കഥകള്‍-

നാരായണന്‍റെ പറമ്പ് നിറയെ മുക്കുറ്റിയും,തുമ്പയും ആണ് . ചിരിച്ചു നില്‍ക്കുന്ന കാക്കപൂവുകളുടെ ഭംഗി ഒന്ന് കാണേണ്ടതു തന്നെ ആണ് .അന്ന് ഓണത്തിന് നാരായണന്‍ ഉണരുന്നതിനു മുമ്പേ ഞാനും ദേവനും വാസുവും പൂക്കളിറുക്കാന്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു . ദേവന്‍റെ വീട്ടില്‍ പൂക്കളമിടാറില്ല,  അശേഷം ശാന്തതയില്ലാത്ത  അവന്‍റെ അച്ഛനതിഷ്ടമില്ല  .  അവന്‍റെ അച്ഛനൊരു പട്ടാളക്കാരനാണ് ,അതിന്‍റെ യാതൊരു ഗുണങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ ..അവരുടെ വീട്ടില്‍ എന്നും വഴക്കാണ് .ചായയ്ക്ക്‌ ചൂട് പോര ,കറിക്ക് ഉപ്പു കൂടി ,മഞ്ഞള്‍ കൂടി....എന്നെല്ലാമുള്ള ചില മുട്ട് ന്യായങ്ങളും .അവന്‍റെ അമ്മ ഒരു പാവമാണ്.എത്ര ഉപദ്രവിചാലും സ്വര്‍ഗരാജ്യം തനിക്കു മാത്രം വിധിച്ചതാണെന്നുളള രീതിയില്‍ കൈകൂപ്പി നില്‍ക്കുകയേ ഉള്ളൂ. അവരുടെ മുന്‍ നിരയിലെ  ആറുപല്ലുകള്‍ ഇല്ല .എന്തോ നിസ്സാരക്കാര്യത്തിനു  അയാള്‍ ഉന്തിയിട്ടതാണത്രെ !അമ്മുമ്മ പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത് .എന്നാലും അവന്‍റെ അമ്മ പറയുന്നത് അത് കാലു തട്ടി വീണതാണെന്ന് 
                                           വാസുവിന്‍റെ വീട്ടിലും കഴിഞ്ഞ എഴുകൊല്ലമായി പൂക്കളമിടാറില്ല ,വാസുവിന്‍റെ അച്ഛന്‍ മരിച്ചതില്‍ പിന്നെയാണത് .ചെറിയചഛനാണ് അവരെ നോക്കുന്നത് ..അതുകൊണ്ട് തന്നെ വാസുവും ഞങ്ങളുടെ ഒപ്പം കൂടും .ദേവന്റെ അനിയത്തിയും ഞങ്ങളുടെ കൂട്ടത്തിലുണ്ടാവും ;സതി !അവളെ ഞങ്ങള്‍ പൂക്കളത്തിന്‍റെ അടുത്തൊന്നും അടുപ്പിക്കാറില്ല ...ചീവിടിന്റെ ശബ്ദമുള്ള ആ 'മൂക്കട്ടച്ചാമ്പി ' ഞങ്ങള്‍ക്കൊരു ശല്യമാണ് .

പൂക്കളത്തില്‍ അവളുടെ വക നിര്‍ദ്ദേശമുണ്ടാവും "അകത്ത്‌ തുമ്പയിട്ടമതി, മഞ്ഞ ഇപ്പരതാവാം,ചെത്തി ചുറ്റുമിട്ടിലെങ്കില്‍ കാണാന്‍ ഒരു ചന്തവുമിണ്ടാവില്ല ..,അത് ശരിയാവില്ല ,ഞാനത് മായ്ക്കും"ഇങ്ങനെ പോകുന്നു  അവളുടെ അഭിപ്രായങ്ങള്‍ ....


                                        തിരുവോണത്തിന്‍റെ അന്ന് വലിയ പൂക്കളമാണ് ഇടാറ്.ഉത്രടതിന്‍റെ അന്ന് തൊട്ടേ ദേവന്‍ കൂടുതല്‍ സമയവും ഞങ്ങളുടെ വീട്ടിലാണ് . ഓണത്തിന് കുട്ടാ നിറയെ പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നാണ് അമ്മാമയുടെ നിര്‍ദേശം ,പലഹാരങ്ങളുമായിട്ടായിരിക്കും അവന്‍ വരുന്നത് .മുഷിഞ്ഞ ട്രൌസറിന്റെ കീശയില്‍ ശര്ക്കരവരട്ടിയോ നെയ്യപ്പത്തിന്റെ ബാക്കിയോ കാണും ;കുറച്ചു കയിലും....അത് നക്കി നക്കിയാണ് വരുന്നത് ..എന്നിട്ട് ഇടയ്ക്കിടയ്ക്ക് അഭിപ്രായം പറയും ...."ശര്‍ക്കര ഇത്തിരി കൂടിപ്പോയി ,സാരല്യ രുചിക്കൊരു കുറവുമില്ല !"വലിയ ആളുകളെ പോലെയുള്ള അവന്റെ പറച്ചില് കേള്‍ക്കുമ്പോള്‍ തന്നെ ചിരി വരും .എന്നാല്‍ വാസുവിന് ഇതൊക്കെ കാണുമ്പോള്‍ കൊതി വരും ദേവന്റെ നാറിയ ട്രൌസറിന്റെ കാര്യമോര്‍ക്കുമ്പോള്‍ അവനെന്നെ നിസഹായത്തോടെ നോക്കും .അത് മറക്കനെന്നവണ്ണം പറയും "ഓ..ഞങ്ങളുടെ ശര്ക്കരവരട്ടിക്കു എല്ലാം പാകമ!"
                                       മുത്തശ്ശി ഉണ്ടായിരുന്നത്ര കാലം മുത്തശ്ശിയുടെ ആജ്ഞയിലാണ് കാര്യങ്ങള്‍ ,പിന്നെ അമ്മ കാര്യങ്ങള്‍ നടത്താറാ യപ്പോള്‍ വിഭവങ്ങള്‍ ഒന്നൊന്നായി കുറഞ്ഞു .ഉണ്ണിയപ്പമുണ്ടെങ്കില്‍ നെയ്യപ്പമില്ല ,കായ വരുത്താല്‍ ചേന എടുക്കാറില്ല ,പായസം പ്രഥമന്‍ തന്നെ !പഴ പ്രഥമന്‍ ഇല്ലെങ്കില്‍ എന്ത് സദ്യഎന്നാണ് മുത്തശ്ശി ചോദിക്കാറ്.ദേവന് പഴപ്രഥമന്‍ വലിയ ഇഷ്ട്ടമാണ് .


ഒരിക്കല്‍ ഓണത്തിന് വീട്ടില്‍ നിന്ന് പായസം കഴിക്കണമെന്ന് അവനൊരു ആഗ്രഹം . വലിയ അഭിമാനീയായ അവനതു അമ്മയോട് പറയാന്‍ ഒരു മടി .ഞാനാണെങ്കില്‍ കൂട്ടുക്കാര്‍ക്ക്‌ വേണ്ടി ഒന്നും ചോദിക്കാറില്ല .എന്നാലും ഉറ്റ സ്നേഹിതനായ എനിക്ക് അത് സാധ്യമാക്കി കൊടുക്കുകയും വേണം .ഞാനൊരു സൂത്രം പറഞ്ഞു ,"തിരുവോണത്തിന്‍റെ അന്ന് ഊണ് കഴിഞ്ഞു  നീ എന്‍റെ വീട്ടില്‍ വരണം ,അപ്പോള്‍ ഞാന്‍ അമ്മയോട് പറയും 'അമ്മെ...നമ്മുടെ പായസം ദേവന് കൊടുക്ക്‌ അമ്മയുടെ കൈപ്പുണ്യം അവനൊന്നു അറിയട്ടെ '"പൊങ്ങച്ച ക്കാരിയായ അമ്മയ്ക്കതു ഇഷ്ട്ടമവും .അമ്മ വിചാരിക്കും അമ്മയുടെ പായസം വളരെ നന്നായതുകൊണ്ട് കൂട്ടുകാര്‍ക്കിടയില്‍ വലിയ ആളാവാന്‍ ചെയ്ത പണിയാണതെന്നു ,അപ്പോള്‍ നിനക്ക് പായസം ഒരു ചമ്മലുമില്ലാതെ കുടിക്കുകയും ചെയ്യാം ...ആ സൂത്രം അവനും ബോധിച്ചു .
                                           പറഞ്ഞ പോലെ ദേവന്‍ വന്നു .ഇനി എന്‍റെ ഊഴമാണ് .ഞാന്‍ അമ്മയോട് വിചാരിച്ചപോലെ പറഞ്ഞു .എന്ത് കൊണ്ടോ അമ്മയെന്നെ തുറിച്ചു നോക്കിയാണ് അടുക്കളയില്‍ നിന്ന് പായസം കൊണ്ടുവന്നത് .വായില്‍ വെള്ളമൂറൂന്നത് ആരും കാണാതിരിക്കാനോ ,നാണം കൊണ്ടോ തല താഴ്ത്തിയിരുന്ന ദേവന്‍ അമ്മയുടെ അപ്പോഴത്തെ ഭാവം കാണാതിരുന്നത് എന്‍റെ ഭാഗ്യം കൊണ്ടാവണം .അമ്മ ദേവന്‍റെ നേരെ പായസം നീട്ടി -ഇതൊക്കെ എത്ര കുടിച്ചു മടുത്തിരിക്കുന്നു എന്ന ഭാവത്തില്‍ അവന്‍ വേണ്ടയെന്നു പറഞ്ഞു .അവന്‍റെ നാണം കൊണ്ടാണതെന്ന് എനിക്ക് മനസിലായെങ്കിലും അമ്മയ്ക്കതറിയില്ലല്ലോ ?തിരിച്ചു പോകാനോരുങ്ങവേ അമ്മ ഒന്നുകൂടി പായസം നീട്ടി .അവന്‍ പിന്നെയും വേണ്ടയെന്നു തന്നെ തലയാട്ടി .കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കി പായസം വാങ്ങിക്കോള്ളാന്‍ ആംഗ്യം കാണിച്ചത് നാണം കൊണ്ട് തലതാഴ്ത്തിയിരുന്ന അവന്‍ കണ്ടില്ല . വൈകീട്ട് വരുന്ന അച്ഛന്റെ കൂട്ടുകാരന് വേണ്ടി മാറ്റി വെച്ച പായസമാണതെന്ന് പിന്നീട് ഞാനറിഞ്ഞു .അമ്മ പായസ ഗ്ലാസ്സുമായി അടുക്കളയിലേക്കു തിരിച്ചു പോവുമ്പോള്‍ നിഷ്കളങ്കനായ അവന്‍റെ കണ്ണിലെ ഭാവം എനിക്ക് വര്‍ണിക്കാന്‍ അറിയുന്നതിലും അപ്പുറമാണ് .അമ്മ അവനെ നിര്‍ബന്ധിച്ചു കുടിപ്പിക്കുമെന്ന് അവനും ,അവനു വേണ്ടാന്ന് അമ്മയും കരുതി .അങ്ങനെ രണ്ടു പേരുടെയും ഭാഗത്ത്‌ കുറ്റമില്ലാതെ ആ കേസ് തള്ളിപ്പോയി .
                                         ആടിതിമിര്‍ത്തു നടന്നിരുന്ന ഞങ്ങള്‍ക്ക് ഓണമെന്നാല്‍ പൂക്കളവും പായസവും അമ്മയുടെ വീട്ടിലേക്കുള്ള യാത്രയുമായിരുന്നു . അവധികളൊന്നുമില്ലാതെ എന്നും ഒരേ ജോലിയുമായി അടുക്കളയില്‍ കഴിയുന്ന അമ്മമാരുടെ ലോകം ഞങ്ങള്‍ക്കെന്നുമൊരു അത്ഭുതമായിരുന്നു .

***********************************************************************************
                                             ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് വിരലുകള്‍ മാറി മാറി കുത്തുന്ന അനിലിന്റെ കണ്ണുകളിലേക്കു ഞാന്‍ അത്ഭുതത്തോടെ നോക്കി .കുട്ടിക്കാലത്തെ ഓണക്കാലത്ത് ഞങ്ങള്‍ക്കുണ്ടാകുന്ന ഉത്സാഹവും സന്തോഷമൊന്നും ആ കണ്ണുകളില്‍ കാണുന്നില്ല .ലോകം എത്ര മാറിയിരിക്കുന്നു ;ആളുകളും !അവനു മൂന്നു ദിവസമേ അവധിയോള്ളു.ട്യൂഷനും കമ്പ്യൂട്ടരുമോക്കെയായി അവന്‍ വളരെ 'ബിസി' യാണ്  .
                                        " ഓണമല്ലേ നീ ഇന്നെങ്കിലും ഒന്ന് അമ്പലത്തില്‍ പോടാ " ഞാന്‍ ശാസിച്ചു ."അച്ഛനെന്താ പറഞ്ഞാല്‍ മനസ്സിലാവില്ലേ ,ഇനി ഇപ്പോള്‍ തന്നെ ബാബു വരും സി.ഡി.കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട് .മൂന്നു ദിവസം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ തീരും ,അച്ഛന്‍ അടുക്കളയില്‍ ചെല്ല് ,അമ്മ അന്വേഷിക്കുന്നതുകെട്ടു "വാസന്തി അടുക്കളയില്‍ പാചകത്തിലാണ് ഒന്ന് എത്തി നോക്കിയില്ലെന്നു വേണ്ട ,ചെന്നാല്‍ പരാതിയുടെ കെട്ടഴിക്കും ."ഞാനോരാളുണ്ട് ഇങ്ങനെ ഓടിനടക്കാന്‍ ,എനിക്ക് നാല് കാലൊന്നു മില്ല ,അച്ഛനും മോനുമിങ്ങനെ വെറുതെയിരുന്നു ടി .വി .കണ്ടാല്‍ പോരെ   നേരത്തിനു ഭക്ഷണം മേശപ്പുറത്തു എത്തുമല്ലോ ?"..........അങ്ങനെ അങ്ങനെ .അടുക്കളയിലേക്കു കയറിയപ്പോള്‍ വാസന്തി തിരക്കിലാണ് .അവള്‍ മുഖമുയര്‍ത്തുന്നില്ല ."ഇത്തവണഎന്താ നാട്ടില്‍ പോകാതിരുന്നത് ?"കറിക്ക് കടുക് താളിക്കുന്നത്തിനിടയില്‍ വാസന്തി ചോദിച്ചു .'ഓ ദൈവമേ താനത് മറന്നിരിക്കുന്നു നാടും, നാട്ടുവഴിയും ,പൂവും ,പൂക്കളവും ,'മോന്‍' എന്ന് മാത്രം ഉച്ചരിക്കാനറിയാവുന്ന അമ്മയെയും മറക്കാന്‍ മാത്രം വളര്‍ന്നോ താന്‍ ?അമ്മ തന്നെ കാത്തിരിക്കുന്നുണ്ടാവും ,കൊട്ടറംബിലെ പായസനിവേധ്യവുമായി പടിക്കല്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടാവും .മക്കളെല്ലാം ജോലിത്തിരക്ക് പറഞ്ഞു അകലേക്ക്‌ അകലേക്ക്‌ പോയപ്പോള്‍ ,അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്ക് കൊളുത്തണമെന്ന് പറഞ്ഞു അമ്മ അവിടെ തന്നെ നിന്ന് ,കൂട്ടിനു അമ്മയുടെ 'കണ്ണും ,കാതുമായ '(അമ്മ അങ്ങനെയാണ് പറയാറ് )അമ്മുവേടത്തിയും .പണ്ട് അമ്മാമയുക്ക് സഹായമായി നിന്നിരുന്ന ഇക്കംമയുടെ മകളാണ് അമ്മുവേടത്തി .ഇക്കാംയുടെ യഥാര്‍ഥ പേര് ഇപ്പൊഴു എനിക്കറിഞ്ഞുകൂടാ .ഇനി വൈകികൂടാ ,വേഗം തന്നെ പോകണം അനിലിനെ വിളിക്കണം ,വരുമോ ആവോ ?കഴിഞ്ഞ തവണ അമ്മ ചോദിച്ചതാണ് "അനി, ഞാനിന്നു അമ്മാമ്മയെ കാണാന്‍ പോകുന്നുണ്ട് ,നീ വരുന്നോ ?"
"ഇല്ല ഞാനിവിടെ ഇരുന്നോളാം  "വേഗത്തില്‍ മുണ്ടും ഷര്‍ട്ടും ധരിക്കുന്നതിനിടെ വാസന്തി ഒരു പൊതി കൊണ്ട് വന്നു "ഇത് അമ്മയ്ക്ക് കൊടുക്കണം .കുറച്ചു നെയ്യപ്പമാണ് "വാസന്തിക്കു അമ്മയെന്ന് വെച്ചാല്‍ ജീവനാണ് ,അമ്മയ്ക്കും അതുപ്പോലെ തന്നെ !
************************************************************************************
                                        വഴിയരികില്‍ കടകളെല്ലാം നന്നായി അലങ്കരിച്ചിരിക്കുന്നു ,ഇന്ന് ഓണമാണ് .....അങ്ങനെ എത്ര ഓണങ്ങള്‍ !'സാര്‍ ഇതെങ്കിലും എടുക്കു സാര്‍ ..ഇതിനു അമ്പതു രൂപയെ ഉള്ളു സാര്‍' ,'ഇതാ പത്ത് രൂപയെ ഉള്ളു സാര്‍; ,ഉണ്ണിയപ്പത്തിന്റെ പൊതി പിടിച്ചു കൊണ്ട് ഒരുത്തന്‍ .നല്ല ഒരു കടയില്‍ നിന്ന് അമ്മയ്ക്ക് ഒരു മുണ്ടും നേര്യതും വാങ്ങി ,കടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ വല്ലാത്തൊരു തൃപ്തി ;മുടങ്ങാത്തതാണിത് .പാലക്കാട്ടെക്കുള്ള ബസ്‌ കയറിയപ്പോള്‍ തന്നെ ഉറങ്ങിപ്പോയി ,പിന്നെ എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ഇറങ്ങാനുള്ള സ്ഥലമെത്തി .അവിടത്തെ മണ്ണില്‍ കാല്‍ വെച്ചപ്പോള്‍ എന്താന്നില്ലാത്ത ഒരനുഭൂതി വരമ്പിലൂടെ നടക്കുമ്പോള്‍ നേരെ വരുന്നയാള്‍ സൂക്ഷിച്ചുനോക്കി "കുട്ടിശേഖരനാണോ?""അതെ " ഓഫീസിലും കൂട്ടുക്കര്‍ക്കിടയിലും 'മിസ്റ്റര്‍ ശേഖര്‍'ന്‍റെ യിടയില്‍ 'കുട്ടി' മുങ്ങിപ്പോയിരിക്കുന്നു .അമ്മ പടിക്കല്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ,എന്റെ നടത്തം അകലെ നിന്നുതന്നെ അമ്മ മനസിലാക്കി അമ്മ അകത്തേക്ക് വിളിച്ചു പറഞ്ഞു "അമ്മൂട്ടി ,പായസമെടുതുവേച്ചോ അവന്‍ വരുന്നുണ്ട് ...മോനങ്ങു ക്ഷീണിച്ചുപോയല്ലോ ?"പതിവുശൈലിയില്‍ അമ്മ ചോദിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി .മുണ്ടും നെര്യതിന്റെയും പൊതി ഏല്‍പ്പിച്ചപ്പോള്‍ അമ്മ ചോദിച്ചു "എന്തിനാ മോനെ വെറുതെ,എത്രയെണ്ണമ പുതിയത് ?ഒന്നും ഉടുത്തിട്ടില്ല "കൊട്ടറംബിലെ പായസത്തിനു പതിവിലേറെ രസം .വൈകീട്ട് അമ്മയോട് യാത്രയും പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു പറഞ്ഞു അടുത്ത ഓണത്തിന് അവനെയും കൊണ്ടുവരണം ,അവനും കാണട്ടെ ഇവിടത്തെ ഓണവും വിശുദ്ധിയും. 
==========================================================================
 ഈ മാര്‍ച്ചും ഇങ്ങനെ പോയി

         ഞാനിപ്പോള്‍ നിന്നെക്കുറിച്ചല്ല പറയാന്‍ തുടങ്ങുന്നത്,എന്നെക്കുറിച്ചുമല്ല;നമുക്കിടയിലുള്ള അകലങ്ങളില്‍ സഞ്ചരിച്ചവര്‍-അവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.
    അന്ന് എനിക്കും നിനക്കുമിടയില്‍ ആരുമുണ്ടായിരുന്നില്ല  ..............ചൂടേറിയ നെടുവീര്‍പ്പുകളല്ലാതെ!അന്ന് നമുക്കതൊരു ആശ്വസമായിരുന്നു .പിന്നീട് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ആ നെടുവീര്‍പ്പുകള്‍ കേള്‍ക്കാന്‍ കഴിയാത്തത്ര ദൂരത്തേക്കു ഞാനും നീയും അകന്നു കഴിഞ്ഞിരുന്നു .നമുക്കിടയിലൂടെ നീണ്ട നിഴലുകള്‍ പോയിക്കൊണ്ടിരുന്നു .ആ നിഴലുകള്‍ക്ക് രൂപവും ഭാവവും വെച്ചപ്പോള്‍ അവരെ ഞാനും നീയും സുഹൃത്തുക്കളെന്നു വിളിച്ചു .
                          ഡിസംബര്‍ മാസത്തിലെ തണുത്ത ദിനങ്ങളില്‍ അവര്‍ എപ്പോഴക്കെയോ    സൌഹൃദ സന്ദേശങ്ങള്‍ കൈമാറി .അവയിലൊന്നും നമ്മുടെ (അങ്ങനെ പറയാമോ ആവോ ?)നെടുവീര്‍പ്പുകളുടെ ആത്മാര്‍ത്ഥത പോലുമുണ്ടായിരുന്നില്ല.വിളറിയ കടലാസുകള്‍ക്കും ,കവറുകള്‍ക്കും നടുവില്‍ അര്‍ത്ഥമില്ലാത്ത കുറേ വരികള്‍ ...എനിക്കും ,നിനക്കും അതുള്‍കൊള്ളാന്‍ കഴിയാതവയായിരുന്നു .പിന്നീട് നമ്മുക്കിടയില്‍ ഒരുപാട് അകലം വന്നു .അതില്‍ ഒരുപാട് സുഹൃത്തുക്കള്‍ ,അധ്യാപകര്‍ ......പക്ഷെ ,എേന്‍റതെന്നോ നിേന്‍റതെന്നോ പറയാന്‍ മാത്രം ഉറച്ചതൊന്നുമുണ്ടായിരുന്നില്ല ..മുറിഞ്ഞു മുറിഞ്ഞു നീ പറഞ്ഞ വാക്കുകളില്‍ നിന്ന് നീ എന്നെയും ,ഞാന്‍ നിന്നേയും തിരഞ്ഞു ..എന്നിട്ടും നിനക്കെന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല
                                          വര്‍ഷങ്ങള്‍ കഴിയവേ എനിക്കും നിനക്കുമിടയില്‍ ആരുമില്ലാതെയായി .എന്നിട്ടും എന്‍റെ നെടുവീര്‍പ്പുകളും നിന്‍റെ ആര്‍പ്പു വിളികളും നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല .പഴുത്ത ഇലകള്‍ പറന്നു പറന്നു താഴെയെത്തുന്നത്ര സാവധാനത്തില്‍ നമ്മുടെ ആര്‍പ്പുവിളികളും നെടുവീര്‍പ്പുകളും കുഴഞ്ഞപ്പോള്‍ (തളര്‍ന്നപ്പോള്‍ )നീ എന്നില്‍ നിന്നും എത്രയോ അകലെയായി.................

