിടത്തെ മണ്ണില്‍ കാല്‍ വെച്ചപ്പോള്‍ എന്താന്നില്ലാത്ത ഒരനുഭൂതി വരമ്പിലൂടെ

നടക്കുമ്പോള്‍ നേരെ വരുന്നയാള്‍ സൂക്ഷിച്ചുനോക്കി "കുട്ടിശേഖരനാണോ?""അതെ " ഓഫീസിലും കൂട്ടുക്കര്‍ക്കിടയിലും 'മിസ്റ്റര്‍ ശേഖര്‍'ന്‍റെ യിടയില്‍ 'കുട്ടി' മുങ്ങിപ്പോയിരിക്കുന്നു .അമ്മ പടിക്കല്‍

തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ,എന്റെ നടത്തം അകലെ നിന്നുതന്നെ

അമ്മ മനസിലാക്കി അമ്മ അകത്തേക്ക് വിളിച്ചു പറഞ്ഞു "അമ്മൂട്ടി ,പായസമെടുതുവേച്ചോ

അവന്‍ വരുന്നുണ്ട് ...മോനങ്ങു ക്ഷീണിച്ചുപോയല്ലോ ?"പതിവുശൈലിയില്‍ അമ്മ ചോദിച്ചപ്പോള്‍

കണ്ണ് നിറഞ്ഞു പോയി .മുണ്ടും നെര്യതിന്റെയും പൊതി ഏല്‍പ്പിച്ചപ്പോള്‍ അമ്മ ചോദിച്ചു

"എന്തിനാ മോനെ വെറുതെ,എത്രയെണ്ണമ പുതിയത് ?

ഒന്നും ഉടുത്തിട്ടില്ല "കൊട്ടറംബിലെ പായസത്തിനു പതിവിലേറെ രസം .വൈകീട്ട് അമ്മയോട് യാത്രയും പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു പറഞ്ഞു അടുത്ത ഓണത്തിന് അവനെയും കൊണ്ടുവരണം ,അവനും കാണട്ടെ ഇവിടത്തെ ഓണവും വിശുദ്ധിയും.

6 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ താങ്കളുടെ എഴുത്ത് ശെരിക്കും മനസ്സില്‍ തട്ടി....
പണ്ട് എന്റെ വീടിന്റെ അടുത്തുള്ള മെനോന്റെ വീട് ഓര്‍മ വന്നു, അവിടെ രജീഷ് രമ്യ എന്ന രണ്ട് എന്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നു, ഇന്ന് അവരെല്ലാം എവിടെ എന്ന് പോലുമറിയില്ലാ, ഞാന്‍ പ്രവാസിയായി അവരെക്കൊ വേറെ എവിടെയൊക്കെയാണ്
നന്ദി

സാബിദ മുഹമ്മദ്‌ റാഫി പറഞ്ഞു...

നന്നായിരിക്കുന്നു
വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കുക

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നന്നായിരിക്കുന്നു.. ഒന്ന് കൂടി ചിട്ടപ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ ഒഴുക്കോടെ വായനക്കാരെന്‍റെ മനസ്സില്‍ കയറാന്‍ കഴിയുമായിരുന്നെന്ന് വായിച്ചപ്പോള്‍ തോന്നി.. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ.. ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നന്നായി എഴുതി
പക്ഷെ കറുപ്പില്‍ വെള്ളഅക്ഷരങ്ങള്‍ കണ്ണ് പൊള്ളിക്കുന്നു

പഥികൻ പറഞ്ഞു...

സുസ്വാഗതം...കൂടുതൽ എഴുതൂ...

dhanya പറഞ്ഞു...

കഥകള്‍ എല്ലാം നല്ല നിലവാരം പുലര്‍ത്തി തുടങ്ങിയിരിക്കുന്നു. ഏഴുത്തിനൊപ്പം നല്ല ബുക്സ്‌ വായിക്കാന്‍ സ്രെമിക്കണം.

കുറച്ച് പാട്ട് കേട്ടാലോ ?