തലക്കെട്ട് ചേര്‍ക്കുക

                                          മാര്‍ച്ചിന്‍റെഅവസാന ദിനവും കൊഴിയുമ്പോള്‍ നീയെന്നോട് പറഞ്ഞു "എവിടെയോ പോയി മറയുന്ന ഈ നിമിഷമാണ് നീ എന്നെയും ഞാന്‍ നിന്നെയും കുറിച്ചോര്‍ത്തു ദുഃഖിക്കുന്നതെന്നു ..."എന്നിട്ടും നീ എന്‍റേയും ഞാന്‍ നിേന്‍റയും മുഖം തേടിയലയുകയാണ് ...എത്ര തുടച്ചിട്ടും തെളിയാത്ത ചിത്രം പോലെ നമ്മുടെ ആത്മാര്‍ത്ഥ സ്നേഹം മങ്ങുമോ ?ഇപ്പോള്‍ നീ തിരിച്ചു നടക്കുകയാണ് ഞാനും...!
                                                  -----------------------------------------------------------
ഒരു ചെറിയ കാര്യം കൂടി ...
2003  ഏപ്രില്‍ 23 ഇല്‍ ഇത് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു
==================================================================================================================================================================

പിറവി(കഥ)

തണുത്ത കാറ്റേറ്റ് കായല്‍ കരയിലിരിക്കുമ്പോള്‍ മൈഥിലി ഓര്‍ത്തു ,തനിക്ക്
 സ്വന്തമെന്നു പറയാന്‍ ഇന്ന് എന്തൊക്കെയ്യോ ഉണ്ട്...അതെല്ലാം ഈ
 കായല്‍ക്കര തനിക്ക് തന്നതല്ലേ?
                                 അന്ന് താന്‍
 ചെറുതായിരുന്നു ഒമ്പതോ പത്തോ
 വയസ്സ് പ്രായം .ഈ കായല്‍
 കരയിലെ കാറ്റിനോട് കുശലം
 പറഞ്ഞിരിക്കുമ്പോള്‍ കിട്ടിയ ഒരു
 സുകൃതം ! അപ്പോള്‍ താനിവിടെ
 വരുമ്പോള്‍ കയ്യില്‍ ഒരുപാടു കടലാസുകളുണ്ടാവും ...അതിലൊക്കെ എന്തൊക്കെയോ
 കുത്തിക്കുറിക്കും ,ആരെയും കാണിക്കാതെ സൂക്ഷിച്ചിരുന്ന അതെല്ലാം
 അമ്മുട്ടമ്മയാണ് കണ്ടുപിടിച്ചത് .”ഇതെന്തോക്ക്യാ കൊച്ചെ ?പാടം പൂത്തു
 വിളഞ്ഞെന്നോ ?,അമ്മ വരാറില്ലെന്നോ?..എന്തായാലും വായിക്കാന്‍ നല്ല
 സുഖമുണ്ട് ...”പിന്നെ എന്നോടൊന്നും ചോദിക്കാതെ അതെല്ലാം ചെറിയച്ഛനെ
 കാണിച്ചു .”മൈഥിലീ......”അതെ ! ചെറിയച്ഛന്‍റെ സ്വരം തന്നെ !അന്ന്
 ഞെട്ടിയതാണോ കരഞ്ഞതാണോ എന്ന് ഓര്‍മയില്ല . മുട്ടുകള്‍ കൂട്ടിയിടിച്ചത്
 ഇപ്പോഴും ഓര്‍ക്കുന്നു .ചെറിയച്ഛനെ അത്രയ്ക്ക് പേടിയായിരുന്നു .മുഖത്ത്
 നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ നിന്നപ്പോള്‍ ,താടിക്കുപിടിച്ചു
 മുഖമുയര്‍ത്തി ,എന്നെ ഇറുകെ കെട്ടിപിടിച്ചു ..”എനിക്ക് ജനിക്കാതെ
 പോയല്ലോ നീയ്യ്‌ ...”അപ്പോഴാണ്‌ ചെറിയച്ഛനെ ഞാന്‍ നോക്കിയത് .ആ
 കണ്ണുകളില്‍ കണ്ണുനീര്‍ വന്നു തിളങ്ങുന്നു.ഞാന്‍ ശരിക്കും
 കരഞ്ഞതപ്പോഴാണ്.”മോള് പൊയ്ക്കോ ...ഇത് എന്‍റെ  കയ്യിലിരിക്കട്ടെ
 !ആവശ്യമുണ്ടാവും “.പിന്നെ തിരിഞ്ഞു നോക്കാതെ ഞാന്‍
 നടന്നു.ചെറിയച്ഛന്‍റെ  ആ വാക്കുകളേക്കാള്‍ വേറെന്ത്  അംഗീകാരമാണ്
 തനിക്ക് ലഭിക്കാനുള്ളത് ?
                              അന്നൊരു ഞായറാഴ്ചയായിരുന്നു .തൊടിയിലെ
 ചവറുകളെല്ലാം അടിച്ചുവാരുമ്പോള്‍ അമ്മുട്ടിയമ്മ വിളിച്ചു “കുട്ടിമാളൂ ....
. ,ഇവിടെ വരോ ഒരൂട്ടം കാണിക്കാന”
ആ മുഖത്തെ സന്തോഷം കണ്ടപ്പോലറിയാമായിരുന്നു എന്തോ നല്ല കാര്യം
 നടന്നിട്ടുണ്ട് !കയ്യും കാലും കഴുകി ഉമ്മറപ്പടിയിലേക്ക് കയറുമ്പോഴേ
 കണ്ടു ..എല്ലാവരും പത്രത്തില്‍ എന്തോ സൂക്ഷിച്ചു നോക്കുന്നു .അവര്‍ അത്
 എന്നെ കാണിച്ചു പിറവി എന്നാ തലക്കെട്ടില്‍ ഒരു കവിത .ആ വരികളിലൂടെ
 കണ്ണോടിച്ചു അതെ ഇത് എന്‍റെ  കവിത തന്നെ !പേര് നോക്കി അടിയില്‍ തന്‍റെ
പേര് ....മൈഥിലി ശങ്കര്‍ ,തൈക്കാട്ടുകര മഠം !ഇതെങ്ങനെ സംഭവിച്ചു ?
ചെറിയച്ഛന്‍ പറഞ്ഞു “സന്തോഷയോ എന്‍റെ കുട്ടിക്ക് ഈ ചെറിയച്ഛന് ഇതേ
 കഴിഞ്ഞുള്ളൂ...”എനിക്ക് തുള്ളിചാടണമെന്നോ ചെറിയച്ഛനെ കെട്ടിപിടിച്ചു
 ഉറക്കെ കരയണ മെന്നോ എന്തൊക്കെയോ തോന്നി .അടുക്കളയുടെ വാതില്‍
 ചാരി നിന്ന് അമ്മ കരയുകയായിരുന്നു .അമ്മയുടെ അടുത്ത് ചെന്നപ്പോള്‍
 മുഖം തഴുകി നെറുകയില്‍ മുത്തം നല്‍കിയിട്ട്  പറഞ്ഞു “എല്ലാം കാവിലെ
 ഭഗവതിയുടെ അനുഗ്രഹം ...മാളൂന്‍റച്ഛനേപ്പോലെ വല്യ
 ആളാവണം ....”
ഇടയ്ക്ക് എന്തോ ആലോചിചെന്നപോലെ പറഞ്ഞു
 “വേണ്ട, അത്രയ്ക്കൊന്നും
 വേണ്ട ...അപ്പൊ നീയും നിന്‍റെ അച്ഛനെ പോലെ എന്നെ
 വിട്ടേച്ചു പോവും !” 
 എപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കണമെന്നു വിചാരിക്കും ...പക്ഷെ
അമ്മയോട് ചോദിച്ചാല്‍ കരയുകയേ  ഉള്ളു ,ചെറിയച്ഛനോട് ചോദിക്കാന്‍
 ധൈര്യമില്ല,അമ്മുട്ടിയമ്മയോട് ചോദിച്ചാല്‍ “ന്‍റെ മോളെ ന്തിനാ വല്യ 
 കഥയൊക്കെ അറിയുന്നതു മോള്‍ക്ക്‌ അമ്മുട്ടിയമ്മ പൂതനയുടെയോ
 രാജാവിന്‍റെയോ കഥ പറഞ്ഞു തരാം “എന്ന് പറഞ്ഞു കൈ ഒഴിയും
 പിന്നീടൊന്നും ആരോടും ചോദിക്കാറില്ല .എപ്പോഴൊക്കെയോ
 മാസികകളിലും വാരികകളിലും തന്‍റെ  കവിതകള്‍ അച്ചടിച്ചുവരാന്‍
 തുടങ്ങി ...ഇടയ്ക്ക് ചില മാസികക്കാര്‍ പണമയാക്കാനും തുടങ്ങി..അത്
 ചെറിയച്ഛനെ ഏല്‍പ്പിക്കുമ്പോള്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറയും .അമ്മ
 അത് പരമുനായര്‍ക്കു കൊടുത്തു ബുക്കില്‍ കുറിച്ച് വയ്ക്കും .
                                      എനിക്ക് ഇരുപത്തൊന്നു വയസ്സായി ...കൊല്ലം തോറും
 നടക്കാറുള്ള ഞങ്ങളുടെ കാവിലെ
 ഉല്‍സവത്തിന് ഒരു
 ചടങ്ങുണ്ട് .ഇരുപതു
 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍
 നെയ്യ്‌ വിളക്ക് കത്തിച്ചു ദേവിയുടെ നടയില്‍
 തൊഴുതു വലം  വയ്ക്കും ,നല്ല
 കല്യാണം വരാനാത്രേ അത് !ഉത്സവം
 കഴിഞ്ഞു
 പിന്നത്തെ ആഴ്ച ഒരു കൂട്ടരു
 വന്നിരുന്നു .ഒരു മദ്ധ്യ വയസ്കയും 
 അവരുടെ
 മകനാണെന്ന് തോന്നുന്നു ഒരു പൊക്കമുള്ള ചെറു പ്പകാരനും !

അവരാരെന്നോ എന്തിനാണ് വന്നതെന്നോ എനിക്കറിയില്ലായിരുന്നു .അവര്‍
അയാളുടെ സ്വഭാവത്തെ കുറിച്ചും,അവരുടെ ഇല്ലത്തെ കുറിച്ചും
 പറഞ്ഞുകൊണ്ടേയിരുന്നു .....ഒരു വീട്ടില്‍ കയറിവന്നു
 അനാവശ്യമായിട്ടിങ്ങനെ പൊങ്ങച്ചം പറയുന്നതെന്തിനാനെന്നു ഞാന്‍
 ആലോചിക്കാതിരുന്നില്ല.
അമ്മുട്ടിയമ്മ അടുക്കളയില്‍ ഭയങ്കര തിരക്കിലായിരുന്നു .ഇതുവരെ
 തുറക്കാതിരുന്ന മച്ചിലെ മുരുക്ക് പെട്ടിയില്‍ നിന്ന് കുറെ നല്ല
 പാത്രങ്ങളും ,ഗ്ലാസുകളും ഒക്കെയെടുത്ത് .ആ പാത്രത്തില്‍ തൊടിയില്‍
 കായ്ച്ച എത്തവാഴപ്പഴവും ,അമ്മയുണ്ടാക്കിയ ചക്കയടയും ,അവല്‍ 
  വിളയിച്ചതും വെച്ചു  .ചക്കയടയുടെ വാടിയ വാഴയില അതില്‍ നിന്നെടുത്ത്
 മാറ്റി. .മാറ്റിയ വാഴയില എടുത്തു വാസനിച്ചു നോക്കി ...ഓ എന്തൊരു
 മണം !മൂക്കിലേക്ക് തുളച്ചു കയറിയ മണം എന്നെ വല്ലതെയാക്കി .ഒരെണ്ണം
 അമ്മുട്ടിയംമയ്ട് ചോദിച്ചാലോ? വേണ്ട ! അവര്‍ പോയി കഴിഞ്ഞാല്‍
 തിന്നാമല്ലോ ?
ആ സാധനങ്ങളോക്കെ ഞാനാണ് കൊണ്ട് വയ്ക്കാന്‍
 പോകുന്നതെന്നറിഞ്ഞപ്പോള്‍ ഉള്ളാലെ ചിരിച്ചു .അവരെനിക്ക് ഇത്തിരി
 തരാതിരിക്കില്ല ....കാലാകാലങ്ങളായുള്ള ചടങ്ങാണത് ...വീട്ടിലെ ചെറിയ
 കുട്ടികള്‍ക്ക് വിരുന്നുകാര്‍ അവരുടെ പങ്കില്‍ നിന്നും ഒരു നുള്ള് മധുരം
 കൊടുക്കുകയെന്നുള്ളത് .താന്‍ അത്ര ചെറുതല്ല , എങ്കിലും പ്രതീക്ഷയ്ക്ക്
 വകയുണ്ട് .
എന്തുകൊണ്ടായാലും  ഇതൊരു സുഖമുള്ള ഏര്‍പാട് തന്നെ ആണ് !
  മറ്റുള്ളവരുടെ വീട്ടില്‍ വിരുന്നു പോകുക ,അവരോടു കുറെ പൊങ്ങച്ചം
 പറയുക ,എന്നിട്ട് അവര് തരുന്ന നല്ല നല്ല പലഹാരങ്ങള്‍ തിന്നുക ...ഓ
 ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നു .ആ മദ്ധ്യ വയസ്ക എന്‍റെ
 കൈ പിടിച്ചു എന്നെ ചേര്‍ത്ത് നിര്‍ത്തി എന്നിട്ട് ചോദിച്ചു “മൈഥിലീന്ന പേര്
 ല്യേ...,കവിതയൊക്കെ എഴുത്തും അല്ലെ ?”....ഞാന്‍ ശരിക്കും അമ്പരന്നു
!മാത്രമല്ല സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ചെയ്തു.തന്‍റെ
 കവിതയൊക്കെ വായിച്ചു അഭിനന്ദിക്കാന്‍ എത്തിയവരാണെന്നു
 തെറ്റിദ്ധരിച്ചു .അവര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാതിലില്‍ ചാരിനിന്നു
 ഞാന്‍ ചിരിച്ചു .അവര്‍ പോയി കഴിഞ്ഞാല്‍ ചക്കയട കഴിക്കുന്ന
 കാര്യമായിരുന്നു എന്‍റെ മനസ്സില്‍ .പിന്നീടാണറിഞ്ഞത് അവര്‍ പെണ്ണ്
 കാണാന്‍ വന്നതാണെന്ന്
                          +++++++++++++++++++++ +++++   +++++++++++++++++
                                                           പുതിയ അന്തരീക്ഷവും പട്ടണവും എന്നെ
 മടുപ്പിചെങ്കിലും വീട്ടുകാര്‍ സ്നേഹമുള്ളവരണെന്ന  ഒറ്റ  കാരണം 
 കൊണ്ടാണ്   ഞാനിന്നിവിടെ ജീവിച്ചിരിക്കുന്നത് . നന്ത്യാര്‍വട്ടവും
   കായലുമില്ലാത്ത  സ്ഥലം , നാലുകെട്ടും തുളസിത്തറയുമില്ലാത്ത
 വീട് ...ഇതൊക്കെ ഞാനെങ്ങനെയാ സഹിക്കുന്നത് ?  ഇവിടെ കരിപിടിച്ച 
 അടുക്കള യില്ല!,കല്ലുകള്‍ കൂട്ടിവെച്ച അടുപ്പുമില്ല...പകരം കിച്ചനും
 ഗ്യാസുമാണ ത്രേ ..ഇനിക്കതിന്‍റെ  അടുത്ത്തുപോനത്തെ
 പെട്യാണ്..തിളക്കമുള്ള പ്രതലവും കരിപിടിക്കാത്ത തീയുമുണ്ടതിന് ...വീട്ടില്‍
 തിരിച്ചു പോയാലോ ?  എന്ന് ആലോചിക്കാതിരുന്നില്ല .ചേട്ടന്‍റെ
 അഭിപ്രായത്തില്‍ നല്ല കവിതകള്‍ മുളക്കാന്‍ പറ്റിയ
 അന്തരീക്ഷമാണിവിടെയെന്നു ..എന്റെ ആദ്യത്തെ കവിത അച്ചടിച്ച്‌ വന്നത്
 ചേട്ടന്‍റെ പത്രത്തിലായിരുന്നു .അപ്പോള്‍ എന്‍റെ  കവിതയെ പറ്റി ഒരല്‍പം
 ധാരണയൊക്കെ കിട്ടിയുട്ടുണ്ടാവും .ഈ നെടുനീളന്‍ ഫ്ലാറ്റുകള്‍ക്കിടയില്‍
 എന്‍റെ  കവിതകള്‍ വീര്‍പ്പുമുട്ടി ചത്തുപോകും,പിന്നെങ്ങനെയാ അത്
 വലുതാവുക?അതെല്ലാം  നാട്ടിന്‍ പുറത്താണ്  വലുതാവുക............... എന്ന്
 പറഞ്ഞപ്പോള്‍ ചേട്ടന്‍ ചോദിക്കുകായ “പണം വളരുന്നതും കൊഴുക്കുന്നതും
 പട്ടണത്തിലല്ലേ അതിലും വലുതല്ലല്ലോ കവിതയെന്ന് ?”
ഒരിക്കല്‍  ഫ്ലാറ്റിലെ കണ്ണാടിക്കൂട്ടിനുള്ളിലിരുന്നു
 പുറത്തെ കാഴ്ചകള്‍ കാണുമ്പോള്‍ അടുത്ത മുറിയില്‍
 നിന്ന് ഒരു കുട്ടിയുടെ കരച്ചിലും,അതിനെ ഉറക്കാനായ്‌
 അമ്മയുടെ താരാട്ടും കേട്ടപ്പോള്‍.. .ഞാനെന്‍റെ അമ്മയെ
 ഓര്‍ത്തു..... നാടിനെ ഓര്‍ത്തു .ആ താരാട്ടിനൊരു
 താളമുണ്ട് ,എന്‍റെ  ഗ്രാമത്തിലെ കായലിലെ ഓളങ്ങളുടെ
 താളം ,കാറ്റില്‍ താളം പിടിച്ചു അരയാലിലകള്‍
 ചാഞ്ചാടുന്ന താളം, എന്‍റെ  തൊടിയിലെ ഞാവല്‍പ്പഴം
 തിന്നു തിമിര്‍ക്കുന്ന കുരു വി ക്കൂട്ടങ്ങളുടെ കൊക്കുകള്‍ 
 കൂട്ടിമുട്ടുന്ന താളം .കുറച്ചു കടലാസുകലെടുത്തു
 എഴുതിത്തുടങ്ങി ..കടാലാസുനിറയെ ഞാനെന്‍റെ
 കായലും ഗ്രാമവും വര്‍ണിച്ചു .നിറങ്ങള്‍ മാത്രമുള്ള എന്‍റെ  ഗ്രാമത്തില്‍
 ഞാനോറ്റയ്ക്ക് നടക്കുന്നതുംന്കളിക്കുന്നതും എന്തൊക്കെയോ ഞാനെഴുതി
 അതെല്ലാം ചേട്ടനെ എല്‍പ്പിച്ചു ‘ഗ്രാമഭംഗി ‘എന്ന തലകെട്ടില്‍ വന്ന ആ കവിത
 എന്‍റെ ജീവിതത്തെ പാടെ തിരുത്തി .....ആ കവിതയാണ്  എനിക്ക് ഇത്ര
അഗീകാരം തന്നത്. അ പ്പോള്‍ ഞാന്‍ പറഞ്ഞത് ശ രിയല്ലേ ? എന്‍റെ   ഗ്രാ
മമല്ലേ  എന്‍റെ കവിതയെ വലുതാക്കിയത് ? ഇപ്പോള്‍ ചേട്ടന്‍
 ചിരിക്കുകയാണ്  ആത്മാവില്‍ നിന്നുറിവരുന്ന  ചിരി. മനസ്സില്‍ തട്ടിയ
 ചിരി.....
ഒരു ചെറിയ കാര്യം: 2003 ഏപ്രില്‍ ഈ    കഥ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു..ഒരു തുക പ്രതിഫലവും കിട്ടി....എന്‍റെ കഥയ്ക്കുള്ള ആദ്യ അംഗീകാരം......
===========================================================================
                                                           ഫോറിന്‍ കുട
നാലാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനിടയിലാണ് ഞാനവളെ കാണുന്നത് .മുട്ടോളമെത്തുന്ന മഞ്ഞ ഉടുപ്പാണ്‌ അവളിട്ടിരുന്നത് ...അതിന്‍റെ അരികുകളില്‍ വലിയ മഞ്ഞ പൂക്കള്‍ തുന്നിപിടിപ്പിച്ചിരുന്നു .അവളൊരു മാലാഖയെ പോലിരുന്നു .കൂട്ടുകാര്‍ക്കിടയില്‍ അവളൊരു വര്‍ണതുബിയെപോലെ ഓടിനടക്കുന്നത് ഞാന്‍ അസൂയയോടെ നോക്കിനിന്നു .അന്ന് ഒരു ബുധനാഴ്ചയായിരുന്നു .ആഴ്ചയിലൊരിക്കല്‍ യൂണിഫോമല്ലാതെ മറ്റേതെങ്കിലും ഡ്രസ്സ്‌ഇടാം ..അതിനാല്‍ എല്ലാവരും നല്ല നല്ല ഉടുപ്പുകള്‍ ധരിച്ചിരുന്നു ..എന്‍റെ എല്ലാ ബുധനാഴ്ചയിലെയും വസ്ത്രമായിരുന്ന നീല ഷര്‍ട്ട്‌ ബാട്ടന്സുകളില്ലാത്തതിനാല്‍ പിന്നുകള്‍ കൊണ്ട് ഉറപ്പിച്ചത് അവള്‍ കാണാതിരിക്കാനായ് ഞാന്‍ ഒരു പുസ്തകം കൊണ്ട് മറച്ചു .ഞാന്‍ എന്തിനാന്നങ്ങനെ ചെയ്തത് ?അറിയില്ല !അവളുടെ മുന്നില്‍ താന്‍ കൊച്ചാവരുത്എന്ന് തോന്നിയിട്ടാവനം ..ഉച്ചഭക്ഷണത്തിനുള്ള  ബെല്ലടിച്ചപ്പോഴാണ് മറ്റൊരു അത്ഭുതം ഞാന്‍ കണ്ടത് .അവളുടെ കയ്യില്‍ ഇളം നീല നിറത്തില്‍ ലെസുകള്‍  ഉള്ള  ഫോറിന്‍ കുട
 !അവളോട്‌ എനിക്ക് അസൂയ തോന്നി ...ദൈവം എല്ലാവര്ക്കും ഓരോരോ ഭാഗ്യങ്ങള്‍ കൊടുക്കും ..ഇവള്‍ക്ക് എല്ലാം കൊടുത്തിരിക്കുന്നു .ഭംഗി ,നല്ല ഉടുപ്പുകള്‍ ,ഫോറിന്‍ കുട ....ഞാന്‍ എന്‍റെ നരച്ച ശീലക്കുടയിലേക്ക് നോക്കി ,വെറുതെ കൊതിച്ചു ..ഒരിക്കല്‍ തനിക്കും .....ഇല്ല തനിക്ക് ആരു തരാനാണ് ഫോറിന്‍ കുട ?
അവളുമായി ചങ്ങാത്തത്തിലാവണം ...ആ കുടയില്‍ ഒരു ദിവസമെങ്കിലും വെയിലും മഴയും കൊല്ലാതെ നടക്കണം .ഇങ്ങനെ ചിന്തകള്‍ നീളുമ്പോള്‍ അവള്‍ ആ ക്ലാസില്‍ വെച്ച് പുറത്തേക്കിറങ്ങി .ഇത് തന്നെ തക്കം !ഒന്നും ആലോചിച്ചില്ല ..വേഗം ചെന്ന് ആ കുട എടുത്തു .ഒന്ന് തൊട്ടാല്‍ മതി !..തൊട്ടുനോക്കി നല്ല മിനുസം !,മണത്തുനോക്കി ,നല്ല പൌഡറിന്‍റെ വാസന....തൊട്ടുപുറകെ ഒരു കരച്ചില്‍ ...അതെ !അതവള്‍ തന്നെ !അവള്‍ വലിയ വായില്‍ കരയുന്നു ..ഞാന്‍ ആ കുട അവിടെ വെച്ചു  ..കുട്ടികള്‍ ചുറ്റും കൂടി ,ടീച്ചര്‍മാര്‍ വന്നു .....”എന്താ .....എന്താ പറ്റീത്? എന്താ പറ്റീത് മിനോറി ?” മിനോറി നല്ല പേര്
“ഈ ചെറുക്കന്‍ .....ഈ ചെറുക്കന്‍ “അവള്‍ വീണ്ടും കരഞ്ഞു ഞാന്‍ പേടിച്ചു .”ഇവന്‍ നിന്നെ എന്ത് ചെയ്തു ?
“ഈ ചെറുക്കന്‍ എന്‍റെ കുട കട്ടെടുക്കാന്‍ നോക്കി “
ഉണ്ട കണ്ണുള്ള ലില്ലി ടീച്ചറുടെ ആ നോട്ടത്തില്‍ ഞാന്‍ ഉരുകിപോയി ...”മുട്ടയില്‍ നിന്ന് വിരിഞ്ഞില്ലല്ലോ ?അതിനുമുമ്പ് മോഷണം തുടങ്ങിയോ ?”പുറകില്‍ ഒളിപ്പിച്ച വലിയ ചൂരല്‍ ടീച്ചര്‍ ആഞ്ഞു വീശി ...തുടയില്‍ ചൂരല്‍ വേദനയോടെ വീഴുമ്പോഴും താന്‍ മോഷ്ടിച്ചതല്ല ...ഒന്ന് തൊട്ടു നോക്കുക മാത്രമാണ് ചെയ്തതെന്ന് പറയാന്‍ എന്‍റെ നാവുകള്‍ പൊന്തിയില്ല ..മറ്റു കുട്ടികളുടെ മുന്നില്‍ കള്ളനായതിന്‍റെ വിഷമം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു ,അതിനേക്കാള്‍ ചങ്ങാതിയാവാന്‍ കൊതിച്ചു ഒടുവില്‍ ശത്രുവാകെണ്ടിവന്നതിലുള്ള ദുഃഖമായിരുന്നു എന്നെ തളര്‍ത്തിയത് .എങ്കിലും അവളോട്‌ എനിക്ക് യാതൊരു ദേഷ്യവും തോന്നിയില്ല ..ആ ദേശത്ത് അങ്ങനെയൊരു കുട അവള്‍ക്കു മാത്രമേ ഉണ്ടായിരുന്നോള്ളു ...അത് തൊടുന്നത് പോലും തെറ്റാണ് !മഴയത്തും വെയിലത്തും ആ കുടയും ചൂടി അവള്‍ വരും ..എന്‍റെ തെറ്റിദ്ധരിക്കപ്പെട്ട ‘മോഷണശ്രമം ‘-കാരണം അവള്‍ ആ കുട താഴെ വെക്കാതെയായി ,പുറത്ത് കളിയ്ക്കാന്‍ പോവുമ്പോള്‍ ആ കുടയും പിടിച്ചു അവള്‍ നടക്കും .ആ തെറ്റിധാരണ മൂലം ഞാനും പുറത്ത്‌ ഇറങ്ങാതെയായി..എങ്കിലും ഒരിക്കലെങ്കിലും ആ കുട ചൂടണമെന്ന മോഹം വളര്‍ന്നു വലുതായി കൊണ്ടിരുന്നു .അവള്‍ പോകുന്നിടത്തെ എന്‍റെ കണ്ണുകളും പറന്നു .
രണ്ടു ആഴ്ചയ്ക് ശേഷം അവള്‍ വന്നപ്പോള്‍ താഴെ തോട്ടുരുമ്മുന്ന വലിയ നീല ഉടുപ്പുണ്ട് അവള്‍ ധരിച്ചിരിക്കുന്നു ,അവളുടെ കൂടെ അവളുടെ അച്ഛനും ഉണ്ടായിരുന്നു .ഞാന്‍ അമ്പരന്നു !കുട മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു എന്നെ തല്ലാന്‍ വന്നതായിരിക്കുമോ ?..അയാള്‍ എന്തോ ടീച്ചറോട്‌ പറഞ്ഞു തിരിച്ചുപോയി :ഒരു വലിയ പൊതിയും കൊടുത്തു .ടീച്ചര്‍ പറഞ്ഞു കുട്ടികളെ ഇന്ന് മിനോറിയുടെ ബര്‍ത്ത് ഡേ ആണ്.ഓ ഭാഗ്യം !അപ്പോള്‍ മോഷണമല്ല കാര്യം ! ..എല്ലാവരും എഴുന്നേറ്റു നിന്ന് അവള്‍ക്കു ഹാപ്പി ബര്‍ത്ത്ഡേ പാടി ...മിനോറി ഓരോരുത്തര്‍ക്കായ്‌ മിഠായി കൊടുത്തു ..അവള്‍ എനിക്കരികിലെത്തി മിഠായ് തന്നു ഞാന്‍ അവളെ അടിമുടി നോക്കി ..അവള്‍ അരികില്‍ വന്നപ്പോള്‍ നല്ല വാസന ,ഫോറിന്‍ കുട മണത്തപ്പോള്‍ കിട്ടിയ പൌഡറിന്‍റെ അതെ വാസന്‍ !..ഞാന്‍ അവളോട്‌ പറഞ്ഞു ..”കുട്ടീടെ കുട ഞാന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതല്ല ,തോട്ടുനോക്കിയതാണ് ,ഞാന്‍ ഇങ്ങനെയൊരു കുട കണ്ടിട്ടില്ല ,അതുകൊണ്ട് .....അവള്‍ ഒന്നും പറയാതെ മറ്റുള്ളവര്‍ക്ക് മിഠായ് മറ്റുള്ളവര്‍ക്ക് കൊടുത്തു .
അവളുടെ ചങ്ങാതിയാവാന്‍ എനിക്ക് കഴിയില്ലേ ?ആ കുടയില്‍ വെയിലുകൊള്ളാതെ നടക്കാന്‍ എനിക്ക് പറ്റില്ലേ ?അവര്‍ തന്ന മിഠായ്‌ ആ പ്രദേശത്തോന്നും കിട്ടാത്ത തരത്തിലുള്ളതായിരുന്നു .അതുകൊണ്ട് തന്നെ അതിന്റെ തിളങ്ങുന്ന കടലാസ് ഞാന്‍ എന്‍റെ അലമാരയില്‍ സൂക്ഷിച്ചുവെച്ചു ..പിന്നെ രണ്ട് ദിവസം അവള്‍ വന്നില്ല .പിന്നെയും അവള്‍ വരാതെയായപ്പോള്‍ ആരോടെക്കൊയോ അന്വേഷിച്ചു ഞാന്‍ അവളുടെ വീടിന്‍റെ അരികിലെത്തി ..നല്ല തൂവെള്ള നിറമുള്ള ഇരുനിലക്കെട്ടിടം! ...കാറും ചെറിയ സൈക്കിളും മുറ്റത്ത്‌ കിടക്കുന്നു ,എന്‍റെ വീട്ടിലെ  പശു കിടവിന്റെ അത്രയുമുള്ള ഒരു നായ അവരുടെ വീടിന്‍റെ തെക്കേ വശത്തുള്ള മതിലിനരികില്‍ സുഖനിദ്രയില്‍!കൂര്‍ത്ത മുനയുള്ള ഗേറ്റിനരികെ ഞാന്‍ നിന്നു,അഴികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കി .ഉറക്കം നടിച്ചു കിടന്ന നായ വലിയ കുരയോട് കൂടി ഓടിവന്നു .ഞാന്‍ പേടിച്ചു രണ്ടു അടി പുറകോട്ടു വെച്ച് .ഒച്ച കേട്ട് അവളുടെ അച്ഛന്‍ ഇറങ്ങി വന്നു .പുറകെ മിനോറിയും ..മിനോറിയുടെ ഒരു കൈ കേട്ടിവചിരിക്കുന്നു .....അവളെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി .അവളുടെ അച്ഛന്‍ ചോദിച്ചു “ആരാ അത് ..”
“ഞാന്‍..ഞാന്‍ ....”മിനോറി പറഞ്ഞു “പപ്പാ ഇത് എന്‍റെ ക്ലാസ്സിലെ കുട്ടിയാ “
“ആഹ ! എന്താ അവിടെ നിന്നത്?ഇങ്ങു കേറി വാ “
എന്‍റെ കണ്ണുകള്‍ അവിടെത്തെ നായയെ നോക്കി ..അത് മനസിലാക്കി അയാള്‍ വിളിച്ചു “..ബ്രൂട്ടോ ..ഗോ ..ഊം ..”  അത് വേഗം ഓടി കൂട്ടില്‍ കയറി .അവരത് അടച്ചു .നായക്ക് ഇത്ര നല്ല പേരോ ?
“വാ കേറി വാ ..എന്താ പേര് “
ശി ...ശിവന്‍
ങാ നല്ല പേര് ..ആട്ടെ എന്താ വന്നത് ?....മോളെ അമ്മയോട് കുടിക്കാന്‍ എന്തെങ്ങിലും എടുക്കാന്‍ പറയ്‌
ഞാന്‍....ഞാന്‍ മിനോറിയെ കാണാന്‍  ..ക്ലാസില്‍ വരാതെയായപ്പോള്‍
അപ്പോഴേക്കും അമ്മയെ വിളിക്കാന്‍ പോയ മിനോറി തിരിച്ചെത്തി
ആഹാ മിനോറിയെ കാണാന്‍ വന്നതാണോ ?നിങ്ങള്‍ നല്ല കൂട്ടുകാരാണോ?
ഞാന്‍ മിണ്ടിയില്ല
അവള്‍ പറഞ്ഞു “അതെ !”
ഞാന്‍ അമ്പരന്നു ..അവള്‍ അത് പറഞ്ഞിരിക്കുന്നു ..
മിനോരിക്ക് എന്താ പറ്റീത് ?
വീണതാ
ഞാന്‍ അവളുടെ കയ്യുകളിലേക്ക് നോക്കി .ഫോറിന്‍ കുട പിടിക്കുന്ന കൈ എനിക്ക് സങ്കടം വന്നു .എന്‍റെ കണ്ണുകള്‍ നിറഞ്ഞു .മിനോറി പറഞ്ഞു .”വിഷമിക്കണ്ടാട്ടോ ,എനിക്ക് ഒന്നുമില്ല .ഞാന്‍ നാളെ വരും !
ഞാന്‍ തിരിച്ചു നടന്നു .അവള്‍ പുറകെ ഓടിവന്നു ..”ദാമഴ പെയ്യുന്നുണ്ട് ,നനയണ്ട ഈ കുട പിടിച്ചോ ...”
എനിക്ക് തുള്ളിച്ചാടണമെന്നു തോന്നി .ഒരു നിമിഷം ഒന്ന് ചൂടാന്‍ തോന്നിയ കുട! എങ്കിലും ഞാന്‍ പറഞ്ഞു “വേണ്ട എന്‍റെ കയ്യില്‍ കുടയുണ്ട് .”
ഓ സാരമില്ല ,അത് കീറിയതല്ലേ ,ഇത് പിടിചോളു “താന്‍ സ്വര്‍ഗ്ഗത്തിലാണോയെന്നു ഒരു നിമിഷം ചിന്തിച്ചു .ആ കുടയും പിടിച്ചു രാജാവിനെ പോലെ തെരുവിലൂടെ നടക്കുമ്പോള്‍ പലരും നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു .
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ശിവനെ പൊതിരെ തല്ലി.കുട മോഷ്ടിച്ചു എന്നാ കാരണത്താല്‍ തന്നെ !
“മോനെ എത്ര പട്ടിണി കിടന്നാലും മറ്റൊരാളുടെ സാധനം നമുക്ക് വേണ്ട !”
“ഇല്ല  അച്ഛാ ഞാന്‍ കട്ടതല്ല !..മിനോറി തന്നതാണ് ..എന്‍റെ കുട കീറിയതിനാല്‍...മിനോറി തന്നതാണ്..”
അത് വിശ്വസിക്കാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല “നീ ഇപ്പൊ തന്നെ ഇത് കൊണ്ട് കൊടുക്കണം “
“നാളെ കൊടുക്കാം ..ഞാന്‍ ഇതൊന്നു ശരിക്ക് കണ്ടോട്ടെ ...”
“വേണ്ട ..ഇപ്പോള്‍ തന്നെ കൊടുക്കണം “
അവന്‍ വീട്ടില്‍ നിന്നും വഴിനീളെ നടന്നു കരഞ്ഞു ..ഒന്ന് കണ്ടു കൊതി തീര്‍ന്നില്ല
മിനോറിയുടെ കയ്യില്‍ കുട തിരിചെല്‍പ്പിച്ചപ്പോള്‍ അവള്‍ ചോതിച്ചു “എന്താ നാളെ തന്ന മതിയായിരുന്നു ..!”
വേണ്ട ഇത് മോഹിച്ചിട്ടു രണ്ടാം തവണയാണ് എനിക്ക് തല്ലു കിട്ടുന്നത് ..അതും മോഷ്ടിച്ച് എന്ന് പറഞ്ഞ്..ഇനി ഇനിക്കിത് വേണ്ട !കിട്ടാത്തത് ആഗ്രഹിക്കരുത് ..എനിക്കിത് വേണ്ട ..”
അവന്‍ തിരിച്ചോടി
പിറ്റേന്ന് ശിവാ ....എന്നുള്ള വിളികെട്ടാണ് അവന്‍ ഉണര്‍ന്നത്‌ .വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മിനോരിയും അച്ഛനും
“ദാ ഇത് പുതിയ കുടയാണ് ..ഇത് ശിവനുള്ളതാണ്”
“വേണ്ട ഇനിക്കീ പഴയ കുട മതി !”
അവളുടെ അച്ഛന്‍ പറഞ്ഞു “എന്‍റെ മോള്‍ ഇത് വരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല ..അതിനുള്ള അവസരം ഞാനുണ്ടാക്കിയിട്ടില്ല ,അവള്‍ ചോദി ക്കുന്നതിനുമുമ്പേ ഞാനത് അവള്‍ക്കത് വാങ്ങി കൊടുക്കും .ഇന്നലെ അവളൊരു കാര്യം പറഞ്ഞ് പെട്ടിയിളിരിക്കുന്ന അവളുടെ ഒരു പുതിയ ഫോറിന്‍ കുട അവളുടെ കൂട്ടുകാരന് കൊടുക്കണമെന്ന് അതാണ്‌ ഞാന്‍ തന്നെ നേരിട്ട് വന്നത് മോനിത് വാങ്ങു ..”
അവരത് ശിവനെ ഏല്‍പ്പിച്ചു തിരിച്ചുപോയി
പിറ്റേന്ന് കുടയും ചൂടി ക്ലാസിലേക്ക് പോകുമ്പോള്‍ താന്‍ പറക്കുകയാണെന്ന് ശിവന് തോന്നി ..കുട്ടികള്‍ ചുറ്റും കൂടി ..ഒച്ചവേച്ചപ്പോള്‍ ശിവന്‍ ഒരു രാജാവിനെ പോലെ നടന്നു ..മിനോരിയെ കാണണം ...നന്ദി പറയണം ...ഇന്നലെ ഒന്നും പറയാന്‍ കഴിഞ്ഞില്ല ..ക്ലാസിലെത്തിയപ്പോള്‍ മിനോറിയെ അന്വേഷിച്ചു ..അപ്പോഴാണ് അറിഞ്ഞത് മിനോറി അകലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ചേര്‍ന്ന് ..മനസ്സില്‍ സങ്കടം ഒരു കടലായ്‌ ഇളകുന്നു .......ഫോറിന്‍ കുട കെട്ടിപിടിച്ചു കുറെ കരഞ്ഞു ..ഞാന്‍ ഫോറിന്‍ കുടയെയാണോ ,അത് ചൂടി വരുന്ന  മിനോറിയെന്ന മാലാഖയെയാണോ സ്നേഹിച്ചത് .....?     

===================================================================================

                                                                              ഒരു പിടിച്ചോറ്

അവരെന്നും സ്നേഹിച്ചിരുന്നത് ബലികാക്കകളെയാണ്.മരിച്ചു പോയവരാണ് ബലികാക്കകളാവുന്നത് എന്നാണ് അമ്മ അവരോട് പറഞ്ഞിട്ടുള്ളത്...ഉച്ചക്ക് അമ്മ ചോറ് ചമ്മന്തിയും കൂട്ടി ഉരുട്ടി കൊടുക്കുമ്പോള്‍ ഒരു പിടി അവര്‍ കയ്യില്‍ വാങ്ങും...അവരുടെ കാക്കകള്‍ക്ക് കൊടുക്കാന്‍.അവര്‍ക്കരികില്‍ വരുന്ന ബലിക്കാക്ക അവരുടെ അച്ഛനാണെന്ന് അവര്‍ വിശ്വാസിച്ചു..
                                അവരുടെ കയ്യില്‍ നിന്നും കൊതിയോടെ ബലികാക്കകള്‍ ചോറ് തട്ടിയെടുക്കുമ്പോള്‍ അവരറിയാതെ പറയും
"ശ്ശോ,ഇത്രയ്ക്ക് കൊതിയോ?,ന്‍റെ  കൈ      നൊന്തല്ലോ?"

ഒരിക്കല്‍ മാധവമാമ്മയുടെ മോളുടെ കല്യാണത്തിന് ഒരു പിടിച്ചോറുമായി ഓടി കാക്കയെ വിളിച്ചപ്പോള്‍ അവരൊക്കെ  ചിരിച്ചതു മാത്രം അവര്‍ക്ക് മനസ്സിലായില്ല.
                                   ഒരു ദിവസം കാക്കയെ നോക്കി "ഞങ്ങളുടെ അച്ഛനും ഇതു പോലെയാണോ.."എന്നു ചോദിച്ചപ്പോള്‍അമ്മയുടെ കണ്ണുനിറഞ്ഞു മുഖം ചുവന്നത് അവരറിഞ്ഞിരിക്കില്ല.കൂട്ടുകാരൊക്കെ  അപ്പംചുട്ടും,കണ്ണുപൊത്തിയും കളിക്കുമ്പോള്‍ അവര്‍ കാക്കകളെ വിളിക്കും   ....."വാ അച്ഛാ ,കണ്ണന്‍റേം,അപ്പൂന്‍റേം അപ്പം തിന്നാന്‍ വാ.."ഒരു നിമിഷം വൈകിയാല്‍ കണ്ണന്‍ കരയും..............".അച്ഛന്  കണ്ണനെ ഇഷ്ടമല്ലേ..."എന്നു ചോദിക്കും
                                 മാഷുടെ കയ്യില്‍ നിന്നും അടി വാങ്ങി കരയുമ്പോള്‍ കണ്ണന്‍ ജനലിലൂടെ ഓലയിലിരിക്കുന്ന കാക്കയെ നോക്കി ചോദിക്കും "അച്ഛന്‍റെ മോനെയല്ലേ തല്ലുന്നത്...ഒരു കൊത്തുകൊടുത്താലെന്താ  ?"
                              പിന്നീടവര്‍ ബലികാക്കകള്‍ക്ക് പിന്നില്‍ നടന്നു കളിക്കുന്നത് പതിവാക്കി...ഒടുവില്‍ പുഴയുടെ ഇക്കരയില്‍ നിന്നും മറുകരയിലേക്ക് കാക്കകള്‍ പറക്കുമ്പോള്‍ പുറകേ പോയ അവരറിഞ്ഞിരിക്കില്ല  ബലികാക്കകള്‍ തങ്ങളെ കൂട്ടികൊണ്ടുപോകുന്നത് അച്ഛന്‍റെ ലോകത്തിലേക്കാണെന്ന്................................
  
*****************************************************
2002 ലെ അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു
=============================================================================================                    

സഹയാത്രിക(കഥ )
                ഒരു നല്ല മഴയത്ത് തീവണ്ടിയില്‍   വെച്ചാണ്‌ ഞാനവളെ കാണുന്നത് .കുറെ നാളുകളായി എണ്ണ കാണാത്ത മുടിയിഴകള്‍ പാറിപ്പറന്നു അവളുടെ മുഖത്തേക്ക് വീഴുന്നത് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിച്ചെങ്കിലും അവളതു ആസ്വദിക്കുന്നതായി തോന്നി .നീണ്ടു വിളറിയ കൈ വിരലുകള്‍ കൊണ്ട് അവളതു ഇടയ്ക്കിടെ മാറ്റുന്നുണ്ടായിരുന്നു.അവളുടേത് ആകര്‍ഷകമായ വസ്ത്രധാരണമായിരുന്നില്ല ,എന്നിട്ടും ഞാനവളെ എങ്ങനെ ശ്രദ്ധിച്ചു ,എന്നല്ലേ ?...എന്‍റെ സഹയാത്രിക അവള്‍ മാത്രമായിരുന്നു ...
                .അവളൊരു പുസ്തകം വായിക്കുകയായിരുന്നു .അവളുടെ പ്രായവും വായിക്കുന്നതിലുള്ള ശ്രദ്ധയും കണ്ടപ്പോള്‍ അവളൊരു വിദ്യാര്‍ത്ഥിനിയായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു ,ഇനി വല്ല പൈങ്കിളി കഥയുമാണോ ?ഞാന്‍ സൂക്ഷിച്ചു നോക്കി .അല്ല!അതൊരു നോവലായിരുന്നു
                 ഇവളെന്താ ഇങ്ങനെ ?ഞാനോറ്റയ്ക്ക് എത്രനേരമായി ഇവളെ മാത്രം നോക്കി ,ഇവളെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നു?ഇവള്ക്കൊന്നു മുഖമുയര്ത്തിയാലെന്താ ?ആ  മുഖമൊന്നു കാണാമായിരുന്നു
          ഓ ഭാഗ്യം !അവള്‍ പുസ്തകം അടയ്ക്കുന്നുണ്ട് .ഇപ്പോള്‍ അവളെന്നെ ശ്രദ്ധിക്കും .ചിലപ്പോള്‍ മനപ്പൂര്‍വ്വം നോക്കാത്തതാണെങ്കിലോ?ഞാന്‍ നോട്ടം പിന്‍വലിച്ചു പുറത്തേക്ക് നോക്കിയിരുന്നു .നല്ല മഴ ...കാറ്റടിച്ചു മഴത്തുള്ളികള്‍ അകത്തേക്ക് തെറിക്കുന്നു .എന്തൊരു തണുപ്പ് !അവളൊന്നു വര്‍ത്തമാനം പറഞ്ഞിരുന്നെങ്കില്‍ അത് തോന്നുമായിരുന്നില്ല .
                 പെട്ടന്നാണത് സംഭവിച്ചത്‌ !അവളതാ നിലത്തേക്ക് വീണിരിക്കുന്നു.എന്ത് പറ്റിയോ ആവോ ?എടുക്കണമോ ?ഞാനൊരു നിമിഷം ചിന്തിച്ചു .എടുത്താല്‍ കേറിപ്പിടിച്ചെന്നാവും -സ്ത്രീ പീഡനം-പോലീസ് –വനിതാകമ്മീഷന്‍ -കോടതി –ശിക്ഷ .....എടുത്തില്ലെങ്കില്‍ മനുഷ്യത്വമില്ലാത്തവന്‍, ദയാടാക്ഷിണ്യമില്ലാത്തവന്‍ ......വരുന്നിടത്ത് വെച്ച് കാണാം –എന്നാ ഭാവത്തില്‍ അവളെ എടുത്തു സീറ്റില്‍ കിടത്തി ,മുഖത്ത് വെള്ളം തളിച്ചു .അവള്‍ പതുക്കെ കണ്ണ് തുറന്നു എന്നെ നോക്കി ,ചിരിച്ചു  ‘വെള്ള ‘മെന്നു അവ്യക്തമായി പറഞ്ഞു .വഴിയില്‍ നിന്ന് വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ നിന്ന് കുറച്ചു വെള്ളം കൊടുത്തു
.”എനിക്ക് വിശക്കുന്നു “അവള്‍  പറഞ്ഞു .
                   എനിക്ക് സന്തോഷമായി .ഇത്രയും നേരം അവളെന്നെ നോക്കുന്നില്ല എന്ന ചിന്തയായിരുന്നു ,ഇപ്പോളിത അവളെന്നോട് സംസാരിക്കുന്നു .മറ്റൊന്നും ആലോചിച്ചില്ല ,എന്‍റെ കയ്യിലെ ചൂടുള്ള കാപ്പിയും ചപ്പാത്തിയും കറിയും കൊടുത്തു .അവളതു ആര്‍ത്തിയോടെ തിന്നു  . തിന്നുന്നത് കണ്ടാല്‍ കുറെ നാളുകളായ്‌ ഇവള്‍ ഇതൊന്നും കണ്ടിട്ടേയില്ല എന്ന് തോന്നും
               “ഇന്നലെ രാത്രി മുതല്‍ ഒന്നും കഴിച്ചിട്ടെയില്ല!” അവള്‍ പറഞ്ഞു .ഞാന്‍ ഞെട്ടിയില്ല .അവള്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് മാത്രമല്ല രണ്ടു ദിവസമായ്‌ കുളിച്ചിട്ടുമില്ല എന്ന് എനിക്ക് തോന്നി .എനിക്ക് ആകാംക്ഷ തോന്നി .അത് മനസിലാക്കിയിട്ടോ എന്തോ അവള്‍ പറഞ്ഞു
                  “ഞാനങ്ങനെയാണ് എന്തെങ്കിലും പുസ്തകം കിട്ടിയാല്‍ വായിച്ചു തീരുന്നതുവരെ മറ്റൊന്നും ആലോചിക്കാറില്ല “ഞാനൊന്നും മറുപടി പറഞ്ഞില്ല .അവളുടെ കയില്‍ ഇനിയുമൊരു പുസ്തകമുണ്ടാവല്ലേ എന്ന് ഞാന്‍  ആത്മാര്‍ഥമായി  ആഗ്രഹിച്ചു ...അവള്‍ തുടര്‍ന്ന്
             “.എല്ലാ പുസ്തകങ്ങളുമല്ല  കേട്ടോ ? നല്ലത് ....നല്ലത് മാത്രം !,ഇയാളുടെ കയ്യിലുണ്ടോ ഏതെങ്കിലും നല്ല പുസ്തകങ്ങള്‍ ?” 
              ഷേക്സ്പിയറിന്റെ ഒരു നാടകം എന്‍റെ കയ്യിലുണ്ടായിരുന്നെങ്കിലും ഇല്ല-എന്ന് ഞാന്‍ കള്ളം പറഞ്ഞു. അവള്‍ക്കു വായനയിലാണ് താല്പര്യമെങ്കില്‍ ,എനിക്ക് വര്‍ത്തമാനം പറയുന്നതിലാണ് താല്‍പര്യം,പ്രത്യേകിച്ച്  പെണ്‍കുട്ടികളുമായി സംസാരിക്കുന്നതില്‍ ! ഞാനവളെ നോക്കി .അവളിപ്പോള്‍ എന്തോ ചിന്തിച്ചിരിക്കുകയാണ്,പെട്ടെന്ന് സോഡാ കുപ്പി നിലത്തുവീണ് പൊട്ടിയ പോലെ അവള്‍ ചിരിച്ചു .ഞാന്‍ പെട്ടന്ന് വല്ലാതായി
                  “എന്താ ...?” ഞാന്‍ ചോദിച്ചു
                  “ങ്ങും ഹും ..ഞാന്‍ തകഴിയുടെ നോവലിലെ രസകരമായ്‌ ഒരു സംഭവം ആലോചിച്ചു ചിരിച്ചതാണ് ...”
എനിക്ക് പെട്ടന്നവളോട് ദേഷ്യം തോന്നി .എനിക്ക് എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നിയിരുന്നു ..എല്ലാം മറന്നു പോയി .ഒരു കൗമാരക്കാരിയായ അവളുടെ കയ്യില്‍ വളയോ വാച്ചോ ഒന്നും കാണാനില്ല
                “ എന്താ വളയൊന്നും ഇടാത്തത് ?ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ കൈ നിറയെ പലതരത്തിലുള്ള വളകളിടാറുണ്ട്”
ഒരു പരിചയവുമില്ലാത്ത അവളോട്‌ ഇങ്ങനെയൊക്കെ ചോദിക്കാന്‍ എനിക്ക് ഒരു ധൈര്യക്കുറവും തോന്നിയില്ല .മാത്രമല്ല,അവളോട്‌ വല്ലാത്തൊരു അടുപ്പം തോന്നുകയും ചെയ്തു .
               “ഒക്കെയൊരു യോഗാ ..അവള്‍ക്കത് വിധിചിട്ടുണ്ടാവില്ല ..”
              ഞാന്‍ ഞെട്ടി “ആര്‍ക്ക്?”
              “വാസന്തിയുടെ കാര്യമല്ലേ ചോദിച്ചത്‌ ?”
എന്‍റെ ക്ഷമയറ്റു . എന്‍റെ കൈയിലൊരു ചുറ്റിക ഉണ്ടായിരുന്നെങ്കില്‍ അവളുടെ തലക്കിട്ടോന്നു കൊടുത്തേനെ !എനിക്കിത് വരെ ഒരു പെണ്ണിനോടും ഇത്രയ്ക്ക് ദേഷ്യം തോന്നിയിട്ടില്ല ,എന്‍റെ വീടിനടുത്തൊരു വല്യമ്മയുണ്ട്..പാറുവെന്നാണ് പേര് .അവര്‍ക്ക് കഞ്ഞി ഭയങ്കര ഇഷ്ടമാണ്.ബുദ്ധിക്ക് വൈകല്യമുള്ള അവരെ ആരെങ്കിലും ‘കഞ്ഞിപ്പാറു ‘വെന്നു വിളിച്ചാല്‍ പാറു വല്യമ്മ അവരെയും അവരുടെ അമ്മയെയും അച്ഛനെയു തെറി വിളിക്കും .ചിലപ്പോള്‍ വഴിയെ പോവുമ്പോള്‍ നമ്മളെ ഉപദ്രവിക്കുകയും ചെയ്യും .അവരോടു പോലും എനിക്ക് ഇത്രയ്ക്ക് ദേഷ്യം തോന്നിയിട്ടില്ല . എന്തും വരട്ടെ ! വിരസതയൊഴിവാക്കാന്‍ ഞാന്‍ വീണ്ടും ചോദിച്ചു
                  “കുട്ടീടെ പേരെന്താ “
                  “കാളി “
                  “കാളീന്നോ? “ഇക്കാലത്ത്‌ ഇങ്ങനെയും ഒരു പേരോ ?
ഞാന്‍ ചിരിച്ചു .ചിരിയടക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ ചാടിയെഴുന്നേറ്റു.
                   “നിര്‍ത്ത്‌ ..എന്‍റെ ഓമനയാണവള്‍..അവളെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല !”അവളുടെ മുഖം ചുവന്നു .
                  “കുട്ടീ ,ഞാന്‍ നിന്‍റെ പേരാണ് ചോദിച്ചത് ?”
                  “എന്‍റെ പേര് ....പേര് ..?”
ഇനിയുമേതെങ്കിലും കഥാപാത്രത്തിന്‍റെ പേര് പറയുമെന്ന് വിചാരിച്ച് ഞാന്‍ വീണ്ടും ചോദിച്ചു
                 “കുട്ടീ ,നിന്‍റെ പേര് ....?”
പറഞ്ഞു തീരും മുമ്പേ അവള്‍ പറഞ്ഞു
                  “അതേ,അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് “
എനിക്ക് ദേഷ്യം വന്നു ഹൊ! ഇതെന്തൊരു ജീവി ?ഇതിനെയെങ്ങനെ ഇതിന്‍റെ വീട്ടുകാര്‍ സഹിക്കുന്നു ,ഇന്നത്തെ എന്‍റെ കണി ആരാണാവോ ?
പെട്ടന്നവള്‍ പറഞ്ഞു “അപര്‍ണ”
നല്ല പേര് ...അപര്‍ണ .അവളെന്‍റെ പേര് ചോദിക്കുമെന്ന് ഞാന്‍ വെറുതെ ആശിച്ചു .അതുണ്ടായില്ല .എങ്കിലും ഞാന്‍ പറഞ്ഞു
                 “എന്‍റെ പേര് ഗോവിന്ദന്‍ ..നിലമ്പൂരാണ് വീട് ..”
അവള്‍ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ എന്‍റെ കൈ കടന്നു പിടിച്ചു ,കരഞ്ഞുകൊണ്ട് ചോദിച്ചു
                “പറയൂ ...എവിടെയായിരുന്നു ഇത് വരെ ?എന്തിനാ എന്‍റെ കുട്ടിമാളൂനെ ഇങ്ങനെ വേദനിപ്പിച്ചത് ?”
                “ങേ ?ഞാനോ ഞാനാരെയും വേദനിപ്പിച്ചിട്ടില്ല .ഏതു കുട്ടിമാളു ...?എനിക്കവരെ അറിയില്ല !കുട്ടിക്ക് ആളു തെറ്റി !”
അവള്‍ ഉറക്കെ കരഞ്ഞു .ആരെങ്കിലും കേള്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു .
                “ങേ ?പട്ടണത്തില്‍ പോയി ജോലി തരപ്പെട്ടാല്‍ മാളൂനെ കൊണ്ടുപോകാന്‍ വരുമെന്ന് പറഞ്ഞിട്ട് എല്ലാം മറന്നോ ?....ഇല്ല ..കുട്ടിമാളുന്‍റെ ഗോവിന്ദേട്ടനെ ഞാന്‍ വിടില്ല !എനിക്ക് വയ്യ എന്‍റെ കുട്ടിമാളുവിന്‍റെ കണ്ണീരു കാണാന്‍ “
അവള്‍ പിന്നേയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു .ദൈവമേ ..ആരെങ്കിലും കണ്ടാല്‍ എന്‍റെ മാനം പോയത് തന്നെ !അവളെന്‍റെ കാലില്‍ പിടിചാണിപ്പോള്‍ കരയുന്നത് .ഞാനെന്‍റെ കാര്‍ന്നവന്മാരെ വിളിച്ചു പ്രാര്‍ത്ഥിച്ചു .എന്‍റെ സ്റ്റേഷനെത്തിയിട്ടില്ല,എങ്കിലും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമെന്നു ഞാന്‍ നിശ്ചയിച്ചു .ഒരു ഭ്രാന്തിയുടെ കൂടെ ആണല്ലോ ഭഗവാനേ എനിക്ക് യാത്ര ചെയ്യേണ്ടതെന്ന് ഓര്‍ത്ത്‌ സങ്കടം വന്നു .സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബര്‍ത്തില്‍ നിന്നും ഞാനെന്‍റെ ബാഗെടുത്തു.അവള്‍ ചിരിച്ചു .
             “അപ്പോള്‍ സ്ഥലം മറന്നിട്ടില്ലല്ലേ?എന്നെ പറ്റിക്കുകയായിരുന്നു”
ഞാന്‍ ശരിക്കും ഞെട്ടിയതപ്പോഴാണ്.അവളും ബാഗെടുത്ത് എന്‍റെയൊപ്പം സ്റ്റേഷനിലിറങ്ങി.
              “വാ ഇവിടെ വെച്ചാണ് സോമാസുന്ദര്‍ കുട്ടിമാളൂന്‍റെ കഥ എഴുതിയത് ..ഇതാണവളുടെ നാട് ....!”
പേര് പറയാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ആത്മാര്‍ത്ഥമായി ശപിച്ചു .സോമസുന്ദരിനെപ്പോഴാണാവോ ഇങ്ങനെ ഒരു കുട്ടിമാളുവിന്‍റെ കഥയെഴുതാന്‍ തോന്നിയത് ?അല്ല ,അയാളെ പറഞ്ഞിട്ടെന്തിനാ? ഇതെല്ലാം വായിച്ചു സത്യമെന്നു വിചാരിക്കുന്ന ഈ ഭ്രാന്തിപെണ്ണിനെ പറഞ്ഞാല്‍ മതിയല്ലോ ? സോമസുന്ദറിന്‍റെ കഥയിലെ കുട്ടിമാളുന്‍റെ ഗോവിന്ദനായി എന്നെ ചിത്രീകരിച്ച ഇവള്‍ -അപര്‍ണ –ഏതു കഥയിലെ ഭ്രാന്തിയായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല
                 നീണ്ട ചെങ്കല്‍ പാതയിലൂടെ അവളെന്നെ വലിച്ചുകൊണ്ട് “കുട്ടിമാളൂന്റെ ഗോവിന്ദന്‍ വന്നേ...എന്നുറക്കെ പറഞ്ഞുകൊണ്ടിരുന്നു .പാതക്കിരുവശവും ആളുകള്‍ ചിലര്‍ അമ്പരക്കുന്നതും,ചിലര്‍ ചിരിക്കാന്‍ പാട് പെടുന്നതും കൈവിലങ്ങിട്ട കുറ്റവാളിയെ പോലെ നിസ്സഹായതയോടെ ഞാന്‍ കണ്ടു.അപര്‍ണ വായിച്ച കഥയിലെ കഥാപാത്രങ്ങളാണെതെന്നു എനിക്ക് തോന്നി ....
           ..തീവണ്ടി കൂവികരഞ്ഞു കൊണ്ട് പാഞ്ഞു ...ദൂരമറിയാത്ത ചെങ്കല്‍ പാതയിലൂടെ ഗോവിന്ദന്‍റെ കൈ പിടിച്ചു അപര്‍ണ ഓടിക്കൊണ്ടിരുന്നു .അവളില്‍ നിന്നും രക്ഷ നേടാനുള്ള ഉപായം ആലോചിച്ചു ഗോവിന്ദന്‍റെ മനസ്സും !
================================================================================
.
കൊച്ചുവള്ളം
                    ഉണ്ണിക്കുട്ടനെന്ന ആ പത്തുവയസ്സുകാരനെ കൊച്ചുണ്ണിയെന്നാണ് എല്ലാവരും വിളിച്ചിരുന്നത്‌ .അവന്‍റെ അമ്മയാണ് അങ്ങനെയാദ്യം വിളിച്ചതെന്ന് ഒരിക്കല്‍ ആരോ അവനോട് പറഞ്ഞിട്ടുണ്ട്.ചില കൂട്ടുകാര്‍ ഇടയ്ക്കിടെ അവനെ കളിയാക്കും.....”നിന്‍റെ പേര് ഒരു കള്ളന്‍റെ പേരാണ് –കായംകുളം കൊച്ചുണ്ണി – “ അവന്‍ പറയും സാരമില്ല എന്‍റെ അമ്മയല്ലേ അങ്ങനെയാദ്യം വിളിച്ചത്, അമ്മ എന്ത് വിളിച്ചാലും എനിക്ക് സന്തോഷമാണ്”
                        ‘കൊച്ചുണ്ണി......കഞ്ഞി ചൂടാറും ,വേഗം വന്നു കഴിക്കു ,മാങ്ങാ ചമ്മന്തിയുണ്ട് ...”
കൊച്ചുണ്ണി ഓടിയെത്തി “അമ്മേ” അവനറിയാതെ കരഞ്ഞുപോയി ,കട്ടിലില്‍ നിന്ന് വീണതാണ്
              “ദൈവമേ എത്ര നല്ല സ്വപ്നം !”
അതെ അതൊരു സ്വപ്നം മാത്രമാണ് ;കൊച്ചുണ്ണിയെന്ന സ്നേഹത്തില്‍ ചാലിച്ച വിളിയും ,ചൂടുള്ള  കഞ്ഞിയും ‘
              ഓ നേരം വെളുത്തിരിക്കുന്നു.....കൊച്ചുണ്ണി വേവലാതിപ്പെട്ടു .ഇന്നലെ രാത്രി ഒന്നും കഴിക്കാഞ്ഞിട്ടാവണം  ഉറക്കത്തില്‍ നിന്നെഴുന്നേറ്റപ്പോള്‍ ഒരു വല്ലായ്മ
              “കടവില്‍ ആരങ്കിലും തന്‍റെ വള്ളത്തിനായ്‌ കാത്തു നില്‍ക്കണേ ..”ആ കൊച്ചു വള്ളക്കാരന്‍ പ്രാര്‍ത്ഥിച്ചു.അകത്തുനിന്നു അമ്മയുടെ പൊട്ടിച്ചിരി ..പിന്നെയൊരു കരച്ചില്‍ ..അവനൊരു ദീര്‍ഘനിശ്വാസമിട്ടു “.ഭ്രാന്തിയുടെ മകന്‍  ! “ കൊച്ചുണ്ണി ധൃതിയില്‍നടന്നു .കടവില്‍ ഒരാളല്ല ...മൂന്നു പേര്‍ !ഇന്നത്തെ കണി മോശമല്ല! അവന്‍ ദൈവത്തിനു നന്ദി പറഞ്ഞു
              “കൊച്ചുണ്ണി നീയെന്താ വൈകീയത്‌ ? “കൂട്ടത്തിലെ വയസായ സ്ത്രീ സുലോചന ചോദിച്ചു. കവിളൊട്ടി പല്ലുന്തിയ മുഖത്ത് യാതൊരു ഭാവ വിത്യാസമില്ലാതെ അവന്‍ വള്ളത്തില്‍ കയറി വല്ലമൂന്നി
             .അവന്‍റെ മനസ്സിലെന്തായിരിക്കും?.
സുലോചന വീണ്ടും ചോദിച്ചു “നീ വല്ലതും കഴിച്ചോ ?”അതിനവന്‍ മറുപടി പറഞ്ഞു
              “ഉം “
              “ എന്താ കഴിച്ചത് ?”
              “ചൂടുള്ള  കഞ്ഞിയും ,മാങ്ങാച്ചമ്മന്തിയും !”
                കുഴിഞ്ഞ കണ്ണുകളില്‍ വെള്ളം നിറഞ്ഞു ..അവന്‍ ചിരിക്കാന്‍ ശ്രമിച്ചു .ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്തിന്‍റെ ലക്ഷണങ്ങള്‍ അവന്‍റെ മുഖത്ത്‌ തെളിഞ്ഞു കിടക്കുന്നു ...ചുണ്ടിന്‍റെ കോണില്‍ തുപ്പലിന്‍റെ ഉണങ്ങിയ ചാല്‍ ..കണ്ണില്‍ ഉറക്കം വിട്ടുമാറാത്ത ക്ഷീണം ,അവന്‍ വള്ളം ശക്തിയായി ഊന്നി. വെള്ളവും തനിക്കെതിരെയോ ?കാറ്റത്ത് ബട്ടന്‍സില്ലത്ത അവന്‍റെ ഷര്‍ട്ട്‌ പൊങ്ങിത്താന്നു .എല്ലുന്തിയ ശരീരം മറച്ചുപിടിക്കാന്‍ അവന്‍ ശ്രമിച്ചു .സുലോചന അവന്‍റെ ഒട്ടിയ വയര്‍ നോക്കി പെട്ടന്ന്‍ കണ്ണ് പിന്‍വലിച്ചു.......കരയില്‍ അവന്‍റെ കൂട്ടുകാര്‍ മണ്ണില്‍ തലകുത്തി മറിയുകയും മരത്തിന്‍റെ കൊമ്പില്‍ ഊഞ്ഞാലുകെട്ടുകയും ,മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്യുന്നത് അവര്‍ കണ്ടു.....ദൈവമേ അവര്‍ക്കൊപ്പം കളിക്കേണ്ട ചെറുക്കന്‍...അവനു ആഹാരത്തിനുള്ള വക കൊടുക്കണേ.....എല്ലാവരുടെയും പ്രാര്‍ത്ഥനയാണതു.....
                  വള്ളം കടവിലടുത്തപ്പോള്‍ അവര്‍ പതിനഞ്ചു  രൂപ കൊടുത്തു .അവനത് കണ്ണില്‍ തൊട്ടു ...’കൈനീട്ടമാണേ !’അവന്‍ പറഞ്ഞു ..സുലോചന നോക്കി നിന്നു അവനെയത് ആരും പഠിപ്പിച്ചതല്ല...അല്ലെങ്കില്‍ തന്നെ ഈ മണ്ണിലെ ജീവജാലങ്ങളെല്ലാം നീന്തുന്നതും പറക്കുന്നതും ആരെങ്കിലും പഠിപ്പിച്ചിട്ടാണോ?എല്ലാം സൃഷ്ടികര്‍ത്താവിന്റെ കേളി തന്നെ !അവന്‍ ദിവസം മുപ്പതു രൂപയോളം സമ്പാദിക്കും .അവനും അച്ഛനും അമ്മയും ജീവിക്കാന്‍ അതുമതിയോ ?മതിയായിരിക്കും ....അതന്വേഷിക്കാന്‍ ആരും വരില്ല ,അങ്ങനെയൊ രാവശ്യം ആര്‍ക്കുമില്ല .
                 ആ കടവില്‍ അവന്‍ കുറെ നേരം കാത്തു കിടന്നു . ഉച്ചയോടടുത്തപ്പോള്‍ ആളെത്തി .അവന്‍റെ മനസ്സ് നിറയെ അമ്മയായിരുന്നു .അമ്മ ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും ?ഒന്നുകില്‍ ചിരിക്കുകയായിരിക്കും ,അല്ലെങ്കില്‍ കരയുകയായിരിക്കും ...അതുമല്ലെങ്കില്‍................... ?അച്ഛനെ കുറിച്ച് അവനു നല്ല ബോധ്യമുണ്ട് ഏതെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ഇരുന്നു കള്ളുകുടിക്കുകയായിരിക്കും,കള്ളുകുടിച്ചു ബോധം നശിച്ചു ,നശിപ്പിച്ചു കിടക്കുകയായിരിക്കാം ബോധം നശിച്ചാല്‍ പിന്നെ ഒന്നും അറിയേണ്ടതില്ലല്ലോ ?കള്ളു ചെത്തുകാരനായ അവന്‍റെ അച്ഛന്‍ കാല് വേദന വന്നതില്‍ പിന്നെ തെങ്ങുകയറാതെയായി .പിന്നെ ഒരു ജോലിക്കും പോകാതെയായി .പഴയ കള്ളു ചെത്തുകാരനെന്ന പേരില്‍ ശാപ്പുകാരോ മറ്റു കൂട്ടുകാരോ ആരെങ്കിലും കള്ള്  കൊടുക്കും
                     ഇന്ന് ഒന്നും വെച്ചിട്ടില്ല ! റേഷന്‍ വാങ്ങിക്കാന്‍ പോകണം ,എന്നിട്ട് വേണം ..അവന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു അവന്‍ കണ്ണ് തുടച്ചു .വെള്ളം എടുക്കണം ,പുര തൂക്കണം ,മുറ്റം വൃത്തിയാക്കണം ..ഞാനൊരു ഭാഗ്യം കെട്ടവനാണോ?.....ആലോചിക്കുമ്പോഴേക്കും വള്ളം കരക്കെത്തി അവന്‍ അവരെ ഇറക്കി കാശും വാങ്ങി നേരെ വീട്ടിലേക്ക്  ...നടക്കുകയായിരുന്നില്ല ,ഓടുകയാണ് പതിവ് അതവിടെ എല്ലാവര്ക്കും അറിയാം അവന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ അവനെ നോക്കി ചിരിച്ചു
                  .”കൊച്ചുണ്ണി... 
               “ ഓ....”  അവന്‍ വിളി കേട്ടു.ആ അമ്മ അവനെ കെട്ടിപിടിച്ചു കരഞ്ഞു ..എന്‍റെ അമ്മ ഭ്രാന്തി തന്നെയാണോ ?ആ ചിന്ത മുഴുവനാക്കാന്‍ സമയം എടുത്തില്ല അമ്മയുടെ പിടുത്തം മുറുകി അവന്‍ അമ്മയെ തള്ളിമാറ്റി  അമ്മ ഉറക്കെ ചിരിച്ചു കൊച്ചുണ്ണി കരഞ്ഞില്ല പക്ഷെ ആ കുഞ്ഞു മനസ്സ് വിങ്ങി ....എന്‍റെ അമ്മ !!!
                     പെട്ടന്നാണവന്‍ ഓര്‍ത്തത് ‘അയ്യോ അരി ?’അവന്‍ അയല്‍പക്കത്തേക്ക് ഓടി ..ചിന്നമ്മുവിന്‍റെ  വീട്ടിലേക്ക്
                “ചിന്നാമ്മേ ഒരു ഗ്ലാസ്‌ അരി തരോ ?ചിന്നമ്മു അവനെ കുറച്ചു നേരം നോക്കി നിന്ന് മുമ്പും ഇതുപോലെ അവന്‍ വന്നിട്ടുണ്ട് .അവന്‍ പോക്കറ്റില്‍ നിന്നും കാശെടുത്തു കാണിച്ചു കൊടുത്തു “ദാ എന്‍റെ കൈയില്‍ കാശുണ്ട് ,റേഷന്‍കട വൈകീട്ടേ തുറക്കുകയുള്ളു ..അരി വാങ്ങുമ്പോള്‍ തിരിച്ചു തരാം “ചിന്നമ്മു അകത്തേക്ക് പോയി ,അവന്‍ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു
               അവര്‍ അരിയെടുത്ത് കൊടുത്തു കൂടെ ഒരു നെയ്യപ്പവും ‘ദാ ഇത് കഴിച്ചോ ‘അവന്‍ വേണ്ടെന്ന് പറഞ്ഞില്ല അവന്‍ അതുമായ്‌ വീട്ടിലേക്കു ഓടി അകത്തുകയറി അമ്മയ്ക്കരികില്‍ നിന്നു  .നെയ്യപ്പത്ത്തില്‍ നിന്നും ഒരു കഷ്ണം പൊട്ടിച്ചു അമ്മയുടെ വായിലിട്ടു കൊടുത്തു ,ബാക്കി കഷ്ണവും  പിടിച്ചു അവന്‍ അമ്മയെ നോക്കി നിന്ന് അവരത് വായിലിട്ടു ചവച്ചു അവന്‍ സന്തോഷിച്ചു ...പിന്നെയൊരു തുപ്പലാണ് അവന്റെ മുഖത്ത് നെയ്യപ്പത്തിന്റെ കഷ്ണങ്ങള്‍ ....അവനതു തുടച്ചു കളഞ്ഞു .കയ്യിലുള്ളത് അവന്‍ കഴിച്ചു
                  അടുക്കളയില്‍ ചെന്ന് അടുപ്പില്‍ നിന്ന്, ചാരമെടുത്തു കളഞ്ഞു ,ചാരമെന്നു പറയാന്‍ ഒന്നും തന്നെയില്ല .അടുപ്പിനരികില്‍ കിടന്നിരുന്ന പൂച്ച അനക്കം കേട്ട് അസ്വാരസ്യത്തോടെ മൂരി നിവര്‍ത്തി പുറത്തേക്ക് പോയി .അവന്‍ കലത്തില്‍ വെള്ളമെടുത്തു അടുപ്പില്‍  വെച്ച് ,ഇടയ്ക്ക് അഴികള്‍ക്കിടയിലൂടെ പുറത്തേക് നോക്കി ...അച്ഛന്‍ വരുന്നു അവന്‍ പേടിച്ചു അരി വെന്തിട്ടില്ല .
               “.ഉണ്ണി......”
 ..             .അച്ഛനങ്ങനെയാണ് കൊച്ചുണ്ണിയെ വിളിക്കുക..
              “.ചോറെടുക്ക് ...”
                                                                                 അവന്‍ പരുങ്ങി
                “എന്താടാ നിനക്ക് ചെവി കേള്‍ക്കില്ലേ ?അതോ നീയും നിന്‍റെ  അമ്മയെ പോലെ ...പറഞ്ഞത് മുഴുവനാക്കാന്‍ അവന്‍ സമ്മതിച്ചില്ല അവന്‍ പറഞ്ഞു
             ‘വെള്ളം വെച്ചിട്ടെയുള്ളൂ ..അരി വെന്തിട്ടില്ല ..അരി തീര്‍ന്നുപോയി...’അയാള്‍ കരഞ്ഞു”
               ദൈവമേ എനിക്ക് ഇത്തിരി ചോറ് തരാന്‍ ആരുമില്ലേ ?അവന്‍ ഓര്‍ത്തു ഞാനല്ലേ അങ്ങനെ പറയേണ്ടത്?  വെള്ളം തിളച്ചു അവന്‍ അരിയിട്ടു ചോറ് വേവാന്‍ അധിക സമയമെടുത്ത്ത്തായി തോന്നി ,വിശപ്പുകൊണ്ടാവണം  .കുറച്ചു നെല്ലിക്ക ഉപ്പിലിട്ടതുണ്ട്  ,ഉണക്ക മീനുണ്ട് ചിന്നമ്മു കൊടുത്തതാണ് അവന്‍ അത് വറത്തു . ഉണക്കമീനിന്‍റെ വാസന വന്നപ്പോള്‍  അവന്‍റെ അച്ഛന്‍ ചോദിച്ചു “ഇന്ന് കാര്യായട്ടാണല്ലോ ?” ചോറ് വിളമ്പാനെടുത്തപ്പോള്‍ മുറ്റത്ത് നിന്ന് അവന്‍റെ കൂട്ടുകാരന്‍ വിളിച്ചു
               “‘കൊച്ചുണ്ണി ..കടവത്ത് ആളു കാത്തു നില്‍ക്കുന്നു “ ‘അവന്‍  അച്ഛന് ചോറ് കൊടുത്തു പുറത്തേക്ക് ഓടി അവന്‍റെ കത്തുന്ന വയറിനകത്ത് നിന്ന് വിശപ്പിന്‍റെ ശബ്ദം വരുന്നത് കാര്യമാക്കാതെ അവന്‍ വല്ലമൂന്നി ..മനസ്സ് നിറയെ ഉണക്കമീനും കൂട്ടി അമ്മയ്ക്ക് ചോറ് കൊടുക്കുന്ന കാര്യമാണ് .അമ്മയ്ക്കത്  വലിയ ഇഷ്ട്ടമാണ്
             ആളെയിറക്കി. അവന്‍ വീണ്ടും വീട്ടിലേക്കു ചെന്നു . അച്ഛന്‍ ചോറ് തിന്ന പാത്രം അവിടെ തന്നെ ഇരിപ്പുണ്ട് പാത്രത്തിന്‍റെ അരികില്‍ ഉറുമ്പുകള്‍ തിരയുന്നു . അവന്‍ അടുക്കളയില്‍ ചെന്ന് പാത്രമെടുത്ത് ചോറ് വിളമ്പാനെടുത്തു...പുറകില്‍ പൂച്ചയുടെ കരച്ചില്‍ അതിന്‍റെ വായില്‍ ഉണക്കമീനിന്‍റെ കഷ്ണം ! വിറകെടുത്ത് അതിനെ തല്ലി  “നാശം പിടിച്ച സാധനം !”കലമെടുത്തു നോക്കി ഇല്ല, ഒറ്റ വറ്റ്  പോലുമില്ല ! ദൈവമേ അമ്മയ്ക്കിനി എന്ത് കൊടുക്കും ?തേയ്ക്കാത്ത ചുമരില്‍ മുഖമമര്‍ത്തി അവന്‍ കരഞ്ഞു .അവന്‍ അമ്മയുടെ അടുത്തേക്ക് ചെന്ന് .അവന്‍ ചോദിച്ചു
           “അമ്മയ്ക്ക് വിശക്കുന്നുണ്ടോ?”
           ഇല്ല ...മോന് വിശക്കുന്നുണ്ടോ ?
          അവന്‍ തേങ്ങി..”അമ്മയ്ക്ക് വിശക്കുന്നില്ലെങ്കില്‍ കൊച്ചുണ്ണിക്കും വിശക്കുന്നില്ല!”അമ്മ അവന്‍റെ കണ്ണുകള്‍ തുടച്ചു
           “ഇല്ല....... അമ്മയ്ക്കറിയാം എന്‍റെ മോന് വിശക്കുന്നുണ്ട് ..”
           അവന്‍റെ കണ്ണുകള്‍ പിന്നെയും നിറഞ്ഞു ....എന്‍റെ  അമ്മയ്ക്ക് ഭ്രാന്താണെന്ന് ആരാണ് പറഞ്ഞത്...അമ്മയ്ക്ക് കൊച്ചുണ്ണിയെ അറിയാം , കൊച്ചുണ്ണിയുടെ വിശപ്പറിയാം..അമ്മ എന്തോ പരത്തുകയാണ് ..കീറിയ പായുടെ അടിയില്‍ നിന്ന് എന്തോ എടുത്തു
              “കൊച്ചുണ്ണി  വാ തുറക്കു “അവന്‍ വാ തുറന്നു ..എത്ര കൊതിച്ചി രിക്കുന്നു അമ്മയിങ്ങനെ പറയാന്‍ ,ഒരു ഉരുള എങ്കിലും വായിലിട്ടു തരാന്‍ ...കയ്യില്‍  ഒതിക്കിപിടിച്ച സാധനം അമ്മ കൊച്ചുണ്ണിയുടെ വായിലിട്ടു ..ജീവനുള്ള ഒരു പാറ്റ..കൊച്ചുണ്ണി ഒരു തുപ്പലോടെ ചാടിയെഴുന്നേറ്റു
             “അമ്മേ...”
             അമ്മ കൈ കൊട്ടിചിരിച്ചു അവന്‍ വീണ്ടും ചിന്നമ്മുവിന്‍റെ അടുത്തേക്ക് നടന്നു
              “ചിന്നാമ്മേ ..ഇവിടെ ചോറ് ഇരിപ്പുണ്ടോ ??അരി എന്‍റെ  കയ്യില്‍  നിന്നും താഴെ വീണു .”ചിന്നാമ്മയ്ക്ക് കാര്യം മനസിലായി അവര്‍ പാത്രം നിറയെ ചോറെടുത്ത് കൊടുത്തു
             “ദാ കൊണ്ടുപോയി കഴിക്കു...”
              വിശപ്പിനേക്കാള്‍  ആ യാചന അവനെ വേദനിപ്പിച്ചു ചോറുമായ്‌ നടന്നകലുന്ന അവനെ നോക്കി ചിന്നമ്മ  നെടുവീര്‍പ്പിട്ടു .ആ ചോറ് അവന്‍ അമ്മയ്ക്ക് കൊടുത്തു ബാക്കിവന്ന രണ്ടുരുള അവന്‍റെ കുഞ്ഞു വയറിനു മതിയായില്ല; എങ്കിലും അവന്‍റെ  മനസ് നിറഞ്ഞു അമ്മ ഉണ്ടല്ലോ അതുമതി !ഇനി ഉറങ്ങണം കടവത്ത് വൈകീട്ടേ ആളെത്തുകയൊള്ളൂ... നിറയാത്ത വയറുമായ്‌ അവന്‍ കിടന്നുറങ്ങി ..നല്ല ഉറക്കം ..ഉറക്കത്തില്‍ അവനൊരു സ്വപ്നം കണ്ടു ..നല്ല തൂശനില വെട്ടി മുന്നില്‍ വെച്ചിരിക്കുന്നു ,കസവുസാരിഉടുത്തു ,ചന്ദന കുറി തൊട്ടു ,അമ്മ നല്ല തൂവെള്ള ചോറ് വിളമ്പുന്നു ..പല തരത്തിലുള്ള കറികള്‍ ..സുന്ദരമായ സ്വപ്നം .
           .പുറത്ത് ആരൊക്കെയോ വിളിക്കുന്നു അവന്‍ ചാടിയെഴുന്നേറ്റു സ്വപ്നത്തിലെങ്കിലും ഞാനിത്തിരി സന്തോഷിച്ചോട്ടെ ! അവന്‍ മുറുമുറുത്തു  ആരാ ? കണ്ടാല്‍  വലിയ ഉദ്യോഗസ്ഥരെന്നു തോന്നിക്കുന്ന ചിലര്‍, കൂട്ടത്തില്‍ അയല്‍ക്കാരനായ ഗോവിന്ദേട്ടനും
          “കൊച്ചുണ്ണി ഇതാരൊക്കെയാണെന്നു മനസ്സിലായോ ?’അയാള്‍   ചോദിച്ചു?മറുപടി കാക്കാതെ അയാള്‍ പറഞ്ഞു “ഇവര്‍ നിന്നെ കൂട്ടികൊണ്ടുപോകാന്‍  വന്നതാണ് നിനക്ക് പഠിക്കണ്ടേ ?നല്ല ഭക്ഷണം  കഴിക്കണ്ടേ ?അതെല്ലാം ഇനി ഇവര്‍ നോക്കികൊള്ളും “
          “ഞാനെവിടേക്കുമില്ല....” അവന്‍ പറഞ്ഞു
          കൂട്ടത്തിലൊരാള്‍ പറഞ്ഞു “ബാലവേല ശിക്ഷാര്ഹമാണ് അത് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ,നീ വല്ലമൂനുന്നത് ശിക്ഷാര്‍ഹമാണ്   അത് ചെയ്യാന്‍ പാടില്ല ഇനി നിന്‍റെ വള്ളത്തേല്‍  ആരും കയറില്ല അവര്‍ക്കും ശിക്ഷ്‌ കിട്ടും
          “എന്ത് ശിക്ഷ്‌ ? എനിക്കും എന്‍റെ  അമ്മയ്ക്കും അരി വാങ്ങുന്നതിനാണ് ഞാന്‍ വള്ളമൂന്നുനത് അതിനെന്തിനാണ് ശിക്ഷ്‌ ?എനിക്ക് പഠിക്കേണ്ട ! എന്‍റെ  അമ്മയെ നിങ്ങളാരെങ്കിലും നോക്കുമോ ?”
           അവന്‍റെ കൊച്ചു വായില്‍ നിന്ന് അത്രയും വരുമെന്ന് ആരും കരുതിയില്ല
            “ മോനെ നീ സമ്പാദിക്കുന്നത് കൊണ്ടാണ് അച്ഛന്‍ അതിനു ശ്രമിക്കാത്തത് ,നിനക്കൊരു നല്ല ഭാവി വേണ്ടേ ? നീ പഠിച്ചാല്‍ നിനക്കൊരു നല്ല ജോലി  കിട്ടും ,അപ്പോള്‍ നിനക്ക് നിന്‍റെ  അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കാം “
               “അതുവരെ എന്‍റെ  അച്ഛനും അമ്മയും ജീവിചിരിക്കുമെന്നു നിങ്ങള്‍ക്കുറപ്പുണ്ടോ ? ഞാനെങ്ങോട്ടുമില്ല ! എനിക്ക് പഠിക്കേം  വേണ്ട  ,ഞാനെന്‍റെ  അമ്മയുടെ അടുത്ത് നിന്നോളാം  ...
               മറ്റൊരാള്‍ പറഞ്ഞു ‘ചെറുക്കനോട് തര്‍ക്കിച്ചിട്ടു കാര്യമില്ല ,പിടിച്ചു കൊണ്ട് പോകാം അവര്‍ അവനെ ബലമായി പിടിച്ചു കൊണ്ടുപോയി അവന്‍ വലിയ വായില്‍ കരഞ്ഞു ..”എനിക്ക് പഠിക്കേണ്ട...എനിക്ക് പഠിക്കേണ്ട ...എന്നെ വിടാന്‍ പറ ..എനിക്ക് പഠിക്കേണ്ട...’അകത്തു നിന്ന് കൊച്ചുണ്ണിയുടെ അമ്മ പാടി “അകലെ അകലെ...’
                അകലെത്തിയിട്ടും കൊച്ചുണ്ണിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. കൊച്ചുണ്ണിയുടെ വള്ളം ഒരു ശോകഗാനം പോലെ ഓളങ്ങളില്‍ തട്ടി മെല്ലെ ചലിച്ചു
രണ്ടാഴ്ച്ച്ചയായിട്ടും കൊച്ചുണ്ണി കരച്ചില്‍ നിര്‍ത്തിയില്ല നിര്‍ബന്ധിച്ചാല്‍   ഒന്നോ രണ്ടോ  പിടി കഴിചെങ്കിലായി. 
               അവിടെത്തെ ഒരു സഹവാസി ചോദിച്ചു ‘കൊച്ചുണ്ണിയെന്താ  ഒന്നും കഴിക്കാത്തത് ? ഇവിടെ കണ്ടോ ..ഇവിടെ ഉള്ളവരെല്ലാം ബന്ധുക്കളും അച്ഛനും അമ്മയും ഉള്ളവരാണ്.....അവര്‍ക്കൊന്നും പഠിക്കാനും ഭക്ഷണം  കഴിക്കാനും ഇല്ലാതിരുന്നത്തുകൊണ്ടാണ് ഇവിടെ കൊണ്ട് വന്നു പഠിപ്പിക്കുന്നത്‌ അതുപോലെ കൊച്ചുണ്ണിക്കും  പഠിക്കേണ്ടേ?
            “ എനിക്ക് പഠിക്കേണ്ട ..പഠിക്കാതെ തന്നെ എനിക്കെല്ലാമറിയാം ..വള്ളമൂനാനറിയാം  ,ചോറുണ്ടാക്കനറിയാം കറിയുണ്ടാക്കനറിയാം  എനിക്കെന്‍റെ വീട്ടില്‍പോയാല്‍ മതി
            “കൊച്ചുണ്ണിയുടെ വീട്ടില്‍ പോയാല്‍ അവിടെ മോനെ നോക്കാന്‍ ആരാ  ഉള്ളത്? അമ്മയ്ക്ക് സുഖമില്ല...അച്ഛന്‍ കള്ളു കുടിച്ചു നടക്കുന്നു, നല്ല ജോലിയൊക്കെ കിട്ടണമെങ്കില്‍ പഠിക്കണം
          “എന്‍റെ  അമ്മയ്ക്ക് ഓര്‍മ്മയില്ലായിരിക്കാം ..ഭ്രാന്തായിരിക്കാം,പക്ഷെ എന്‍റെ അമ്മയ്ക്ക് കൊച്ചുണ്ണിയെ അറിയാം അമ്മയുടെ മനസ്സ് നിറയെ കൊച്ചുണ്ണി യുണ്ട് ,ഞാന്‍ കൊടുത്താലേ അമ്മ കഴിക്കൂ ഞാനില്ലെങ്കില്‍ അമ്മ....തൊണ്ടയിടറി  കൊച്ചുണ്ണി നിര്‍ത്തി
അവര്‍ മറ്റുള്ളവരോട് പറഞ്ഞു അവനെ അവന്‍റെ  വീട്ടിലേക്കു വിട്ടേക്കു ..അവനു അവിടെയാണിഷ്ട്ടം ,അവന്‍റെ  മനസ്സ് മാറില്ല !
                  അവര്‍ അവനെ അവന്‍റെ  വീട്ടില്‍ കൊണ്ട് ചെന്നാക്കി  പുതിയ പുസ്തകങ്ങളും ഉടുപ്പും കൊടുത്തു. നാളെ മുതല്‍ ക്ലാസ്സില്‍ പോണം അമ്മയ്ടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കികൊള്ളാം  അമ്മയ്ക്ക് മരുന്നും മറ്റും നല്‍കാന്‍ ആളെത്തും
             കൊച്ചുണ്ണി സന്തോഷത്തോടെ വീട്ടിലേക്കു ഓടിക്കയറി കീറിയ പായയില്‍ എഴുന്നെറ്റ് നിന്ന് അവന്‍റെ  അമ്മ അഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കുകയാണ്
              കൊച്ചുണ്ണി വിളിച്ചു “അമ്മേ  ...അമ്മെയെന്താ നോക്കുന്നത് ചോദ്യം ശ്രദ്ധിക്കാതെ അമ്മ  പറഞ്ഞു
              “കൊച്ചുണ്ണി ഇതുവരെ വന്നില്ല ..കൊച്ചുണ്ണി ഞെട്ടി
              “അമ്മെ ഇത് ഞാനാ കൊച്ചുണ്ണി” അമ്മ വീണ്ടും പറഞ്ഞു “കൊച്ചുണ്ണി വന്നില്ല ...കൊച്ചുണ്ണി വന്നില്ല “...കൊച്ചുണ്ണി പൊട്ടിക്കരഞ്ഞു “കൊച്ചുണ്ണിയെ നിങ്ങള്‍ പഠിപ്പിച്ചില്ലേ ..എല്ലാം പഠിപ്പിച്ചില്ലേ എന്‍റെ അമ്മയില്‍ നിന്നെന്നെ മാറ്റി ...എല്ലാം പഠിപ്പിചില്ലേ ?
              കൂടെ നിന്നവര്‍ എന്ത് പറയണമെന്നറിയാതെ നിന്ന് അവനെ ആശ്വസിപ്പിക്കാന്‍ അവര്‍ക്ക് വാക്കുകളുണ്ടായില്ല. അഴികള്‍ക്കിടയിലൂടെ നോക്കി കൊച്ചുണ്ണിയെ അന്വേഷിക്കുന്ന അമ്മയുടെ കാലില്‍ കെട്ടിപിടിച്ചു കൊച്ചുണ്ണി കരഞ്ഞുകൊണ്ടിരുന്നു ....
==============================================================

                                                         അക്കരപ്പച്ച

കഴിഞ്ഞ കുറേ നാളുകളായി രാത്രിഏറേ വൈകിയതിന് ശേഷമാണ് ഉറക്കം വരുന്നത് .ഇക്ക പോയതില്‍പിന്നെ എന്നും ഇങ്ങനെയാണ്.വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസത്തിന്‌ അവധിക്കു വരും. അപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയത് പോലെയാണ്.അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ എന്നേയും കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട് .....ഓ ഓരോന്നുംആലോചിച്ചു പിന്നെയും സമയം പോകുന്നു ..
            ഇക്കായ്ക്ക് ഏറ്റവും ഇഷ്ടപെട്ട ബെഡ് ഷീറ്റ് ആണിത് ,കടുത്ത വയലറ്റ് നിറത്തില്‍ ചെറിയ റോസ് പൂക്കളുള്ള ബെഡ് ഷീറ്റ് ...ആദ്യമായി എനിക്ക് സമ്മാനിച്ച സാരിയും വയലറ്റ് നിറമാണ്
              കിടക്കയിലെ പൂക്കളെ തഴുകി തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ കുട്ടിക്കാലത്ത് ഉറങ്ങാതിരിക്കാനായ്‌ ചെയ്ത പല സൂത്രത്തേയും കുറിച്ചോര്‍ത്തു. എല്ലാവരും ഇങ്ങനെയോക്കെയാണെന്നാ ഉമ്മുമ്മ പറയാറുള്ളത് ,കുഞ്ഞായിരിക്കുമ്പോള്‍ വല്യ ആളാവണം എന്ന് തോന്നും ,വലുതാവുമ്പോള്‍ കുഞ്ഞാവാനും...ഞാനിപ്പോഴും കുഞ്ഞാണെന്നാണ് ഉമ്മുമ്മയുടെ വിചാരം! ഉറക്കം വരുന്നിലെന്നു പറഞ്ഞാല്‍ “കുഞ്ഞിക്കഥ പറഞ്ഞു തരട്ടെ..?” എന്ന് ചോദിക്കും .ഉമ്മുമ്മ ഇപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടത്രേ  ആണായിതീരാന്‍ ,ഞാനും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ആണായി തീരാന്‍, ആണ് ആയിരുന്നെങ്കില്‍ എന്ത് രസമായിരുന്നു ,എപ്പോള്‍ വേണമെങ്കിലും കൂട്ടുകാരുമായി ചുറ്റിയടിക്കാം,സിനിമയ്ക്ക് പോകാം ...ഇങ്ങനെ നിക്കാഹ് കഴിഞ്ഞാല്‍ പുതിയാപ്ലയുടെ വീട്ടില്‍ നില്‍ക്കേണ്ട ...കിഴക്കേലെ ബാബൂസേട്ടന്‍ പറയുന്നപോലെ ഭാര്യയോട് പിണങ്ങിയെന്നും പറഞ്ഞു തട്ടിന്‍ മുകളില്‍ കയറി ‘രണ്ടെണ്ണം വീശി ‘ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ ഉള്ള രസം ആസ്വദിക്കാം.........ഇനി പറഞ്ഞിട്ടെന്താ?ഇപ്പോഴത്തെ എന്‍റെ പ്രാര്‍ത്ഥന കേട്ട് ദൈവം ആണായിത്തീരാനുള്ള പണിയെങ്ങാനും തുടങ്ങി ഇടയ്ക്ക് വെച്ച് നിര്ത്തിയാലുള്ള സ്ഥിതി എന്താവും ?വേണ്ട ..ആ പൂതി ഉപേക്ഷിക്കാം
               പുറത്ത്‌ ഇന്ദിര ചേച്ചിയുടെ ശബ്ദംകേള്‍ക്കുന്നു ..പാവം ഇതുവരെ ജോലി കഴിഞ്ഞിട്ടുണ്ടാവില്ല ! അടുത്തടുത്ത്‌ നില്‍ക്കുന്ന ഏഴു നക്ഷത്ര കൂട്ടങ്ങളെ നോക്കി നമ്മുടെ ആഗ്രഹം പറഞ്ഞാല്‍ ഉടനെ സാധിക്കുമെന്ന് ഇന്ദിരചേച്ചിയാണ് എന്നോട് പറഞ്ഞത് .ഇന്ദിരചേച്ചിക്ക് ഇതുവരെ കുട്ടികളാവാതിരുന്നത് നക്ഷത്രകൂട്ടങ്ങളെ കണ്ടു കാര്യം പറയാന്‍ സാധിക്കഞ്ഞിട്ടാവണം !          
     കോഴി കൂവുന്ന സമയത്ത് അടുക്കളയില്‍ കയറുന്നതാണ് ഇന്ദിരേച്ചി ,രാത്രി ഏറെ വൈകിയതിന് ശേഷമാണ് കിടന്നുറങ്ങുന്നത് .ഇന്ദിരേച്ചിയുടെ ഭര്‍ത്താവ് മണിയേട്ടന്‍ ഏഴു സഹോദരങ്ങള്‍ അവര്‍ക്കെല്ലാവര്‍ക്കും കുട്ടികളുണ്ട് അത് കൊണ്ട് തന്നെ അക്കാര്യം പറഞ്ഞു എല്ലാവരും ജോലിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും ,സ്വയം ആശ്വസിക്കാനെന്നവണ്ണം ഇന്ദിരേച്ചി പറയും “എന്തിനാ റസിയെ കുട്ടികള്‍ ?ഇവിടുത്തെ കൊക്കപ്പുഴുകള്‍ക്ക് തീറ്റ കൊടുത്തിട്ട് എനിക്കെവിടെ അതുങ്ങളെ നോക്കാന്‍ നേരം “ അവിടുത്തെ അച്ഛനും മക്കള്‍ക്കും കൊക്കപ്പുഴുവിന്റെ അസുഖം ലേശം കലശലാന്നെന്ന്ഇന്ദിരേച്ചി പറയും “ഓ ഇത്രേം വയസ്സായില്ലേ ഇനി എന്തിനാ കുട്ടികള്‍?....”എന്ന് ഇന്ദിരേച്ചി പറയുമ്പോള്‍ നീണ്ടു കൂര്‍ത്ത മൂക്കിന്റെ അറ്റം ചുവക്കുകയും നിറയെ പീലികളുള്ള വിടര്‍ന്ന കണ്ണുകളില്‍ സങ്കടത്തിന്റെ തിരയിളക്കവും കാണാം .ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴും തോന്നും ഇപ്പോള്‍ ഇക്ക ‘റസിയെ ....’എന്ന് വിളിച്ചു അരികിലുണ്ടായിരുന്നെങ്കിലെന്നു....
               ഇക്ക എല്ലാ വെള്ളിയാഴ്ച്ചയും വിളിക്കും .ഗള്‍ഫിലെ ചൂടിനെയും അതിനേക്കാള്‍ ചൂടുള്ള അവിടുത്തെ സാധനങ്ങളുടെ വിലയും പറ്റി ആകുലതയോടെ നെടുവീര്‍പ്പിടും ,നീയടുത്തുണ്ടായിരുന്നെങ്കില്‍ എനിക്ക് സുഭിക്ഷമായി മുട്ടപ്പത്തിരിയും കൊയിബിരിയാണിയും കയ്ക്കാലോ............. എന്ന് കൊതിയോടെ..... അല്ലെങ്കില്‍ എന്‍റെ മുത്തേ എനിക്കങ്ങോട്ട് വരാന്‍ തോന്നുന്നു ...എന്നിങ്ങനെ ചില കിന്നാരങ്ങള്‍ അതുമല്ലെങ്കില്‍ ഒത്തിരി ദേഷ്യത്തോടെ ‘ മെസ്സിലെ തമിഴന്‍ കുക്കിനെ ഒരിക്കല്‍ പാവയ്ക്ക ജ്യൂസ്‌ കുടിപ്പിക്കുമെന്നു ‘...
              ആഴ്ച്ചയിലെ ഫോണ്‍ വിളി രണ്ടു ദിവസത്തിലൊരിക്കല്‍ ആക്കിക്കൂടേ ?എന്ന് ചോദിച്ചാല്‍ ഉടനെ കിട്ടും മറുപടി “അന്‍റെ ബാപ്പ താരോ കായ്‌ ..?ഞാന്‍ പിണങ്ങിയെന്നു തോന്നിയാല്‍ “ന്‍റെ മുത്തേ ഇക്ക ബെറുതെ പറഞ്ഞതല്ലേ ?ന്‍റെ മുത്തിനു ഇക്ക ഏതു സെന്‍റ കൊണ്ടുവരേണ്ടത് ?” എന്നൊരു സുഖിപ്പിക്കല്‍ ഇക്ക വരുമ്പോഴെല്ലാം ഒരുപാട് സെന്‍റെ് കൊണ്ടുവരും പിന്നെ ചൈനാസില്‍ക്ക്‌ പോലുള്ള കുറെ തുണിത്തരങ്ങളും എല്ലാ സെന്റും അടക്കിപിടിച്ച് വാസനിച്ചിട്ടു പറയും “ഇതിന്‍റെയെല്ലാം വാസന നിന്‍റെ മഞ്ഞചെമ്പകപ്പൂ മണമുള്ള ശരീരത്തോളം വരില്ല ..”എന്ന് എത്ര തുണിത്തരങ്ങള്‍ കൊണ്ടുവന്നാലും പറയും “ഇതിലും നല്ലത് നോക്കിയതാ ..കായ്‌ തികഞ്ഞില്ല....അടുത്ത തവണ ആകട്ടെ ഇതിലും മുന്തിയത് എടുക്കുന്നുണ്ടെന്നു ..ഇക്ക എത്ര മാത്രമാണ് എന്നെ സ്നേഹിക്കുന്നത് ,എനിക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല!
              ഇക്കാന്‍റെ ബാപ്പയ്ക്കും എന്നോട് വല്യ കാര്യമാണ് .പക്ഷെ ഉമ്മയ്ക്ക് അല്‍പ്പം പെടികലര്‍ന്ന സ്നേഹമല്ലേഎന്ന് തോന്നും .പാവത്തിന്‍റെ വിചാരം ഇക്കാന്‍റെ സ്നേഹം മുഴുവന്‍ ഞാന്‍ തട്ടിയെടുക്കുമെന്നു
              എത്രയോ രാത്രികളില്‍ ഇക്കയെ സ്വപ്നം കണ്ടു കൊതി തീരാതെ കിടന്നുറങ്ങി,എത്രയോ സ്വപ്നങ്ങളില്‍ ഗള്‍ഫിലെ പുത്തന്‍ അത്തറു കളുടെ നടുവിലൂടെ എന്നെയും കൈ പിടിച്ചു ഇക്ക നടന്നു അങ്ങനെ സ്വപങ്ങളുടെ തേരിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്
             “ഹലോ ലൈല നീയ്‌ ഉറങ്ങിയോ ? സമീര്‍ നാട്ടില്‍ വരുന്നുണ്ട് എന്താ കൊടുത്തുവിടേണ്ടതു ? നിന്‍റെ മൊബൈലിലെ പാട്ട് എപ്പോഴാ മാറ്റിയത് ? “
            “ഹലോ ഇതാരാ ?” പരിചയമില്ലാത്ത ശബ്ദം കേട്ട് ഞാന്‍ ചോദിച്ചു
            “ ലൈലയല്ലേ ?”
            “അല്ല ,റസിയയാണ് ....”
            “സോറി നമ്പര്‍ തെറ്റിയതാണ്....”
കുരുത്തം കെട്ടവന്‍ വെറുതെ എന്‍റെ കിനാവിനെ മുറിച്ചു .വീണ്ടും ബെല്‍ ....അതേനമ്പര്‍....എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചുപോലുമില്ല
             “ഹലോ.....”
             “വീട്ടിലാരൊക്കെയുണ്ട് റസിയ ?”
             “ഇക്കാന്റെ ബാപ്പയും ഉമ്മയും “
             “ഞാന്‍ നസീര്‍,ഞാനെന്‍റെ ഭാര്യയെ വിളിച്ചതാണ്...നിങ്ങടെ ഫോണിലെ പാട്ട് എനിക്ക് വല്ലാണ്ട് ഇഷ്ട്ടപെട്ടു...നിങ്ങടെ സ്വരവും ..ഞാന്‍ ഇടയ്ക്ക് വിളിച്ചോട്ടെ ?”
             “ഊം...”ഞാന്‍ മറ്റൊന്നും ആലോചിക്കാതെ മൂളി വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു ആ ഫോണ്‍ ഇനിയും വരുമോ ?ഫോണ്‍ വീണ്ടും ബെല്ലടിച്ചു..ഇത്തവണ കട്ടായി .അതിനെക്കുറിച്ച് ആലോചിച്ചു നേരം വെളുത്തത് അറിഞ്ഞില്ല .  
                           --------------------------------------------------------------------           
 മുറ്റത്തെ ചീരകള്‍ക്ക് ഒരു വാട്ടം ,വടക്കേലെ കമലുവിന്റെ കോഴികള്‍ രാവിലെത്തന്നെ മുററംചിക്കി വൃത്തികേടാക്കിയിരിക്കുന്നു..ചീരയുടെ ഇലകളും തിന്നിരിക്കുന്നു .ഉമ്മ ഉറക്കെ പറയുന്നത് കേട്ടു.
           .”ഓള്‍ടെ കോഴികളെ ഒരിസം പിടിച്ചു ബിരിയാണിയാക്കുന്നുണ്ട്.....എന്നാലേ ഓള് പഠിക്കൂ .....ബല്ലാത്ത ശല്യങ്ങള്‍,മുറ്റത്ത്‌ ഒരൂട്ടം നട്ടുപിടിപ്പിക്കാന്‍ പറ്റില്ല ,ഒക്കെ കൊത്തി നശിപ്പിക്കും
           കമലു കേള്‍ക്കണ്ട ,കേട്ടാല്‍ കോഴികളെ കുറുക്കന്‍ പിടിച്ചാലും ,വണ്ടികേറിയാലും ഉമ്മാന്‍റെ ബിരിയാണി തീറ്റ കഴിഞ്ഞതുതന്നെ !ഉമ്മാന്‍റെ  നെറ്റിയിലെ വലിയ മുഴ ഒരിക്കല്‍ കമലുവിന്‍റെ  ഇളയമകന്‍ ശംഭു എറിഞ്ഞുണ്ടാക്കിയതാണത്രേ ! കമലുവാണ് പറഞ്ഞത് , ഒരു ദിവസം അവളുടെ ആട് കെട്ടഴിഞ്ഞു പോയി അന്വേഷിച്ചപ്പോള്‍ ഞങ്ങളുടെ വാഴ തിന്നുന്നു. അവള്‍ ഓടിച്ചെന്നു പിടിച്ചു ,അപ്പോഴേക്കും ഉമ്മ എത്തി ,ഉമ്മ പറഞ്ഞൂത്രേ അവള്‍ മനപ്പൂര്‍വ്വംകടിപ്പിച്ചതാണെന്നു ..പിന്നെ വാക്കേറ്റമായി ഉന്തും തള്ളുമായി ..ചെറുക്കന്‍ കല്ലെടുത്ത് ഒരു ഏറും കൊടുത്തു .എന്നോട് എല്ലാ കഥയും പറയാറുള്ള ഉമ്മ ഇതുമാത്രം എന്നോട് പറഞ്ഞിട്ടില്ല .
            കമലുവിന് എന്നോട് വലിയ ചങ്ങാത്തമാണ് ..ഫോണ്‍ വന്ന കാര്യം അവളോട്‌ പറഞ്ഞാലോ ? വേണ്ട ! അതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ ? ഒരാള്‍ നമ്പര്‍ തെറ്റി വിളിച്ചു .എന്‍റെ പേര് ചോദിച്ചു അത്രതന്നെ ! ഇനിയും വിളിച്ചാല്‍ പറയാം.....ഞാന്‍ തെറ്റാണോ ചെയ്യുന്നത് ? വീണ്ടും ആ ഫോണ്‍ വരുമെന്ന് കരുതാന്‍ ഞാന്‍ അയാളുമായി എന്ത് ബന്ധം?
            പിറ്റേന്ന് അതേ സമയം ഫോണ്‍ പിന്നെയും ബെല്ലടിച്ചു.ഒന്നും ആലോചിച്ചില്ല വേഗം എടുത്തു
           “ ഹലോ”
           “ റസിയ ഞാനാണ് നസീര്‍ അസു കിടക്കുകയായിരുന്നോ ? “
           “ ഞാന്‍ അസുവല്ല റസിയയാണ് “
           “എനിക്കറിയാം അതല്ലേ ആദ്യം റസിയാ എന്ന് വിളിച്ചത് ഞാന്‍....അസൂ ന്നു വിളിച്ചോട്ടെ ?”
          “ ഊം..”
          “ എന്താ അസൂ ഒന്നും മിണ്ടാത്തത്?”
           ഞാന്‍ ...ഞാന്‍ വിവാഹിതയാണ് “
           “ഞാനും വിവാഹിതനാണ് എനിക്ക് രണ്ടു കുട്ടികളുമുണ്ട് ,എന്താണെന്നറിയില്ല എനിക്ക് അസൂന്‍റെ ശബ്ദം വല്ലാണ്ട് ഇഷ്ടപ്പെട്ടു 
           “എനിക്ക് തെറ്റ് ചെയ്യാന്‍ വയ്യ !....എനിക്ക് എന്‍റെ ഇക്കായെ ജീവനാണ് ..”
            “തെറ്റ് ചെയ്യണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ ?കുറച്ചുനേരം സംസാരിക്കുന്നത് ഇത്ര വലിയ തെറ്റാണോ ? “
           നസീര്‍ക്ക പിന്നെയും എന്തൊക്കെയോ പറഞ്ഞു വാരികയിലെ നിലാപ്പക്ഷിയില്‍ ശങ്കര്‍ രാധികയോട് പറയുന്നപോലെ ചക്കര വര്ത്തമാനങ്ങള്...മഴയുള്ള രാത്രിയില്‍ തണുത്ത കാറ്റ് മുഖത്തടിക്കുമ്പോള്‍ ഉണ്ടാകുന്ന തരിപ്പ് എന്റെ ദേഹമാസകലം എനിക്ക് തോന്നി ഇതുവരെ ഇസഹാക്കിക്ക എന്നോട് ഇതുപോലെയൊന്നും പറഞ്ഞിട്ടില്ല
             “അസു എന്താ ഒന്നും മിണ്ടാത്തത്?”
             “ഞാന്‍ എന്താ പറയ്യാ?”
മൊബൈലിലെ നമ്പരിട്ട ബട്ടണുകള്‍ ലോട്ടറി വില്പനക്കാരി കനകാന്‍റി  പറയുന്ന പോലെ  നമുക്ക് വരാനിരിക്കുന്ന ദുരിതത്തിന്‍റെ നമ്പരുകള്‍ ആണെന്ന് ഞാനും തിരിച്ചറിയണമായിരുന്നു
             ഫോണ്‍ വിളി മാത്രം പോര ,കത്തിലൂടെയുംഎനിക്ക് നിന്നെ അറിയണമെന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഇക്കാക്ക്‌ എഴുതിയതില്‍ കൂടുതല്‍ വാക്കുകള്‍ തേനില്‍ ചാലിച്ച് ഞാനെഴുതി .കത്ത് ഉടന്‍ പോസ്റ്റ്‌ ചെയ്തിലെങ്കില്‍ഉറുമ്പുകള്‍ കൂട്ടത്തോടെ വന്നു അത് പൊക്കികൊണ്ടുപോകുമെന്ന് ഞാന്‍ ഭയപ്പെട്ടു ;അത്രയ്ക്ക് മധുരമുണ്ടതിനു
              പോസ്റ്റുമാന്‍ വരുമ്പോഴെല്ലാം ഇക്കാന്റെ ബാപ്പ എന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടില്ലാന് നടിച്ചു .ഇക്ക മാസത്തി ലൊരിക്കലാണ് കത്തെഴുതുന്നത് .ഇതെന്താ ആഴ്ചയില്‍ കത്ത് എന്ന് ബാപ്പ സംശയിചിട്ടുണ്ടാവും
              ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ക്കാണ് ഞാന്‍ കത്തെഴുതുന്നതെന്ന് ഞാന്‍ ചിന്തിച്ചു പോലുമില്ല  .നസീര്‍ക്കാന്റെ കത്തുകളിലൂടെ ഞാന്‍ പുതിയ ലോകം കണ്ടു ഗള്‍ഫിലെ പുതിയ വിശേഷങ്ങള്‍ കേട്ടു ചുട്ടുപഴുത്ത മണലിനെയും അതിലും ചൂടന്‍ വിലയുള്ള അവിടുത്തെ സാധനങ്ങളെയും കുറിച്ച് നസീര്‍ക്ക പറഞ്ഞില്ല. കണ്ടിട്ടില്ലാത്ത പഴങ്ങളുടെ സ്വാദും വിഭവങ്ങളുടെ രുചിയും കത്തിലൂടെ ഞാന്‍ ആസ്വദിച്ചു.പര്‍ദ്ദയിട്ട സുന്ദരികളുടെ കണ്ണിണകളുടെ സൌന്ദര്യവും, മെസ്സിലെ ചൂട് പറക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തെയും വാനോളം പുകഴ്ത്തി .കൂട്ടുകാരുടെ തമാശകള്‍ വായിച്ചു ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു
              നസീര്‍ക്കായെ കാണണമെന്നആഗ്രഹം മനസ്സില്‍ കിടന്നു വിങ്ങി .തുറന്നു പറയാന്‍ മടി പിന്നെ വന്ന കത്തില്‍ നസീര്‍ക്ക എഴുതി “അസൂ നീ നിന്റെയൊരു അസ്സല് പടം എനിക്കയക്കണമെന്നു”  ഇക്കയല്ലേ പറഞ്ഞിരിക്കുന്നത് പിന്നെ എന്തിനു പേടിക്കണം? എങ്കിലും ഞാനെഴുതി ‘ഇക്ക ഇങ്ങളെ വിശ്വസിച് ഞാനിതയക്കുന്നത് എന്‍റെ ജീവനാണ് ഇങ്ങടെ കയ്യിലെന്നു ഒര്മാവേണം എന്നെ ചതിക്കരുത് ..ഒന്നും കൂടി പറയട്ടെ ന്നെ മറന്നാലും ന്നെ ചതിക്കരുത് ,എന്‍റെ നസീര്‍ക്ക അങ്ങനെ ഒന്നും ചെയ്യില്ലാണ് എനിക്കറിയാം എന്നാലും എന്‍റെ മനസമാധാനത്തിനു വേണ്ടി എഴുതിയതാണ് . ഇക്കാന്റെ ഫോട്ടോ എനിക്കും അയക്കണം അതും കാത്തു ഈയുള്ളവല്‍ ഇരിക്കും ലൈലായ്ക്കും കുട്ടികള്‍ക്കും സുഖമല്ലേ ? അവരെയും നോക്കണം .എന്‍റെ ജീവന്‍ പോകും വരെ ഞാന്‍ ഇങ്ങളെ സ്നേഹിക്കും അടുത്ത അടിപൊളി കത്തിനായി കാത്തിരിക്കുന്നു ..സ്വന്തം അസു’
               ചിന്തകള്‍ കെ എസ്‌ ആര്‍ ടി സി യിലെ യാത്രക്കാരനെ പോലെ ആടിയും ഉലഞ്ഞും കടന്നു പോയി .നസീര്‍ക്കന്റെ കത്തുകള്‍ ഭദ്രമായിസൂക്ഷിച്ചു വെച്ച് രണ്ടാമത് വായിക്കണമെന്ന് തോന്നിയിട്ടുകൂടി എടുക്കാന്‍ ഞാന്‍ ഭയപെട്ടു .ഒരു ദിവസം കമല് ചോദിച്ചു “ന്താ റസിയ പുതിയാപ്ല വിളിക്കാറില്ലേ “ന്നു ഉടനെ ഉമ്മ പറഞ്ഞു “ഊം ഇപ്പൊ ബിളി മാത്രല്ല എഴുത്തുകുത്തൂം ണ്ട്”ന്നു
                ----------------------------------------------------------
            പറമ്പിലെ കശുമാവിന്റെ ചോട്ടില്‍ ചവറു കത്തിച്ചു കൊണ്ട് നിന്നപ്പോഴാണ് ഉമ്മ വിളിച്ചത്
            “റസിയ ...”
വിളിയുടെ അലറ്ച്ചയില്‍ ഞാന്‍ നടുങ്ങിപോയി –കത്ത് ...ഉമ്മയുടെ കയ്യില്‍ കത്ത് ...
            “റസിയ എന്താ ത്?
            “അത് അത് ..വാക്കുകള്‍ പുറത്ത് വരാതെ ഞാന്‍ വിളറി പിന്നെയൊരു തെങ്ങലാണ്
             “പടച്ചോനെ ഈയ് എന്‍റെ മോനെ ചതിച്ചോ ?അവനൊരു പാവാണ്..........പാവം”
കരുതിയപോലെ തല്ലോ ബഹളമോ അല്ല ഉമ്മ മുട്ട് കുത്തിയിരുന്നു നെഞ്ചില്‍ കൈ വെച്ച് കരയുകയാണ്
              “ ഉമ്മ...” ഞാന്‍ ഉമ്മയുടെ കൈ പിടിച്ചി ദയനീയമായികരഞ്ഞു ഉമ്മ ഒരു കുതര്ച്ചയോടെ കൈ തട്ടി മാറ്റി
              “ബേണ്ട നീയ്‌ ന്നെ പിടിക്കണ്ട യ്യ് പിശാച്‌ ആണ് പിശാച്...ന്‍റെ മോന്‍ അള്ളാ..ന്‍റെ മോന്‍ “
               “ഉമ്മ ക്ഷമിക്കുമ്മ എന്നോട് ..ഞാനിനി എന്ത് ചെയ്യണം ഉമ്മ പറ ഞാനെന്തു ചെയ്യണം ഇക്ക ഇതറിയരുത് മറ്റാരും ഇതറിയാരുത്”
കുറെ നേരം ഒന്നും മിണ്ടാതെയിരുന്നു ഉമ്മ എഴുനേറ്റുപോയി ബാപ്പയുടെ വിളിയും കാത്തു പേടിയോടെ ഞാനിരുന്നു അത്താഴം കഴിഞ്ഞു ബാപ്പ കൈ കഴുകുന്ന ശബ്ദം കേട്ടു.ഉമ്മയെ എങ്ങനെ നോക്കുമെന്നറിയാതെ ഞാന്‍ പേടിച്ചു .അടുക്കളയുടെ ചുവരില്‍ ചാരിനിന്നു ഉമ്മ കരയുകയാണ്  
              “ഉമ്മ...” ഞാന്‍ വിളിച്ചു ഉമ്മ എന്നെ തുറിച്ചു നോക്കി
               “റസിയ.....” ബാപ്പ വിളിച്ചു നടുക്കത്തോടെ ഞാന്‍ അടുത്തേക്ക് ചെന്ന്
              “ന്താ ഉമ്മയ്ക്ക് പറ്റിയത് ?കാലത്തോട്ടെ ഞാന്‍ ശ്രദ്ധിച്ചിരിക്കാന്”
             “അറിയില്ല ബാപ്പ ബാപ്പയ്ക്ക് മുഖം കൊടുക്കാതെ ഞാന്‍ പറഞ്ഞൊപ്പിച്ചു ഞാന്‍ വീണ്ടും ഉമ്മയുടെ അരികിലേക്ക്‌ നടന്നു
              “ഉമ്മ....”
              “ ഇയ്യിനി ന്നെ അങ്ങനെ ബിലിക്കണ്ട ..ള്ള...... ന്‍റെ മോന്‍  ഇയ്യ് അവനെ ചതിക്കല്ലേ  ഓന്‍ പാവമാ അവന്‍ നിന്നെ പോന്നുപോലെയല്ലേ നോക്കത് പിന്നെയെന്തിനാ നീ ഇത് ചെയ്തത് ?”
              “ഉമ്മ ക്ഷമിക്കുമ്മ ഞാന്‍ ഞാനറിയാതെ ..എന്‍റെ മനസ്സില്‍ ചെകുത്താന്‍ കൂടിയതാണുമ്മ ..ഇത് ഇക്ക അറിയരുത് ബാപ്പയും ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം”
ഒന്നും പറയാതെ ഉമ്മ കടന്നുപോയി രാത്രിയായപ്പോള്‍ നസീര്‍ക്ക വിളിച്ചു ഉമ്മ ഫോണ്‍ വാങ്ങി കട്ട് ചെയ്തു പിന്നെയും ഫോണ്‍ വന്നു മൂന്നു തവണ കട്ടാക്കിയശേഷം ഫോണ്‍ ശബ്ദിച്ചില്ല. കുറച്ചു സമയത്തിനുശേഷം ഫോണ്‍ ബെല്ലടിച്ചു ബാപ്പ  വിളിച്ചു ചോദിച്ചു
               “ആരും ഇല്ലേ ഇവിടെ? ആര്‍ക്കെങ്കിലും ആ കുന്തമെന്നു എടുത്തൂടെ തലയ്ക്കു സ്വയര്യം തരൂലാന്നു വെച്ചലെങ്ങനെയാ ?
ഉമ്മ ഫോണ്‍ എന്‍റെ കൈയില്‍ തന്നു പിന്നെത്തെ ബെല്ലടിച്ചപ്പോള്‍ ഞാനെടുത്തു നസീര്‍ക്കയാണ്
              “അസൂ.... “
ഞാന്‍  തേങ്ങിപോയി
              “അസൂ  എന്താ ഫോണ്‍ കട്ട് ചെയ്തത് ?”
              “നസീര്‍ക്ക ഇനി എന്നെ വിളിക്കരുത് വേറൊന്നും എന്നോട് ചോദിക്കരുത് എന്നോട് ക്ഷമിക്കൂ”
 ഞാന്‍ ഫോണ്‍ കട്ട് ചെയ്തു പിറ്റേന്ന് ഒരു മിസ്സ്‌ കാള്‍ വന്നു ,പിന്നെ അടുത്താഴ്ച് പിന്നെ രണ്ടാഴ്ച കഴിഞ്ഞു നസീര്‍ക്ക വിളിച്ചില്ല. ഒരു മിസ്സ് കാള്‍ പോലും വന്നില്ല . അപ്പോള്‍ ഇത്രയേ ഉള്ളു സ്നേഹം. വേദനയോടെ ഞാനാശ്വസിച്ചു . ഒരു ദിവസം വീണ്ടും ഒരു കാള്‍. നസീര്‍ക്കയുടെ നമ്പര്‍ മൂന്നാഴ്ചയ്ക്ക് ശേഷമുള്ള നസീര്‍ക്കയുടെ കാള്‍ .എടുക്കണമോ വേണ്ടയോ എന്ന് രണ്ടാമത് ചിന്തിച്ചു കൂടിയില്ല
              “അസൂ ഞാന്‍ നാട്ടിലേക്ക് വരികയാ എനിക്ക് സുഖമില്ല നാട്ടില്‍ വന്നാല്‍ എനിക്ക് നിന്നെ കാണണം ഒരിക്കല്‍ ഒരിക്കല്‍ മാത്രം വേറൊന്നും ഞാന്‍ ചോദിക്കുന്നില്ല നീ വരണം ഇനി ഞാന്‍ നിന്നെ ശല്യ പെടുത്തില്ല”
വാതില്‍ക്കല്‍ ഉമ്മ വന്നു എത്തി നോക്കി “ആരാത് ?
             “ഇസഹാക്കിക്കയാ
ഉമ്മ സംശയത്തോടെ നോക്കി
             “നെരാണുമ്മ ഇസഹക്കിക്കയാ
ഉമ്മ ചിരിച്ചു .
ദിവസങ്ങള്‍ കടന്നുപോയി ഇസഹക്കിക്കയുടെ ഫോണ്‍ വന്നു കൊണ്ടിരുന്നു വിശേഷങ്ങള്‍ പറഞ്ഞു
             “റസിയ എനിക്ക് ലീവ് കിട്ടി ഞാന്‍ വരികയാ ന്‍റെ മുത്തിനു എന്താ വേണ്ടത് ?
             “നിക്ക് ഒന്നും വേണ്ട”
             “ഞാനൊരു അസ്സല്‍ അത്തര് വാങ്ങി “
നീല കളറുള്ള കുപ്പിയിലെ ഇളം നീല റിബ്ബണ്‍ കെട്ടിയ പുതിയ അത്തറിനെ  കുറിച്ച് ഇസഹാക്കിക്ക പറഞ്ഞപ്പോള്‍ ശബ്ദം പുറത്ത് വരാതെ ഞാന്‍ തേങ്ങി പിന്നെയൊരു ശനിയാഴ്ച ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ഞാന്‍ ഞെട്ടി നമ്പര്‍ നോക്കി ഭാഗ്യം നസീര്‍ക്കയല്ല .നാട്ടിലെ നമ്പരാണ് ഫോണ്‍ എടുത്തു. അങ്ങേ തലക്കല്‍ നസീര്‍ക്കന്റെ ശബ്ദം
            “അസൂ ഞാനാ....  അസൂ  ഞാന്‍ നാട്ടിലെത്തി നീയ്‌ വരണം ഞാ ന്‍ ഹോസ്പിറ്റലിലാണ്. കെ .എം .ജി യില്‍  പതിനൊന്നാം നമ്പര്‍ മുറിയില്‍ അസൂ  എനിക്ക് നിന്നെ കാണണം, ഒന്ന് കണ്ടാല്‍ മതി ‘
           “ ഞാന്‍ വരാം...” പടച്ചോനെ നസീര്‍ക്കയ്ക്ക് ഒന്ന് വരുത്തല്ലേ എന്താ അസുഖമെന്നു പോലും ചോദിച്ചില്ലല്ലോ?
നേരം വെളുത്തപ്പോള്‍ എന്ത് നുണ പറയണമെന്നറിയാതെ റസിയ വിഷമിച്ചു എങ്കിലും അപ്പോള്‍ വായില്‍ വന്ന എന്തോ പറഞ്ഞു റസിയ പുറത്തിറങ്ങി
                   ---------------------------------------------
കെ എം ജി ഹോസ്പിറ്റലിലെ പതിനൊന്നാം നമ്പര്‍ മുറി ഞാന്‍  കുറച്ചു നേരം പുറത്തു നിന്ന് ശ്രദ്ധിച്ചു അകത്തു ആരുമില്ലെന്ന് ഉറപ്പു വരുത്തിഎങ്കിലും  അകത്തു കയറിയ എന്‍റെ കണ്ണുകള്‍ മുറിയാകെ പരതി .വാതില്‍ തുറന്നു അകത്തു കടന്ന ആളെ കണ്ടു നസീര്‍ക്ക  സന്തോഷിച്ചു. അസൂ! ഫോട്ടോ കണ്ടിട്ടുല്ലതിനാല്‍ നസീറിന് തിരിച്ചറിയാന്‍ പാടുപെടെണ്ടിവന്നില്ല എന്നാല്‍ ഞാന്‍ കുറച്ചു പകച്ചു ഇത് തന്നെയാണോ നസീര്‍ക്
 കുറ്റിരോമങ്ങള്‍ നിറഞ്ഞ  മുഖം തലയില്‍ മുറിവ് കെട്ടിവെചിരിക്കുന്നു അടുത്തേക്ക് ചെല്ലാന്‍ ഞാന്‍ മടിച്ചു “അസൂ...” നസീര്‍ വിളിച്ചു ആ വിളിയില്‍ ഞാന്‍ ആളെ തിരിച്ചറിഞ്ഞു
              “എന്ത് ന്താ പറ്റീത് ?”
              “ഒന്നുമില്ല ഒന്നുമില്ല അസൂ നീ അന്ന് അങ്ങനെ പറഞ്ഞതില്‍ പിന്നെ ഞാനാകെ ഒറ്റപെട്ടതുപോലെ തോന്നി വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ല വണ്ടിയിടിച്ചു മുറിവ് ഉണങ്ങുന്നില്ല ശരീരത്തിലേയും  മനസ്സിലേയും അതുകൊണ്ടാ ഇങ്ങട്ട് പോണത് “
              ഞാന്‍ നെറ്റിയില്‍ തൊട്ടു നോക്കി
              “ഇല്ല ഇപ്പോള്‍ വേദനയില്ല നസീര്‍ പറഞ്ഞു അസൂ ഞാന്‍ നിന്റെ മടിയില്‍ കിടന്നോട്ടെ?”
 ഒരു കൊച്ചു കുഞ്ഞിന്റെതുപോലുള്ള അയാളുടെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് പാവം തോന്നി .അയാള്‍ അവളുടെ മടിയില്‍ കിടന്നു .അയാളുടെ മുടിയിഴകളില്‍ വിരലുകളോടിച്ചു ഞാന്‍ ഒന്നും മിണ്ടാതെയിരുന്നു 
              “അസൂ...”
              “ ഊം “
              “എന്താ ഒന്നും മിണ്ടാത്തത് ?”
              “ഒന്നുമില്ല “
              “പിന്നെ?” അയാള്‍ റസിയയുടെ കണ്ണുകളിലേക്ക് നോക്കി
             “ ഞാന്‍ ഞാന്‍ ഉമ്മയ്ക്ക് വാക്ക്‌ കൊടുത്തുപോയി”
              “എന്ത് ?”
              “ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന്”
    നീണ്ട ഒരു നിശ്വാസത്തോടെ അവള്‍ പറഞ്ഞു .നസീര്‍ അവളുടെ മടിയില്‍ നിന്നെഴുനെട്ടു
             “ഉമ്മ അറിഞ്ഞോ ?”
             “ഊം “
             “ഇസഹാക്കിന്റെ ഉമ്മയോ ?”
             “ഊം “
             “എന്നിട്ട് ?” നസീര്‍ ആകാംഷയോടെ ചോദിച്ചു. ഞാന്‍  മുഖം പൊത്തി ഉറക്കെ കരഞ്ഞു
             “ഇക്ക ഇനി തമ്മില്‍ കാണേണ്ട ഒന്നും മിണ്ടുകേം വേണ്ട ഇനി എന്നെ വിളിക്കരുത് “
              “അസൂ......” നസീര്‍ ഞെട്ടലോടെ വിളിച്ചു
ഞാന്‍   ചാടിയെഴുനെട്ടു
               “ഞാന്‍ അസുവല്ല അസുവല്ല റസിയയാണ് എന്റെ ഇക്കാന്റെ മാത്രം റസിയ”
 റസിയയുടെ വാക്കുകള്‍ ആ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതായി നസീറിന് തോന്നി അവള്‍ വാതില്‍ തുറന്നു ഒരു കൊടുങ്കാറ്റ് കണക്കെ പുറത്തേക്ക് പോയി .ഞെട്ടലടങ്ങിയപ്പോള്‍ നസീര്‍ മുറിയിലെ മരുന്നുകളും തുണികളും തട്ടിത്തെറിപ്പിച്ചു നിലത്തേക്ക് വീണു ഉറക്കെയുറക്കെ കരഞ്ഞു
                     ---------------------------------------
              റസിയ വണ്ടിയിറങ്ങി പാടത്തിനരികിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ വീട്ടു മുറ്റത്ത്‌ ഉമ്മ അവളെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .അവള്‍ തെല്ല് ഭയത്തോടെ അകത്തേക്ക്‌ കയറാനൊരുങ്ങി
           “നില്‍ക്ക്   നീയ്‌ എവിടെ പോയി ?”
           “അത് കമ്പ്യൂട്ടര്‍കോഴ്സ് ചേരാന്‍”
 രാവിലെ പറഞ്ഞ കള്ളം ആ സമയത്തെ വിറയലിനേക്കാള്‍  കൂടുതല്‍ വിറയലോടെ വീണ്ടും പറഞ്ഞു .
          “ആര് പറഞ്ഞു കമ്പ്യൂട്ടര്‍ കോഴ്സിനു  ചേരാന്‍?”
          “ഇക്ക പറഞ്ഞിട്ടാണ്”
          “ആര് ഇസഹാക്കോ?”
          “ആ അതെ” ഞാന്‍  ധൈര്യം അഭിനയിച്ചുപറഞ്ഞു
ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു” ഇസഹക്കേ...”
ഞാന്‍  അമ്പരന്നു ഇക്ക വന്നുവോ
അയാള്‍ ഉമ്മറത്തേക്ക് വന്നു. ചാര് കസേരയിലിരുന്നു ശബ്ദമില്ലാതെ കരഞ്ഞ ബാപ്പയുടെ അടുത്ത് വന്നു ഇസഹാക്കിക്ക  ചോദിച്ചു
             “എന്തിനാ കരയുന്നേ ഇബടെ ആരെങ്കിലും മയ്യത്തായോ ?റ സിയയെ നോക്കി ചോദിച്ചു
             “നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയതോ ആരെയെങ്കിലും പഠിപ്പിക്കാന്‍ പോയതോ ?”
             “ഇക്ക! “
നസീറിന്റെ കത്തുകള്‍ ഇസഹാക്കിന്റെ കയ്യിലിരുന്നു പൊള്ളി അത് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഇസഹാക്ക് പറഞ്ഞു
               “പോക്കോ അവന്റെ കൂടെ എവിടെക്കാന്നു വെച്ചാ പോക്കോ ഇബിടെക്ക് കേറണ്ട നിന്നെ നമ്മള് മൊഴി ചൊല്ലിയിരിക്കണ്..”
 ഞാന്‍  നെഞ്ചത്തടിച്ച് കരഞ്ഞു.ഓടി ചെന്ന് അയാളുടെ കാല്‍ക്കല്‍ വീണു           
              “ഇക്ക ക്ഷമിക്കിക്ക പറയുമ്മ...... ഇക്കയോട് പറ എന്നോട് ക്ഷമിക്കാന്‍ പറ “
               “ഞാന്‍ പറഞ്ഞതല്ലേ നിന്നോട് ഞാന്‍ പറഞ്ഞതല്ലേ നീയ്‌ ചതിച്ചു എന്റെ മോനെ നീയ്‌ ചതിച്ചു”
മുറ്റത്ത് നിന്ന് കരഞ്ഞ റസിയയെ നോക്കി ഇസഹാക്ക് അലറി
               “ പോ......  കടന്നു പോകിനെടി”
 ഇസഹക്കിന്റെ അലറ്ച്ചയില്‍ എവിടെക്കെന്നില്ലത്ത്ത അവളുടെ ഓട്ടം കണ്ടു നില്‍ക്കാനാവാതെ ബാപ്പ അകത്തേക്ക് പോയി
                       ---------------------
ഓട്ടോയില്‍ കയറിയിട്ടും ഒന്നും മിണ്ടാതെയിരുന്ന അവളോട്‌ ഓട്ടോക്കാരന്‍ ചോദിച്ചു
               “ എവിടേക്ക?”
                “കെ എം ജി ഹോസ്പിറ്റലിലേക്ക് “
               “ഹോസ്പിറ്റലെത്തി...” അയാള്‍ പറഞ്ഞു.
 പടിയിറങ്ങി നസീറിന്റെ മുറി ലക്ഷ്യമാക്കി  ഓടി ഓടിച്ചെന്നു വാതില്‍ തുറന്നു നസീര്‍ കിടക്കുകയായിരുന്നു അയാളെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു      
                 “ഞാനിനി എന്ത് ചെയ്യും? എന്നെ ഇസഹാക്കിക്ക ഇറക്കി വിട്ടു ഞാനിനി എവിടെപോകും ....?”
നസീര്‍ അനങ്ങാതെയയപ്പോള്‍ ഞാന്‍ നോക്കി അയാള്‍ എഴുന്നേറ്റിരുന്നു .അയാള്‍ അവിടെ അടുത്ത് നിന്ന ഭാര്യയെ നോക്കി.   ഞാന്‍ ഞെട്ടി  പടച്ചോനെ...ലൈല !
               “ഇതാര്‍ ഇക്ക ?”
               “ആ എനിക്കറിയില്ല ..ഏതോ ഭ്രാന്തിയാണെന്ന് തോന്നുന്നു
              “ ഏതാ എന്താ വേണ്ടത് “ ലൈല ചോദിച്ച്
               “ഞാന്‍ ഞാന്‍”
               “ലൈല എന്തെങ്കിലും കൊടുത്തു പറഞ്ഞു വിട് “ നസീര്‍ പറഞ്ഞു
               “എന്താ ഇപ്പൊ കൊടുക്ക ..കാശ് എന്തെങ്കിലും കൊടുത്താലോ ? എന്തെങ്കിലും കഴിച്ചതാണോ വിശക്കുന്നുണ്ടോ? “
ലൈല ഓരോന്ന് ചോദിച്ചു .റസിയയുടെ കണ്ണില്‍ അമ്പരപ്പ് പടര്‍ന്നു ഇനി...ഇനിയെന്ത് ?ലൈല ബാഗില്‍നിന്നു കാശ് എടുക്കാന്‍ തിരക്കുകൂട്ടി . നസീര്‍ കുമ്പിട്ട തല നിവര്ത്തിയതെയില്ല ...ലൈല കാശ് എടുത്തു തിരിഞ്ഞപ്പോള്‍ റ സിയയെ കണ്ടില്ല
                “ആ കുട്ടി എവിടെ ? പോയോ ? “
                “ആ.... ആര്‍ക്കറിയാം നീ ആ മരുന്ന് ഇങ്ങു എടുക്കു” ഒന്നുമറിയാത്തവനെ പോലെ നസീര്‍ പെരുമാറി
                 “പാവം കണ്ടിട്ട് കൊള്ളാവുന്ന കുടുംബത്തിലേതാണെന്നു തോന്നുന്നു
                  “നീ എല്ലാരേം അങ്ങനെയങ്ങ് വിശ്വസിക്കണ്ട വല്ല കള്ളവും പറഞ്ഞു കേറിപ്പറ്റും എന്നിട്ട് കയില്‍ കിട്ടിയത് എടുത്തു കൊണ്ട് പോകും. വല്ലാത്ത കാലമാ......”
അതെ ആരെയും വിശ്വസിക്കാന്‍ പറ്റില്ല ............എവിടേക്ക് പോകുമെന്നറി യാതെ പുറത്തു നിന്ന് കരഞ്ഞ ഞാന്‍  മനസ്സില്‍ പറഞ്ഞു അതെ ആരെയും വിശ്വസിക്കാന്‍ പറ്റില്ല
                   ഞാന്‍ പുറത്തേക്ക് ഓടി . മുന്നില്‍ റെയില്‍ പാലമാണോ അഗതിമന്ദിരമാണോ അറിയില്ല.മരണം മാത്രമേ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നൊള്ളൂ ....”നീണ്ടു കിടക്കുന്ന റെയില്‍ പാളത്തിലൂടെ നടക്കുമ്പോഴും ഞാന്‍ ജീവിതത്തെ വെറുത്തിട്ടില്ലായിരുന്നു......എനിക്കാരുമില്ല എന്ന് തോന്നിയപ്പോള്‍ ....”അത് മുഴുവനാക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല
ഇനി ഞാന്‍ മരിച്ചാലും വേണ്ടില്ല മറ്റുള്ളവര്‍ക്ക് എന്‍റെ ജീവിതം ഒരു പാഠമാവണം”കണ്ണുകള്‍ തുടച്ചു അവള്‍ പറഞ്ഞു   
               ആ മരണം റസിയയെ വിഴുങ്ങിയിരുന്നെങ്കില്‍ റസിയ ഈ കഥ പറഞ്ഞു തരാന്‍ എന്‍റെ അരികില്‍ ഇരിക്കില്ലായിരുന്നു ട്രെയിന്‍ തട്ടി രണ്ടു കാലും നഷ്ടപ്പെട്ട് ജീവിതത്തെ ഇങ്ങനെ ശപിക്കില്ലായിരുന്നു .....എത്ര റസിയമാരെ ഞാനും നിങ്ങളും കാണാതെ പോയിരിക്കുന്നു .. എന്തെല്ലാം വാര്‍ത്തകള്‍ വന്നിരിക്കുന്നു .......എന്നിട്ടും  പലരും അക്കരപ്പച്ച തേടിയിറങ്ങുന്നു........ഞാന്‍ എന്‍റെ കഥയ്ക്കു വേണ്ടി പലതും അവളില്‍ നിന്ന് ചോദിച്ചറിയുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കുറ്റബോധം തോന്നിയിരുന്നു ഞാന്‍ ചില പത്രക്കാരെ പോലെ ...മരണവീട്ടില്‍ പോയി .”.ഒടുവില്‍ എന്ത് പറഞ്ഞു ,അയാളുടെ മരണശേഷം നിങ്ങള്‍ ആത്മഹത്യ ചെയ്യുമോ ? നിങ്ങള്ക്ക് ജീവിക്കണമെന്ന് തോന്നുന്നുണ്ടോ.”..എന്നൊക്കെ ചോദിക്കുന്നപോലെ യല്ലേ ഇതും എന്ന് തോന്നിയിരുന്നു .പക്ഷെ ഇപ്പോള്‍ അതില്ല ...ഞാന്‍ ഒരു കഥയാണ് എഴുതുന്നതെങ്കിലും ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണ്.....വഴിവിട്ട ജീവിതം നയിക്കുന്ന പലരും ഇത് വായിക്കണം ഭര്‍ത്താവിനേക്കാള്‍ സ്നേഹം കാമുകന്‍ തരും എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്....ഇവിടെ റസിയയ്ക്കു സ്വന്തം ശരീരം അവനു മുന്നുല്‍ അടിയറവു വയ്ക്കേണ്ടി വന്നില്ല ...പക്ഷെ മറ്റു പലര്‍ക്കും അതിനു ശേഷമാണു ആളുകളെ മനസിലാവുന്നത്... കഥയ്ക്ക് അവസാനം ഞാനെഴുതി ........
“ഇനിയെന്ത് എന്നാലോചിച്ചു അവള്‍ പുറത്തേക്കു നോക്കിയിരുന്നു ....മുറി വുണങ്ങാത്ത കാല്‍ ഇടയ്ക്കിടെ അവളെ പലതും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു
                           ശുഭം

കഥയെഴുതി തീര്‍ന്നപ്പോള്‍ തോന്നി ...ആര്‍ക്കാണ്?, എവിടെയാണ് തെറ്റ് പറ്റിയത്....?

1 അഭിപ്രായം:

lalunmc പറഞ്ഞു...

കഥ ഇഷ്ടായി സഖേ ... അഭിനന്ദനങ്ങള്‍ .. തുടര്‍ന്നും എഴുതുക ...

കുറച്ച് പാട്ട് കേട്ടാലോ ?